അഴിമതിക്കേസില്‍ നെതന്യാഹുവിന് നേട്ടം

അഴിമതിക്കേസില്‍ നെതന്യാഹുവിന് നേട്ടം


ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. അദ്ദേഹത്തിനെതിരായ മൂന്ന് കേസുകളില്‍ ഏറ്റവും ഗുരുതരമായ കേസിലെ കുറ്റങ്ങള്‍ ഒഴിവാക്കാനും രണ്ടാമത്തെ കേസ് പുനഃപരിശോധിക്കാനും പ്രോസിക്യൂഷനോട് കോടതി നിര്‍ദേശിച്ചു. ബുധനാഴ്ചയാണ് നെതന്യാഹുവിന് അനുകൂലമായ നിരീക്ഷണങ്ങളുമായി വിചാരണക്കോടതി രംഗത്തെത്തിയത്.

വിചാരണയ്ക്ക് നേതൃത്വം നല്‍കുന്ന ജഡ്ജി റിവ്ക ഫ്രീഡ്മാന്‍- ഫെല്‍ഡ്മാന്‍, അറ്റോര്‍ണി ജനറല്‍ ഗാലി ബഹാരവ്- മിയാരയോടാണ് കേസ് നമ്പര്‍ 4000 ഒഴിവാക്കുന്ന കാര്യം പരിഗണിക്കാന്‍ ആവശ്യപ്പെട്ടത്. ഈ കേസില്‍ നെതന്യാഹുവിന് ശിക്ഷ ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍.

കൈക്കൂലി ആരോപണത്തില്‍ കാര്യമായ നിയമപ്രശ്‌നങ്ങളുണ്ടെന്നും ആരോപണം തെളിയിക്കാന്‍ ആവശ്യമായ തെളിവുകളുടെ അടിത്തറ പര്യാപ്തമാണോ എന്നതില്‍ ഗൗരവമായ സംശയമുണ്ടെന്നും കോടതി വക്താവ് അറിയിച്ചു.

നെതന്യാഹുവിന്റെ സുഹൃത്തും ശതകോടീശ്വരനുമായ ഷൗല്‍ എലോവിച്ചിന്റെ ഉടമസ്ഥതയിലുള്ള ബെസെക് ടെലികോം കമ്പനിക്ക് ഒരു ബില്യണ്‍ ഷെക്കലിലധികം (ഏകദേശം 30 കോടി ഡോളര്‍) മൂല്യമുള്ള നിയന്ത്രണപരമായ ആനുകൂല്യങ്ങള്‍ നെതന്യാഹു അനുവദിച്ചെന്നാണ് കേസ് നമ്പര്‍ 4000-ലെ പ്രോസിക്യൂഷന്‍ ആരോപണം.

ബെസെക്കിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന വാല  വാര്‍ത്താ വെബ്‌സൈറ്റില്‍ തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് ആനുകൂല്യങ്ങള്‍ നല്‍കിയതെന്നാണ് ആരോപണം.

ഈ കേസില്‍ കൈക്കൂലി, വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിരുന്നത്.

കോടതിയുടെ നിര്‍ദേശം അന്തിമ വിധിയോ കുറ്റവിമുക്തമാക്കലോ അല്ലെന്ന് കോടതി പ്രത്യേകം വ്യക്തമാക്കി. എങ്കിലും നെതന്യാഹുവിന് നിയമപരവും രാഷ്ട്രീയവുമായ വലിയ ആശ്വാസമാണ് കോടതി നിരീക്ഷണം നല്‍കുന്നത്.

കോടതിയുടെ നിരീക്ഷണത്തെ നെതന്യാഹുവിന്റെ രാഷ്ട്രീയ സഖ്യകക്ഷികള്‍ സ്വാഗതം ചെയ്തു. വര്‍ഷങ്ങളായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ നടക്കുന്ന വേട്ടയാടല്‍ അവസാനിപ്പിക്കേണ്ട സമയമായെന്ന് പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പ്രതികരിച്ചു.

തുടക്കം മുതല്‍ തന്നെ വിവാദങ്ങള്‍ നിറഞ്ഞ വിചാരണ ഇസ്രയേല്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയും രാജ്യത്തിന് വലിയ വില നല്‍കേണ്ടിവരികയും ചെയ്തുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

നീതിന്യായമന്ത്രി യാരിവ് ലെവിനാകട്ടെ  നെതന്യാഹുവിന്റെ പഴയൊരു സമൂഹമാധ്യമ പോസ്റ്റ് പങ്കുവെച്ചാണ് പ്രതികരിച്ചത്. 'ഒന്നും സംഭവിക്കില്ല, കാരണം ഒന്നുമില്ല' എന്നായിരുന്നു പോസ്റ്റിലെ പരാമര്‍ശം. അഴിമതിക്കേസുകള്‍ ആരംഭിച്ച കാലത്ത് നെതന്യാഹുവിന്റെ പ്രധാന വാദങ്ങളിലൊന്നായി ഇത് മാറിയിരുന്നു.

താന്‍ നിരപരാധിയാണെന്ന് തുടക്കംമുതല്‍ അവകാശപ്പെടുന്ന നെതന്യാഹു തനിക്കെതിരായ നടപടികളെ രാഷ്ട്രീയ പ്രേരിതമായ വേട്ടയാടലെന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

സാധാരണയായി വിചാരണയില്‍ നേരിട്ട് പങ്കെടുക്കാറില്ലാത്ത അറ്റോര്‍ണി ജനറല്‍ ബഹാരവ്- മിയാരയെ ബുധനാഴ്ചത്തെ വാദം കേള്‍ക്കലിനായി കോടതി വിളിച്ചുവരുത്തിയിരുന്നു. കോടതിയുടെ എല്ലാ നിര്‍ദേശങ്ങളും പ്രോസിക്യൂഷന്‍ സംഘവുമായി ചേര്‍ന്ന് വിശദമായി പരിശോധിക്കുമെന്ന് അവര്‍ അറിയിച്ചു.

വിധിയിലൂടെയോ കുറ്റകൃത്യങ്ങളുടെയും അവയുടെ സ്വഭാവത്തിന്റെയും ഗൗരവം പ്രതിഫലിപ്പിക്കുന്ന ഉചിതമായ കുറ്റസമ്മത കരാറിലൂടെയോ മാത്രമേ കേസിന് അന്ത്യം കുറിക്കാനാകൂവെന്നും അവര്‍ വ്യക്തമാക്കി.

കേസ് നമ്പര്‍ 2000 വീണ്ടും പരിശോധിക്കണമെന്നും കോടതി പ്രോസിക്യൂഷനോട് നിര്‍ദേശിച്ചു. ഇസ്രയേലിലെ പ്രമുഖ പത്രങ്ങളിലൊന്നില്‍ തനിക്ക് അനുകൂലമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് പകരമായി ആ പത്രത്തിന്റെ പ്രധാന എതിരാളിയായ മറ്റൊരു പ്രസിദ്ധീകരണത്തിന്റെ പ്രചാരം പരിമിതപ്പെടുത്താന്‍ നെതന്യാഹു ശ്രമിച്ചെന്നാണ് ഈ കേസിലെ ആരോപണം.

ഈ കേസില്‍ വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കുറ്റപത്രത്തില്‍ വിവരിച്ചിരിക്കുന്ന പ്രവൃത്തികള്‍ യഥാര്‍ഥത്തില്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമോ എന്ന കാര്യത്തില്‍ ഗൗരവമായ സംശയമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

കേസ് നമ്പര്‍ 1000 എന്നറിയപ്പെടുന്ന മൂന്നാമത്തെ കേസില്‍ പ്രോസിക്യൂഷനുമായി ധാരണയിലെത്താന്‍ നെതന്യാഹുവിന്റെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടു.

വിദേശ വ്യവസായികളില്‍നിന്ന് വിലകൂടിയ സിഗാറുകളും ഷാംപെയിനും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ സ്വീകരിച്ചുവെന്നതാണ് ഈ കേസിലെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് വഞ്ചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് നെതന്യാഹുവിനെതിരെ ചുമത്തിയിരിക്കുന്നത്.

കേസ് നമ്പര്‍ 4000-നെ അപേക്ഷിച്ച് താരതമ്യേന ഗൗരവം കുറഞ്ഞ കേസായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

മൂന്ന് അഴിമതിക്കേസുകളിലും അന്തിമവിധി വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ കോടതിയുടെ പുതിയ നിരീക്ഷണങ്ങള്‍ നെതന്യാഹുവിന് രാഷ്ട്രീയമായും നിയമപരമായും വലിയ ആശ്വാസമാണ് നല്‍കുന്നത്. എന്നാല്‍ കേസുകളുടെ ഭാവി സംബന്ധിച്ച അന്തിമ തീരുമാനം ഇനി പ്രോസിക്യൂഷന്റെയും കോടതിയുടെയും തുടര്‍നടപടികളെ ആശ്രയിച്ചിരിക്കും.