മുംബൈ: ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഉള്‍പ്പെടെയുള്ള ബിസിനസ് സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മലബാര്‍ ഗ്രൂപ്പ് 21,000 പെണ്‍കുട്ടികള്‍ക്ക് 16 കോടി രൂപയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. മലബാര്‍ ഗ്രൂപ്പ് നടപ്പാക്കിവരുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ദേശീയ തലത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലായി മാറുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം മുംബൈ ബി കെ സിയിലെ ഭാരത് ഡയമണ്ട് ബോഴ്‌സില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ പി അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ അഷര്‍, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ കെ നിഷാദ്, മഹേന്ദ്രാ ബ്രദേഴ്സ് ഡയറക്ടര്‍ ഷൗനക് പരീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ലോകത്ത് മാറ്റം കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വിദ്യാഭ്യാസമെന്നും അതിലൂടെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടുന്നതിന് അവര്‍ക്ക് മുന്നിലുള്ള തടസ്സങ്ങള്‍ നീക്കി അഭിലാഷങ്ങള്‍ നിറവേറ്റാനും സമൂഹത്തിന് അര്‍ഥപൂര്‍ണ്ണമായ സംഭാവനകള്‍ നല്‍കാനും അവരെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ കൊണ്ട് മലബാര്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചത് മുതല്‍ തന്നെ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. 1999ല്‍ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കിവരുന്നുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ അഞ്ച് ശതമാനം ഇതിന് വേണ്ടി നീക്കിവെയ്ക്കുന്നുണ്ട്. 2007 മുതലാണ് പെണ്‍കുട്ടികള്‍ക്കായി ദേശീയ സ്‌കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയില്‍ ഉടനീളം 95,000ത്തില്‍ അധികം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായി 60 കോടിയിലേറെ രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമെ മലബാര്‍ ഗ്രൂപ്പിന്റെ സി എസ് ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന 'ഹംഗര്‍ ഫ്രീ വേള്‍ഡ്' പദ്ധതി. ഇത് പ്രകാരം ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ 80 നഗരങ്ങളിലായി ദിനംപ്രതി 50,000 പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദിനംപ്രതി 10,000 ഭക്ഷണപ്പൊതികളും നല്‍കുന്നുണ്ട്. 200 കേന്ദ്രങ്ങളിലായി ദിനംപ്രതി ഒരു ലക്ഷം ആളുകള്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കാനാണ് മലബാര്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
സമൂഹത്തിലെ നിര്‍ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി താമസിപ്പിച്ച് സംരക്ഷിക്കുന്നതിനായി 'ഗ്രാന്റ്മാ ഹോം' പദ്ധതിയും മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലും ഹൈദരാബാദിലുമാണ് ഇപ്പോള്‍ 'ഗ്രാന്റ്മാ' ഹോമുകളുള്ളത്. കേരളത്തിലെ പ്രധാന നഗരങ്ങളിലും ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും കൂടി ഗ്രാന്റ്മാ ഹോമുകള്‍ ഉടന്‍ സ്ഥാപിക്കും.
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സി എസ് ആര്‍ പദ്ധതികളില്‍ നിര്‍ധനര്‍ക്കുള്ള ചികിത്സാ സഹായം, ഭവന നിര്‍മ്മാണത്തിനുള്ള സഹായം, നിര്‍ധന യുവതികള്‍ക്ക് വിവാഹത്തിനുള്ള ധനസഹായം തുടങ്ങിയവയും ഉള്‍പ്പെടുന്നുണ്ട്. വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ക്കായി മലബാര്‍ ഗ്രൂപ്പ് 263 കോടിയിലധികം രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് 1993ല്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡമണ്ട്സ്. 6.2 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യു എസ് എ, യു കെ, കാനഡ, ഓസ്ട്രേലിയ എന്നീ മേഖലകളിലെ 13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 360ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്.
4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 21,000-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്.