മിസ്സോറി സിറ്റി: കമ്മ്യൂണിറ്റി സെന്ററില്‍ തിങ്ങി നിറഞ്ഞ സമൂഹത്തിലെ നാനാതുറയിലെയും ജനങ്ങളുടെ ഹര്‍ഷാരവങ്ങള്‍ ഏറ്റുവാങ്ങി തുടര്‍ച്ചയായി മൂന്നാം തവണയും മിസ്സോറി സിറ്റിയുടെ മേയറായി റോബിന്‍ ജെ ഇലക്കാട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. മിസ്സോറി സിറ്റിയുടെ ചരിത്രത്തില്‍ ഒരു സൗത്ത് ഏഷ്യന്‍ വംശജന്‍ ആദ്യമായി നേടിയ ഈ ഹാട്രിക് വിജയത്തിന്റെ അഭിമാന നിമിഷങ്ങള്‍ക്ക് സാക്ഷികളാകാന്‍ കമ്മ്യൂണിറ്റിയിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളായത്, റോബിന്‍ എന്ന ജനപ്രതിനിധി മിസ്സോറിയിലെ ജനങ്ങളുടെ ഇടയില്‍ നടത്തിയ
കര്‍മ്മനിരതമായ ക്ഷേമ പ്രവര്‍ത്തനങ്ങളുടേയും ജനകീയ ഇടപെടലുകളുടെയും പ്രതിഫലനമാണ്.
ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷികളാകുവാന്‍ മേയറുടെ കുടുംബാംഗങ്ങള്‍ക്ക് ഒപ്പം വിശിഷ്ടാതിഥികള്‍, നേതാക്കള്‍, സഹപ്രവര്‍ത്തകര്‍, മിസ്സോറി സിറ്റിയിലെ മറ്റ് സ്ഥിരതാമസക്കാര്‍ തുടങ്ങി അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലത്തില്‍ നിരന്തരം ബന്ധപ്പെടുന്ന ഒട്ടനവധി പേര്‍ എത്തിയിരുന്നു. 2020 -2022 കാലഘട്ടത്തിലേക്ക് ആദ്യമായി മേയറായി തെരെഞ്ഞെടുക്കപ്പെട്ട റോബിന്‍ വീണ്ടും തുടര്‍ വിജയങ്ങള്‍ 2022-2025, 2025- 2028 വര്‍ഷങ്ങളിലും ആവര്‍ത്തിക്കുമ്പോള്‍, അതൊരു ചരിത്ര സംഭവമായി മാറിയിരിക്കുന്നു.
ജനപിന്തുണയിലും വര്‍ധന
ഈ ഹാട്രിക് വിജയം കൃത്യമായി പരിശോധിക്കുമ്പോള്‍, തെരഞ്ഞെടുപ്പ് കണക്കുകളിലും റോബിന്‍ എലക്കാട്ടിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടായത് ഈ വിജയത്തിന്റെ മാറ്റ് കൂട്ടുന്നു. ശക്തനായ എതിരാളി ഉയര്‍ത്തിയ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് താന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെയും ക്ഷേമ പദ്ധതികളുടെയും കരുതലിന്റെയും കണക്കുകള്‍ ജനങ്ങളില്‍ എത്തിച്ച്, വേറിട്ട ഇലക്ഷന്‍ എന്‍ജിനിയറിംഗ് രൂപപ്പെടുത്തിക്കൊണ്ടാണ് ഇക്കുറി അദ്ദേഹം ഈ തെരഞ്ഞെടുപ്പിനെ സമീപിച്ചത്. തുടര്‍ച്ചയായ മൂന്നാം വിജയത്തിലൂടെ മിസ്സോറി സിറ്റി എന്ന തട്ടകത്തിന് പുറത്തേക്കും ഈ വിജയം അലയടിക്കുമ്പോള്‍ ആ നഗരത്തിലെ വോട്ടര്‍മാരുടെ മൂല്യാധിഷ്ടിതമായ നിലപാടുകളും ആവാസ വ്യവസ്ഥയിലെ വിശാലമായ കാഴ്ചപ്പാടിന്റെയും പാരസ്പര്യത്തിന്റെയും സുദൃഢമായ ഇഴചേരലും അടിവരയിടുകയാണ്. എലക്കാട്ടിന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തതും കേരളത്തില്‍ നിന്നും കുടിയേറിയ, സിറ്റിയിലെ 240-ാം ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ കെ പട്ടേല്‍ ആയിരുന്നു എന്നതും അപൂര്‍വ്വ കാഴ്ച്ചയായി. തന്റെ അനുമോദന പ്രസംഗത്തില്‍ പട്ടേല്‍ മേയര്‍ റോബിന്‍ നടത്തിയിട്ടുള്ള സമഗ്രമായ കര്‍മ്മ പദ്ധതികളെക്കുറിച്ച് വളരെ വൈകാരികമായിട്ടാണ് സംസാരിച്ചത്.
ഈ വിജയം, തന്റെ ഓരോ ചുവടുവെയ്പ്പിലും താങ്ങും തണലുമായി കൂടെ നില്‍ക്കുന്ന ഭാര്യ റ്റീനക്കും മക്കളായ ലിയാക്കും കയ്റ്റ്‌ലിനും കൂടി അവകാശപ്പെട്ടതാണെന്നും തന്റെ എല്ലാ ജീവിത വിജയങ്ങളുടെയും അടിസ്ഥാന കാരണം അവരുടെ കലവറയില്ലാത്ത പിന്തുണ ഒന്നുകൊണ്ട് കൊണ്ട് മാത്രം സാധ്യമായതെന്നും റോബിന്‍ സാക്ഷ്യപ്പെടുത്തുന്നു.
മേയറുടെ ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍
തന്റെ മറുപടി പ്രസംഗത്തില്‍ മിസ്സോറി സിറ്റിയുടെ മേയറായി തന്നെ മൂന്നാമതും തെരഞ്ഞെടുത്ത സുമനസ്സുകളായ എല്ലാ സമ്മതിദായകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിച്ചുകൊണ്ടാണ് റോബിന്‍ സംസാരിച്ചു തുടങ്ങിയത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും തന്നോടൊപ്പം നിന്നെന്നും അവര്‍ തന്നില്‍ അര്‍പ്പിച്ച അചഞ്ചലമായ വിശ്വാസത്തിനും പ്രതീക്ഷക്കും ഒപ്പം അവരോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചവര്‍, പ്രാര്‍ഥിച്ചവര്‍, എല്ലാവരെയും അദ്ദേഹം നന്ദിയോടെ ഓര്‍ത്തു. സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഏറെ ദൂരം യാത്ര ചെയ്ത് എത്തിയ മുന്‍ കോട്ടയം എം പിയും രാഷ്ട്രീയ ഗുരുവുമായ തോമസ് ചാഴികാടന്റെ സാന്നിധ്യത്തിനും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.
നവീനമായ ആശയങ്ങള്‍... വികസനോന്മുഖ നിലപാടുകള്‍...
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, പഴഞ്ചന്‍ ആശയങ്ങളുടെ പിന്തുടര്‍ച്ചക്കാരന്‍ ആകാന്‍ തനിക്കാവില്ല എന്ന തുറന്ന പ്രഖ്യാപനവുമായി മിസ്സോറി സിറ്റിയുടെ മേയറായി അധികാരത്തിലേറിയ റോബിന്‍ എലക്കാട്ട്, തന്റെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളില്‍ എല്ലായിപ്പോഴും ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ നിതാന്ത പരിശ്രമം നടത്തിയിട്ടുള്ള പൊതുപ്രവര്‍ത്തകനാണ്. കാലഘട്ടം അനുശാസിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടും പുതിയ തലമുറയുടെ ഗതിവിഗതികള്‍ കൃത്യമായി നിരീക്ഷിച്ചുകൊണ്ടും മിസ്സോറി സിറ്റിയുടെ കര്‍മ്മ മണ്ഡത്തില്‍ വ്യാപരിക്കുന്ന മേയറാണ് റോബിന്‍. അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും സാമൂഹ്യമായി പിന്നോക്കാവസ്ഥയിലുള്ളവരുടെ പരിരക്ഷയുമാണ് തന്റെ പ്രഥമ പരിഗണനാ വിഷയമായി അദ്ദേഹം കാണുന്നത്. മിസ്സോറി സിറ്റിയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഐക്യവും പാരസ്പര്യം അഭങ്കുരം മുന്നോട്ട് കൊണ്ടുപോകുവാന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
