ന്യൂ യോര്‍ക്ക്: ക്രിസ്തുമസിന്റെ ഉല്‍സാവോല്ലാസവും കൂട്ടായ്മയുടെ മാധുര്യവും ആത്മീയ സായൂജ്യവും നിറഞ്ഞ അന്തരീക്ഷത്തില്‍ ന്യൂ യോര്‍ക്ക് പ്രദേശത്തെ ലത്തീന്‍ ആരാധനാ ക്രമം പിന്തുടരുന്ന മലയാളികള്‍ നവവത്സര പിറവിയെ വരവേറ്റു. ബ്രൂക്ലിന്‍ രൂപതയുടെ ഇന്ത്യന്‍ അപോസ്‌തോലേറ്റിന്റെ ആത്മീയ നേതൃത്വത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി അതിന്റെ പുതിയ സാരഥികള്‍ക്ക് ചുമതല ഏല്പിക്കുന്നതിനും ഈ അവസരം വേദി ആയി.
മൂന്നു ദശവത്സരത്തിലധികം മലയാളി കത്തോലിക്കര്‍ക്ക് ആത്മീയ വേദി ആയി നിലനിന്ന ക്യൂന്‍സ് ഫ്‌ലോറല്‍ പാര്‍ക്കിലെ ഔര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയില്‍ ബ്രൂക്ലിന്‍ രൂപതയുടെ ഇന്ത്യന്‍ അപോസ്‌തോലേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. റോബര്‍ട്ട് അമ്പലത്തിങ്കലിന്റെയും ബ്രൂക്ലിന്‍ രൂപതയുടെ പെര്‍മനെന്റ് ഡീക്കന്‍ ടിം ഗ്ലാഡ്‌സണ്‍ ചെറിയപറമ്പിലിന്റെയും നേതൃത്വത്തില്‍ 2025ന്റെ അവസാന സായാഹ്നത്തില്‍ നടത്തിയ ധ്യാന നിര്‍ഭരമായ ആരാധനയും ദിവ്യബലിയും പുതുവത്സരപ്പിറവിയാഘോഷത്തിന്റെ പ്രാരംഭമായിരുന്നു. പിന്‍വര്‍ഷത്തില്‍ സമൂഹത്തിനു വേണ്ടി സ്വന്തം സമയവും ഊര്‍ജ്ജവും നിസ്വാര്‍ത്ഥമായി സേവനത്തിനു മാത്രമായി ചെലവഴിച്ച 2025 പ്രവര്‍ത്തക സമിതിയെ ഫാ. അമ്പലത്തിങ്കല്‍ പ്രശംസിക്കുകയും നന്ദി അര്‍പ്പിക്കുകയും ചെയ്തു.
2026പ്രവര്‍ത്തന വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട പുതിയ സമിതിക്ക് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് അദ്ദേഹം അംഗങ്ങളെ പ്രാര്‍ത്ഥനാനുഗ്രഹങ്ങളോടെ ചുമതല ഏല്‍പ്പിച്ചു. പ്രീജിത് പൊയ്യത്തുരുത്തി, സജിത്ത് പനയ്ക്കല്‍ (കോ ഓര്‍ഡിനേറ്റര്‍മാര്‍), ബിന്ദു കോയിപ്പറമ്പില്‍, ഷീബ ഗ്ലാഡ്‌സണ്‍, അജിത് കുമാര്‍, തങ്കകുട്ടന്‍ ക്ലെമെന്റ്, സിതാര കോടകുത്തുംപറമ്പില്‍, അലന്‍ അലക്‌സ്, നിഷ ജൂഡ്, ഡീക്കന്‍ ടിം ഗ്ലാഡ്‌സണ്‍ ചെറിയപറമ്പില്‍ എന്നിവര്‍ അടങ്ങുന്ന പുതിയ പ്രവര്‍ത്തക സമിതി കമ്മ്യൂണിറ്റിയുടെ ആല്മീയവളര്‍ച്ചയ്ക്ക് പിന്തുണ നല്‍കി, സാംസ്‌കാരിക പൈതൃകം നില നിര്‍ത്തി മുഖ്യധാരാ കത്തോലിക്കാ ജീവിതത്തില്‍ സമന്വയിപ്പിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കും.
ഇന്ത്യന്‍ കത്തോലിക്കാ സമൂഹ വിഭാഗത്തിലെ ലത്തീന്‍ ക്രമം പിന്തുടരുന്ന മലയാളികള്‍ കഴിഞ്ഞ കാല്‍ ശതാബ്ദമായി രൂപതയുടെ നേതൃത്വത്തില്‍ അവരുടെ കൂട്ടായ്മ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യധാരയില്‍ ഉദ്ഗ്രഥനം ചെയ്യുന്നതിന് പിന്തുണയ്ക്കുന്നതിനൊപ്പം സമൂഹ വിഭാഗത്തിന്റെ ഭാഷാസാംസ്‌കാരികതയിലെ സമ്പന്നമായ പാരമ്പര്യങ്ങള്‍ കൂട്ടായ്മയുടെ ബലത്തില്‍ പങ്കിട്ടാഘോഷിക്കുന്നതിനും വളര്‍ന്നു വരുന്ന കുട്ടികളില്‍ ആ ആഘോഷങ്ങളുടെ മാധുര്യം പകരുന്നതിനും അത് വളരെയധികം സഹായിക്കുന്നുണ്ട്. മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച വൈകുന്നേരം ആറര മണി മുതല്‍ ഔര്‍ ലേഡി ഓഫ് ദി സ്‌നോസ് പള്ളിയും അതിന്റെ പാരിഷ് ഹാളും ഈ ചെറിയ കമ്യൂണിറ്റിക്കു വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. മലയാളത്തില്‍ ദിവ്യബലിക്ക് ശേഷം അവര്‍ പാരിഷ് ഹാളില്‍ ഒത്തുചേര്‍ന്ന് സൗഹൃദവും അത്താഴവും പങ്കിടും. ഒപ്പം കുട്ടികള്‍ക്ക് പരസ്പരം കളിച്ചു വളരുന്നതിനും അവസരം സൗകര്യമാകുന്നു.
ബാലികമാരും ദമ്പതിമാരും പ്രത്യേകം പ്രത്യേകം നടത്തിയ നൃത്തങ്ങളും ജോണ്‍ പനക്കല്‍ അവതരിപ്പിച്ച മാജിക് ഷോയും വനിതകളുടെ ഫാഷന്‍ ഷോയും ബാലികാബാലന്മാരുടെ നേറ്റിവിറ്റി ടാബ്ലോയും സ്വാദിഷ്ടമായ നാടന്‍ ഭക്ഷണവും പുതുവത്സര പിറവിക്കു വേണ്ടിയുള്ള കാത്തിരിപ്പിന് ആര്‍ജ്ജവം നല്‍കി
ന്യൂ യോര്‍ക്കിലെ മലയാളി ലത്തീന്‍ കത്തോലിക്കര്‍ നവവത്സരാഗമനം ആഘോഷിച്ചു
