ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ലോകമെമ്പാടും പിതൃദിനമായി ആചരിക്കുമ്പോള്‍, എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഓര്‍മ്മകളുടെ ഒരു വലിയ ശൂന്യതയാണ്. കാരണം, വെറും ഒന്നര വയസ്സുള്ളപ്പോള്‍ എനിക്ക് എന്റെ പിതാവിനെ നഷ്ടപ്പെട്ടു. പിതാവ് എന്ന മൂന്നക്ഷരത്തിന്റെ അര്‍ഥമോ, ആ സ്‌നേഹത്തിന്റെ ആഴമോ രുചിച്ചറിയാന്‍ പ്രായം അനുവദിക്കാത്ത ഒരു മകന്‍! അതുകൊണ്ടുതന്നെ, മറ്റുള്ളവര്‍ തങ്ങളുടെ പിതാക്കന്മാരെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും അവരോടൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവെക്കുമ്പോഴും, ഈ ദിവസം എന്റെ പിതാവിനെ എങ്ങനെ സ്മരിക്കണം എന്നറിയാതെ ഞാന്‍ പലപ്പോഴും പകച്ചുനിന്നിട്ടുണ്ട്.
എന്നാല്‍, ആ ശൂന്യത എന്നെ ഒട്ടും തളര്‍ത്താതെ കാത്തുസൂക്ഷിച്ചത് എന്റെ മാതാവായിരുന്നു. പിതാവിന്റെയും അമ്മയുടെയും സ്‌നേഹവും കരുണയും സംരക്ഷണവും ഒരേപോലെ പകര്‍ന്നുനല്‍കിയാണ് അമ്മ എന്നെ വളര്‍ത്തിയത്. ഒരു പിതാവിന്റെ അഭാവം എന്റെ ജീവിതത്തില്‍ ഒരിടത്തും നിഴലിക്കാതിരിക്കാന്‍ അമ്മ കാട്ടിയ ആത്മധൈര്യവും ത്യാഗവും ചെറുതല്ല. എങ്കിലും, വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും സ്വന്തം പിതാവിന്റെ സ്‌നേഹം നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ എന്നൊരു നേര്‍ത്ത നൊമ്പരം ഉള്ളില്‍ ബാക്കിയായിരുന്നു.
പക്ഷേ, കാലം മുന്നോട്ടുപോയപ്പോള്‍, ജീവിത സാഹചര്യങ്ങള്‍ എന്നെ ഒരുപാട് മാറ്റിമറിച്ചു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, സമൂഹത്തിന്റെ വിവിധ തട്ടുകളിലുള്ള നിരവധി ആളുകളുമായി ഇടപഴകാന്‍ എനിക്ക് അവസരം ലഭിച്ചു. അവരുമായി സൗഹൃദം പങ്കുവെച്ചപ്പോഴാണ്, അവരുടെയൊക്കെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍, അവരെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതില്‍ അവരുടെ പിതാക്കന്മാര്‍ എത്രമാത്രം വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളതെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. മക്കളുടെ തണലായി, വഴികാട്ടിയായി, പ്രതിസന്ധികളില്‍ തളരാതെ താങ്ങിനിര്‍ത്തുന്ന കരുത്തായി പിതാക്കന്മാര്‍ നിലകൊള്ളുന്നത് ഞാന്‍ കണ്ടു.
ഈ അനുഭവങ്ങളില്‍ നിന്നാണ് ഒരുകാര്യം ഞാന്‍ തിരിച്ചറിഞ്ഞത്- പിതാവിന്റെ സ്‌നേഹത്തേക്കാള്‍ വലിയൊരു സ്‌നേഹം, അല്ലെങ്കില്‍ ആ സ്‌നേഹത്തെ കവച്ചുവെക്കുന്ന മറ്റൊന്ന് ഈ ലോകത്തിലില്ല. അതൊരു പ്രത്യേകതരം കരുതലിന്റെയും സുരക്ഷിതത്വത്തിന്റെയും സ്‌നേഹമാണ്.
എന്റെ ഭൗതികമായ പിതാവ് എനിക്ക് വളരെ നേരത്തെ നഷ്ടപ്പെട്ടുവെങ്കിലും, ഇന്ന് ഈ പിതൃദിനത്തില്‍ എനിക്ക് വലിയൊരു ആശ്വാസവും പ്രത്യാശയുമുണ്ട്. എന്നെ വഴിനടത്താനും, എന്റെ വീഴ്ചകളില്‍ താങ്ങാനും, സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കാനും ഭൗതികമായതിനപ്പുറം ഒരു 'വലിയ പിതാവ്' എനിക്കൊപ്പമുണ്ട് എന്ന വിശ്വാസമാണത്. ആ ദിവ്യമായ പിതൃത്വം നല്‍കുന്ന വലിയ ആശ്വാസവും ധൈര്യവുമാണ് എന്റെ ജീവിതത്തിന് ഇന്ന് ഏറ്റവും വലിയ പ്രത്യേകതയും അര്‍ഥവും നല്‍കുന്നത്.
സ്വന്തം പിതാവിന്റെ സ്‌നേഹത്തണലില്‍ ജീവിക്കാന്‍ ഭാഗ്യം ലഭിച്ച എല്ലാവര്‍ക്കും, ആ സ്‌നേഹത്തിന്റെ ഓര്‍മ്മകള്‍ നെഞ്ചിലേറ്റുന്നവര്‍ക്കും ഹൃദയം നിറഞ്ഞ പിതൃദിനാശംസകള്‍!
