അനധികൃത ചികിത്സ; മോഡലിന്റെ മരണത്തിന് കാരണക്കാരി ബ്യൂട്ടീഷ്യന് നാല് വര്‍ഷം തടവ്

അനധികൃത ചികിത്സ; മോഡലിന്റെ മരണത്തിന് കാരണക്കാരി ബ്യൂട്ടീഷ്യന് നാല് വര്‍ഷം തടവ്


കാലിഫോര്‍ണിയ: അമേരിക്കന്‍ ടെലിവിഷന്‍ താരം കിം കര്‍ദാഷിയാനുമായി രൂപസാദൃശ്യമുണ്ടെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്ന ഓണ്‍ലിഫാന്‍സ് മോഡല്‍ ക്രിസ്റ്റീന ആഷ്ടന്‍ ഗൂര്‍ക്കാനിയുടെ മരണത്തിന് കാരണമായ അനധികൃത സിലിക്കണ്‍ ബട്ട് ഇന്‍ജക്ഷന്‍ നല്‍കിയ ബ്യൂട്ടീഷ്യന് നാല് വര്‍ഷം തടവുശിക്ഷ.

ലൈസന്‍സില്ലാത്ത കോസ്‌മെറ്റോളജിസ്റ്റായ വിവിയന്‍ അലക്‌സാണ്ട്ര ഗോമസിനെയാണ് 2023 ഏപ്രിലില്‍ 34-കാരിയായ ക്രിസ്റ്റീന ആഷ്ടന്‍ ഗൂര്‍ക്കാനിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിച്ചതെന്ന് എന്‍ ബി സി ബേ ഏരിയയും സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിളും റിപ്പോര്‍ട്ട് ചെയ്തു.

കിം കര്‍ദാഷിയാന്റെ രൂപസാദൃശ്യം മൂലം വലിയ ഓണ്‍ലൈന്‍ ആരാധകവൃന്ദം സ്വന്തമാക്കിയിരുന്ന ഗൂര്‍ക്കാനി ഫ്‌ളോറിഡയില്‍ നിന്നെത്തിയ ഗോമസില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് അനധികൃത സിലിക്കണ്‍ ബട്ട് ഇന്‍ജക്ഷന്‍ സ്വീകരിച്ചത്.

സാന്‍ മാറ്റിയോ കൗണ്ടി ജില്ലാ അറ്റോര്‍ണി ഓഫീസ് മാര്‍ച്ചില്‍ പുറത്തുവിട്ട പ്രസ്താവന പ്രകാരം, അശ്രദ്ധ മൂലമുള്ള കൊലപാതകം നടത്തുകയും ലൈസന്‍സില്ലാതെ വൈദ്യശുശ്രൂഷ നടത്തുകയും ചെയ്ത കുറ്റങ്ങളില്‍ ഗോമസ് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി ഹോട്ടല്‍ മുറിയില്‍ വെച്ച് ഗ്ലൂട്ടിയല്‍ ഇന്‍ജക്ഷനുകള്‍ നല്‍കിയതിന് പിന്നാലെ ഗൂര്‍ക്കാനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും ശ്വാസതടസ്സത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഹൃദയസ്തംഭനമാണ് മരണകാരണമെന്നും ശരീരത്തിലെ രക്തപ്രവാഹത്തില്‍ സിലിക്കണ്‍ സാന്നിധ്യം കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു.

അനധികൃതമായി നല്‍കുന്ന ഇത്തരം ഇന്‍ജക്ഷനുകളില്‍ കൂടുതലായും സിലിക്കണ്‍ ഉപയോഗിക്കാറുണ്ടെന്നും ഇത് ശരീരത്തിനുള്ളില്‍ വ്യാപിച്ച് അണുബാധ, ശരീരഭാഗങ്ങളുടെ രൂപവൈകല്യം എന്നിവയ്ക്ക് കാരണമാകാമെന്നും പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. മൈക്കല്‍ കെ ഒബെങ് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിലിക്കണ്‍ രക്തക്കുഴലുകളിലേക്ക് കടന്നാല്‍ രക്തയോട്ടം തടസ്സപ്പെടുത്തി കോശനാശത്തിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗോമസ് ഉടന്‍ ഫ്‌ളോറിഡയിലേക്ക് മടങ്ങിയെങ്കിലും സാന്‍ മാറ്റിയോ കൗണ്ടി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് കാലിഫോര്‍ണിയയിലേക്ക് എത്തിക്കുകയുമായിരുന്നു.