റോം: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ട്രംപുമായുള്ള ബന്ധം മെച്ചപ്പെടുത്തി സ്വന്തം ജനപ്രീതി വർധിപ്പിക്കാനാണ് മെലോണി ശ്രമിക്കുന്നതെന്ന ട്രംപിന്റെ പരാമർശത്തിന് പിന്നാലെയാണ് ഇറ്റാലിയൻ നേതാവിന്റെ തിരിച്ചടി.
ഇറാനെതിരായ അമേരിക്കൻ സൈനിക നടപടികളെ ഇറ്റലി പിന്തുണച്ചില്ലെന്ന വിഷയത്തിൽ തുടങ്ങിയ അഭിപ്രായവ്യത്യാസമാണ് ഇരുനേതാക്കളും തമ്മിലുള്ള പുതിയ വാക്കേറ്റത്തിന് കാരണമായത്. ജി7 ഉച്ചകോടിക്കിടെ മെലോണി തനിക്കൊപ്പം ഫോട്ടോ എടുക്കാൻ പലതവണ ശ്രമിച്ചെന്നും ജനപ്രീതി കുറഞ്ഞതിനെ തുടർന്ന് അമേരിക്കയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ അവർ ശ്രമിക്കുകയാണെന്നുമായിരുന്നു ട്രംപിന്റെ ആരോപണം.
ഇതിന് മറുപടിയായി ഇൻസ്റ്റഗ്രാമിൽ പ്രസ്താവന പുറത്തിറക്കിയ മെലോണി, ട്രംപിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞു. 'പ്രസിഡന്റ് ട്രംപ്, കാരണമില്ലാത്ത ഇത്തരം ആക്രമണങ്ങൾ അർഥശൂന്യമാണ്. നിങ്ങളുമായി സൗഹൃദം പുലർത്തിയതുകൊണ്ട് എന്റെ ജനപ്രീതി കൂടിയിട്ടില്ല. അത് നിങ്ങളുമായുള്ള ബന്ധത്തെ ആശ്രയിച്ചുമല്ല,' മെലോണി വ്യക്തമാക്കി.
ഇറ്റാലിയൻ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നത് രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിലുള്ള തന്റെ നിലപാടുകൊണ്ടാണെന്നും അവർ കൂട്ടിച്ചേർത്തു. 'ഇറ്റലിയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള കഴിവാണ് എന്റെ ജനപ്രീതിയുടെ അടിസ്ഥാനം. അമേരിക്കൻ സൈനിക താവളങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിഷയത്തിലും ഞാൻ അതേ നിലപാടാണ് സ്വീകരിച്ചത്. നിലവിലുള്ള കരാറുകൾ മാനിക്കപ്പെടണം. ഞാൻ പ്രധാനമന്ത്രിയായിരിക്കുമ്പോൾ അവ ലംഘിക്കപ്പെടില്ല. ഇറ്റലി ഒരു പരമാധികാര രാഷ്ട്രമാണ്,' മെലോണി പറഞ്ഞു.
അമേരിക്കയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തിൽ പുതിയ സംഘർഷത്തിന് വഴിവെക്കുന്ന തരത്തിലാണ് ഇരുനേതാക്കളുടെയും പരസ്യ പ്രതികരണങ്ങൾ വിലയിരുത്തപ്പെടുന്നത്.
'എന്റെ ജനപ്രീതി ട്രംപിനെ ആശ്രയിച്ചല്ല'; അമേരിക്കൻ പ്രസിഡന്റിന് മറുപടിയുമായി ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി
