യുഎസ്-ഇറാൻ ചർച്ചകൾ ഞായറാഴ്ച സ്വിറ്റ്‌സർലൻഡിൽ; മധ്യസ്ഥരായി പാകിസ്ഥാനും ഖത്തറും

യുഎസ്-ഇറാൻ ചർച്ചകൾ ഞായറാഴ്ച സ്വിറ്റ്‌സർലൻഡിൽ; മധ്യസ്ഥരായി പാകിസ്ഥാനും ഖത്തറും


ടെഹ്രാൻ/വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണയ്ക്ക് വഴിയൊരുക്കുന്ന നിർണായക ചർച്ചകൾ ഞായറാഴ്ച സ്വിറ്റ്‌സർലൻഡിലെ ബുർഗൻസ്റ്റോക്കിൽ ആരംഭിക്കും. ഇസ്ലാമാബാദ് ധാരണാപത്രം (MoU) ഒപ്പുവെച്ചതിന് പിന്നാലെയാണ് സാങ്കേതിക തലത്തിലുള്ള ചർച്ചകൾ നടക്കുന്നതെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾക്കൊപ്പം പാകിസ്ഥാനും ഖത്തറും മധ്യസ്ഥരായി ചർച്ചകളിൽ പങ്കെടുക്കും. ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങൾക്കും മുന്നിലുള്ള 60 ദിവസത്തെ ചർച്ചാ കാലയളവിൽ ഇറാന്റെ ആണവ പദ്ധതി, സമ്പുഷ്ട യുറേനിയം ശേഖരത്തിന്റെ ഭാവി, ഉപരോധ ഇളവുകൾ തുടങ്ങിയ നിർണായക വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക.

അമേരിക്കൻ പ്രത്യേക ദൂതന്മാരായ സ്റ്റീവ് വിറ്റ്‌കോഫും ജാരഡ് കുഷ്‌നറും ഇതിനകം സ്വിറ്റ്‌സർലൻഡിൽ എത്തി സാങ്കേതിക ചർച്ചകൾക്ക് നേതൃത്വം നൽകുന്നുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതായും അടുത്ത ദിവസങ്ങളിൽ താനും സ്വിറ്റ്‌സർലൻഡിലേക്ക് പോകാനിടയുണ്ടെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി.

'ചർച്ചകൾ നല്ല രീതിയിൽ മുന്നേറുകയാണ്. ചില സാങ്കേതിക വിഷയങ്ങൾ ഇതിനകം ചർച്ച ചെയ്യപ്പെടുന്നുണ്ട്,' ഫോക്‌സ് ന്യൂസിനോട് സംസാരിക്കവെ വാൻസ് പറഞ്ഞു. നേരത്തെ വെള്ളിയാഴ്ച നടക്കാനിരുന്ന ചർച്ചകൾ അവസാന നിമിഷം മാറ്റിവച്ചിരുന്നു.

അതേസമയം, ധാരണാപത്രം ഇപ്പോഴും വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായിയുടെ മുന്നറിയിപ്പ് ഉദ്ധരിച്ച് ഇറാനിയൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ ഇറാന്റെ ചർച്ചാ സംഘം സ്വിറ്റ്‌സർലൻഡിലേക്ക് യാത്രതിരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധത്തിൽ പുതിയ അധ്യായത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അന്താരാഷ്ട്ര സമൂഹം ഈ ചർച്ചകളെ ഉറ്റുനോക്കുന്നത്. 60 ദിവസത്തെ ചർച്ചാ കാലയളവിനൊടുവിൽ സമഗ്ര സമാധാന കരാറിലെത്താനാകുമോയെന്നതാണ് ഇനി ശ്രദ്ധാകേന്ദ്രം.