മുംബൈ: മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിലെ മനാവത് തെഹ്‌സിലിലുള്ള പ്രശസ്തമായ യശ്വതി മാരുതി ക്ഷേത്ര സമുച്ചയത്തിൽ വൻ അപകടം. ക്ഷേത്രത്തിന് മുന്നിലുള്ള സഭാ മണ്ഡപം തകർന്നുവീണ് അഞ്ച് പേർ മരിച്ചതായാണ് പ്രാഥമിക വിവരം. ഏകദേശം 30 മുതൽ 40 വരെ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.
നിരവധി ഭക്തർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റവരെ പർഭാനി ജില്ലാ സിവിൽ ആശുപത്രിയിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്ന് ഭയപ്പെടുന്നു. പരിക്കേറ്റവരുടെ എണ്ണം ഭരണകൂടം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഛത്രപതി സംഭാജിനഗറിൽ നിന്ന് ഏകദേശം 190 കിലോമീറ്റർ അകലെ യശ്വതി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ജില്ലാ ഭരണകൂടം, പോലീസ്, ദുരിതാശ്വാസ, രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി. യുദ്ധകാലാടിസ്ഥാനത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. "ക്ഷേത്രത്തിന്റെ 'സഭാ-മണ്ഡപ'ത്തിന്റെ (പുറം ഹാൾ) സ്ലാബ് ഉച്ചകഴിഞ്ഞ് 3.30 ഓടെ തകർന്നു. പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്," ഒരു പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിശദമായ വിവരങ്ങൾ ഉടൻ പങ്കുവെക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഹനുമാൻ ക്ഷേത്രം ആയതിനാലും ശനിയാഴ്ച ആയതിനാലും ധാരാളം ഭക്തർ തടിച്ചുകൂടിയിരുന്നു.
മഹാരാഷ്ട്രയിൽ ക്ഷേത്രത്തിന്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
