സ്വിറ്റ്‌സർലൻഡ് ചർച്ചയിൽ ഇറാനെ പ്രതിനിധീകരിച്ച് അറാഖ്ചിയും ഖാലിബാഫും; ഐഎഇഎ മേധാവിയും പങ്കെടുക്കും

സ്വിറ്റ്‌സർലൻഡ് ചർച്ചയിൽ ഇറാനെ പ്രതിനിധീകരിച്ച് അറാഖ്ചിയും ഖാലിബാഫും; ഐഎഇഎ മേധാവിയും പങ്കെടുക്കും


ടെഹ്രാൻ/ബുർഗൻസ്റ്റോക്ക്: അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക ചർച്ചകൾ ഞായറാഴ്ച സ്വിറ്റ്‌സർലൻഡിൽ ആരംഭിക്കാനിരിക്കെ ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറാഖ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും പങ്കെടുക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസങ്ങളിലായി നടന്ന എല്ലാ പ്രധാന ചർച്ചകളിലും ഇരുവരും ഇറാന്റെ ഭാഗത്തുനിന്ന് നിർണായക പങ്കുവഹിച്ചിരുന്നു.

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക ചർച്ചകൾക്ക് നേതൃത്വം നൽകാൻ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ (IAEA) മേധാവി റാഫേൽ ഗ്രോസ്സിയും സ്വിറ്റ്‌സർലൻഡിൽ എത്തിയിട്ടുണ്ട്. യുഎസും ഇറാനും തമ്മിൽ ഒപ്പുവെച്ച 14 ഇന ധാരണാപത്രപ്രകാരം, ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരത്തിന്റെ പരിശോധനയും നിരീക്ഷണവും ഐഎഇഎയ്ക്കായിരിക്കും.

അതേസമയം ഹോർമുസ് കടലിടുക്കിനെ ചൊല്ലി വീണ്ടും വിവാദം ഉയർന്നിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിലല്ലെന്നും അവിടെയുള്ള കപ്പൽഗതാഗതം നിരീക്ഷിച്ചുവരികയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. ശനിയാഴ്ച മാത്രം 55 വാണിജ്യ കപ്പലുകൾ കടലിടുക്ക് വഴി സഞ്ചരിച്ചതായും 1.7 കോടി ബാരലിലധികം എണ്ണ ആഗോള വിപണികളിലേക്ക് എത്തിച്ചതായും സെൻട്രകോം അറിയിച്ചു.

എന്നാൽ ഇസ്രയേൽ ലെബനന്റെ തെക്കൻ മേഖലയിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) അവകാശപ്പെട്ടു. വാണിജ്യ കപ്പലുകൾ കടലിടുക്കിലേക്ക് സമീപിക്കരുതെന്നും മുന്നറിയിപ്പ് നൽകി. 'ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്. ഈ മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പുനൽകാനാകില്ല,' എന്നായിരുന്നു ഐആർജിസിയുടെ പ്രസ്താവന.

ഹോർമുസ് കടലിടുക്കിന്റെ സ്ഥിതിയും ഇറാന്റെ ആണവ പദ്ധതിയും ചർച്ചകളിലെ പ്രധാന വിഷയങ്ങളാകുമെന്നാണ് സൂചന. ഇതിനിടെ, യുഎസ്–ഇറാൻ ധാരണയുടെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വം നിലനിൽക്കുന്നതായും ഇറാന്റെ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.