സൂറിച്ച്: പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രം നടപ്പാക്കുന്നതിനുള്ള ആദ്യഘട്ട സാങ്കേതിക ചര്‍ച്ചകള്‍ക്കായി ഇറാന്‍ പ്രതിനിധി സംഘം ശനിയാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെത്തി. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറും മുഖ്യ ചര്‍ച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഗര്‍ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഇറാനിയന്‍ സര്‍ക്കാര്‍ മാധ്യമമായ പ്രസ് ടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മിനാബ് സ്‌കൂള്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണാര്‍ഥം ഇറാന്‍ ചര്‍ച്ചാ സംഘത്തിന് 'മിനാബ് 168' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര വേദികളിലെ നയതന്ത്ര- രാഷ്ട്രീയ ഇടപെടലുകളില്‍ ഇറാന്‍ മുമ്പും ഈ സംഭവത്തെ പരാമര്‍ശിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര തിരിച്ചു. വാഷിങ്ടണും തെഹ്റാനും ഒപ്പുവെച്ച കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചകളുടെ പ്രധാന വിഷയമെന്ന് അദ്ദേഹം പറഞ്ഞു.
ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച വാന്‍സ് ഇറാന്റെ ആണവ പദ്ധതിയും ലെബനനിലെ വെടിനിര്‍ത്തലും ചര്‍ച്ചകളുടെ പ്രധാന അജണ്ടയായിരിക്കുമെന്ന് വ്യക്തമാക്കി. ചര്‍ച്ചകളില്‍ താന്‍ ദീര്‍ഘകാലം പങ്കെടുക്കില്ലെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള പ്രാഥമിക ധാരണയുടെ ഭാഗമായ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇസ്രായേലും ഹിസ്ബുല്ലയും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എങ്കിലും ലെബനനിലെ സാഹചര്യം സംബന്ധിച്ച് പ്രതീക്ഷയുണ്ടെന്ന് വാന്‍സ് വ്യക്തമാക്കി.
ഇസ്രായേലും ലെബനനും സുരക്ഷിതരായി തുടരുന്നുവെന്ന് ഉറപ്പാക്കാന്‍ സാഹചര്യം തുടര്‍ച്ചയായി കൈകാര്യം ചെയ്യേണ്ടിവരും. ഒരാള്‍ വെടിവെക്കുമ്പോള്‍ മറുവിഭാഗം തിരിച്ചടിക്കുന്നു. ഈ ചക്രം അവസാനിപ്പിച്ച് വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ മതിയായ സമയം ലഭ്യമാക്കുകയാണ് പ്രധാന വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പ്രതിനിധികളായ ജാരെഡ് കുഷ്നറും സ്റ്റീവ് വിറ്റ്‌കോഫും ഇതിനകം സ്വിറ്റ്‌സര്‍ലന്‍ഡിലെത്തി ചര്‍ച്ചകളുടെ സാങ്കേതിക വശങ്ങള്‍ കൈകാര്യം ചെയ്യുകയാണെന്നും വാന്‍സ് അറിയിച്ചു.
