നീറ്റ്‌യുജി പുനഃപരീക്ഷ ഞായറാഴ്ച; 1.38 ലക്ഷം സിസിടിവികളും 51,000 ജാമറുകളും, കർശന സുരക്ഷാ ക്രമീകരണങ്ങൾ

നീറ്റ്‌യുജി പുനഃപരീക്ഷ ഞായറാഴ്ച; 1.38 ലക്ഷം സിസിടിവികളും 51,000 ജാമറുകളും, കർശന സുരക്ഷാ ക്രമീകരണങ്ങൾ


ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് റദ്ദാക്കിയ നീറ്റ്‌യുജി പരീക്ഷയുടെ പുനഃപരീക്ഷ ഞായറാഴ്ച നടക്കും. രാജ്യത്തെ 22.79 ലക്ഷം വിദ്യാർഥികൾക്കായി നടത്തുന്ന പരീക്ഷയിൽ സുരക്ഷ ഉറപ്പാക്കാൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഇതുവരെ കാണാത്ത വിധം കർശന ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

പരീക്ഷാകേന്ദ്രങ്ങളിലായി 1,38,560 സിസിടിവി ക്യാമറകളും 51,311 ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ 95,000 പരീക്ഷാമുറികളിലും ഓരോ സിസിടിവി ക്യാമറ വീതം ഉണ്ടായിരിക്കും. ഓരോ മുറിയിലും രണ്ട് ഇൻവിജിലേറ്റർമാരെയും നിയോഗിച്ചിട്ടുണ്ട്. സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സംവിധാനവും സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കും.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 48,448 ജീവനക്കാരെ ബയോമെട്രിക് പരിശോധനയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മുഖം തിരിച്ചറിയൽ സംവിധാനത്തിന്റെ സഹായത്തോടെയാണ് പരിശോധന. കൂടാതെ 38,795 ഉദ്യോഗസ്ഥരെ വിദ്യാർഥികളുടെ ശരീര പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

പരീക്ഷയുടെ ഒഎംആർ ഷീറ്റുകൾ സുരക്ഷിതമായി ശേഖരിക്കാൻ രാജ്യത്താകമാനം 1,500 ബാങ്ക് ശാഖകളിൽ പ്രത്യേക ഉദ്യോഗസ്ഥരെയും 700 കേന്ദ്രങ്ങളിൽ തപാൽ വകുപ്പിന്റെ പ്രത്യേക സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനജില്ലാ ഭരണകൂടങ്ങൾ, പൊലീസ്, അർധസൈനിക വിഭാഗങ്ങൾ, ഇന്ത്യൻ വ്യോമസേന, തപാൽ വകുപ്പ് എന്നിവയും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണ്. ഓരോ പരീക്ഷാകേന്ദ്രത്തിലും 40 മുതൽ 50 വരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകും. പരീക്ഷയ്ക്ക് മന്നോടിയായി ജൂൺ 20ന് രാജ്യവ്യാപകമായി മോക്ക് ഡ്രില്ലും നടത്തി.

കടുത്ത ചൂട് കണക്കിലെടുത്ത് കുടിവെള്ളം, ഒആർഎസ്, ആംബുലൻസ്, തണൽ സൗകര്യം എന്നിവയും കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പ്രവേശന നടപടികൾക്കായി കൂടുതൽ സമയം അനുവദിച്ചിട്ടുള്ളതിനാൽ പരീക്ഷ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5.15 വരെ നടക്കും.

പരീക്ഷയുമായി ബന്ധപ്പെട്ട് പുതിയ ചോദ്യപേപ്പർ ചോർച്ചയൊന്നും ഉണ്ടായിട്ടില്ലെന്ന് എൻടിഎ വീണ്ടും വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും എൻടിഎ വിദ്യാർഥികളോടും രക്ഷിതാക്കളോടും അഭ്യർഥിച്ചു.