വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് 60 ദിവസത്തെ ചര്‍ച്ചാ കാലയളവിന് ശേഷം സേവനഫീസ് ഈടാക്കുമെന്ന ഇറാന്റെ പ്രഖ്യാപനത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 60 ദിവസത്തെ കാലാവധി അവസാനിച്ചതിന് ശേഷം യാതൊരു ടോളും ഉണ്ടാകില്ലെന്നും കരാര്‍ നടപ്പാകാതെ പോയാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയ സുരക്ഷാ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി യു എസ് തന്നെ ഫീസ് ഈടാക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ മുന്നറിയിപ്പ് നല്‍കി.
തെഹ്റാനും വാഷിങ്ടണും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെ ഇറാന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധിയും പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ഹോര്‍മുസ് കടലിടുക്ക് യുദ്ധത്തിന് മുമ്പുള്ള സാഹചര്യത്തിലേക്ക് തിരിച്ചുപോകില്ലെന്നും കടലിടുക്കിന്മേല്‍ ഇറാന് പരമാധികാരമുണ്ടെന്നും അതിനാല്‍ അതുവഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് സേവനഫീസ് ഈടാക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെ, തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാന്റെ സൈനിക കമാന്‍ഡ് ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൈവരിച്ച നയതന്ത്ര ധാരണയെ തന്നെ ഇത് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ലെബനനടക്കമുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന ധാരണാപത്രത്തിലെ ആദ്യ വ്യവസ്ഥ ഇസ്രായേല്‍ ലംഘിച്ചുവെന്നാണ് ഇറാന്റെ ആരോപണം. തെക്കന്‍ ലെബനനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ വിസമ്മതിക്കുകയും വ്യോമാക്രമണങ്ങള്‍ തുടരുകയും ചെയ്യുന്നത് കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് തെഹ്റാന്‍ ആരോപിച്ചു.
അതേസമയം ഉപരോധം നിലവിലില്ലെന്ന നിലപാടാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്വീകരിച്ചത്. ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം നിരീക്ഷണത്തോടെയെങ്കിലും തുടരുകയാണെന്നും ഇറാന്റെ പ്രഖ്യാപന ദിനത്തില്‍ മാത്രം 55 ചരക്കുകപ്പലുകള്‍ വിജയകരമായി കടലിടുക്ക് കടന്ന് 1.7 കോടി ബാരലിലധികം എണ്ണ അന്താരാഷ്ട്ര വിപണികളിലെത്തിച്ചതായും സെന്റ്‌കോം അറിയിച്ചു.
