കൊപ്പേല്‍/ ടെക്സാസ്: സെന്റ് അല്‍ഫോന്‍സ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഈ വര്‍ഷത്തെ ക്രിസ്മസ് ഫാമിലി ഡേ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രവും വര്‍ണ്ണാഭവുമായി. ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ 'നല്ലിടയന്‍' എന്ന നാടകം കാണികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയും ലീജിയന്‍ ഓഫ് മേരിയും സംയുക്തമായാണ് ഈ കലാവിരുന്ന് സംഘടിപ്പിച്ചത്. ഇരു സംഘടനകളും ചേര്‍ന്ന് ആദ്യമായി ഒരുക്കുന്ന നാടകം എന്ന പ്രത്യേകതയും ഇതിനുണ്ട്.
ജോജോ ആലൂക്ക രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തിന്റെ പിന്നണിയില്‍ ഡെന്നി എരിഞ്ചേരി (അസിസ്റ്റന്റ് ഡയറക്ടര്‍), സജേഷ് അഗസ്റ്റിന്‍ (റെക്കോര്‍ഡിംഗ് & മിക്‌സിംഗ്), ബെന്നി മറ്റക്കര (എഡിറ്റിംഗ്), സ്‌കറിയ ജേക്കബ് (സംഗീതം) എന്നിവര്‍ പ്രവര്‍ത്തിച്ചു. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, ജോസഫ് കുര്യന്‍ (സാജു കാര്യമ്പുഴ) എന്നിവരായിരുന്നു നാടകത്തിന്റെ കോര്‍ഡിനേറ്റര്‍മാര്‍. ഇടവകയിലെ തന്നെ മുതിര്‍ന്നവരും കുട്ടികളും അടങ്ങുന്ന വന്‍ കലാകാരനിരയാണ് നാടകത്തില്‍ വേഷമിട്ടത്.
അമേരിക്കയിലെ നാടകവേദികളില്‍ പ്രശസ്തനായ ബെന്നി മറ്റക്കരയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഫ്രാന്‍സിസ് സെബാസ്റ്റിനും അഭിനയത്തികവുകൊണ്ട് കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്കു വേണ്ടി പ്രസിഡന്റ് ഡേവിസ് വിനോദ്, സെക്രട്ടറി ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നിവരും ലീജിയന്‍ ഓഫ് മേരിക്കു വേണ്ടി പ്രസിഡന്റ് സെലിന്‍ ആലുങ്കല്‍, സെക്രട്ടറി മഞ്ജു പോള്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു
തിരുപ്പിറവിയുടെ സന്ദേശവും സ്‌നേഹവും പങ്കുവെച്ച ഫാമിലി ഡേ ആഘോഷങ്ങളില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോടെയും വിവിധ കലാപരിപാടികളോടെയും നടന്ന ഈ സംഗമം ഇടവകാംഗങ്ങള്‍ക്കിടയിലെ ഐക്യവും സന്തോഷവും വിളിച്ചോതുന്നതായി.
