പ്രവാസ ലോകത്തിന് ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി തൃശൂര്‍ പൂരം രണ്ടാം പതിപ്പ്

പ്രവാസ ലോകത്തിന് ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി തൃശൂര്‍ പൂരം രണ്ടാം പതിപ്പ്


ന്യൂയോര്‍ക്ക്: യു എസ് തൃശ്ശൂര്‍ പൂരത്തിന്റെ രണ്ടാം പതിപ്പ് പ്രവാസ ലോകത്തിന് നാടിന്റെ ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തുന്ന സാംസ്‌കാരിക വിരുന്നായി മാറി. ജാതിയും മതവും രാഷ്ട്രീയവും മറന്ന് ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുന്ന പൂരപ്പെരുമ ഒട്ടും ചോര്‍ന്നുപോകാതെയാണ് അന്യനാട്ടില്‍ പുനഃസൃഷ്ടിക്കപ്പെട്ടത്.

പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയിലും തങ്ങളുടെ വേരുകളും സംസ്‌കാരവും പുതിയ തലമുറയ്ക്ക് പകര്‍ന്നുനല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നാട്ടില്‍ നിന്ന് വരച്ചു തയാറാക്കി കൊണ്ടു വന്ന തെച്ചിക്കോട്ട് രാമചന്ദ്രന്‍ അടക്കമുള്ള ആനകളുടെ രൂപം യഥാര്‍ഥ കരിവീരന്‍മാരോടു കിടപിടിക്കുന്നതായി.

ചെറിയ രീതിയില്‍ ആരംഭിച്ച പൂരാഘോഷം ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്. കോര്‍ഡിനേറ്റര്‍മാരായ ജിനോ, ജോണ്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഒലിവിയ എന്നിവരുടെ നേതൃത്വത്തിലുള്ള ശക്തമായ അണിയറ പ്രവര്‍ത്തനമാണ് പരിപാടിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 1500-ലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. 

തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് ധനിഷ സാമിന്റെ ശ്രമഫലമായാണ് ഈ വമ്പന്‍ പരിപാടി യാഥാര്‍ഥ്യമായത്. തൃശൂര്‍ സ്വദേശിനിയായ ധനിഷ സ്വന്തം നാടിന്റെ സംസ്‌കാരം പ്രവാസി മലയാളികള്‍ക്ക് മാത്രമല്ല തദ്ദേശീയര്‍ക്ക് കൂടി കാണുന്നതിനും ആസ്വദിക്കുന്നതിനും വഴിയൊരുക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് പൂരവുമായി മുന്നിട്ടിറങ്ങിയത്. ഭര്‍ത്താവ് സാം സുരേന്ദ്രനും അസോസിയേഷനിലെ സഹപ്രവര്‍ത്തകരും കട്ടയ്ക്ക് നിന്നപ്പോള്‍ പൂരാവേശം യു എസില്‍ പെയ്തിറങ്ങി. കുടമാറ്റം ഒഴിച്ചുള്ള പൂര കാഴ്ചകള്‍ അക്ഷരാര്‍ഥത്തില്‍ ഹൂസ്റ്റണിനെ പൂര നഗരിയാക്കി മാറ്റി. ഡോ. സതീഷ്, സണ്ണി, ജോണ്‍ പോള്‍ (സുനില്‍), ജേക്കബ് കണ്ണമ്പുഴ എന്നിവരായിരുന്നു ക്ഷേത്രത്തിന്റെയും ആനകളുടെയും ചുമതലക്കാര്‍. ഭാര്യയുടെ സ്വപ്‌നം സഫലമാക്കാന്‍ രാപകല്‍ ഇല്ലാതെ ഓടി നടന്ന സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജോയിന്റ് സെക്രട്ടറി കൂടിയായ സാമിന് പരിപാടിയുടെ തകര്‍പ്പന്‍ വിജയം ഇരട്ടി മധുരമായി.

മാസങ്ങളായി ധനിഷയുടെ നേതൃത്വത്തില്‍ വലിയൊരു സംഘം നടത്തിയ കഠിനാദ്ധ്വാനമാണ് പൂരം യാഥാര്‍ഥ്യത്തില്‍ എത്തിച്ചത്. ആകാശത്ത് പൊട്ടിവിരിഞ്ഞ മായക്കാഴ്ചകളും മെഗ തിരുവാതിരയുമെല്ലാം ആയിരക്കണക്കിന് കാണികളെ ആവേശത്തിലാഴ്ത്തി.

പ്രവാസിയുടെ കഠിനാധ്വാനത്തിന്റെയും ഒത്തൊരുമയുടെയും നാടിനോടുള്ള അടങ്ങാത്ത പ്രണയത്തിന്റെയും പ്രതീകമായ ഈ പൂര നഗരിയില്‍ വെച്ച് രണ്ടാം വര്‍ഷ യു എസ് തൃശ്ശൂര്‍ പൂരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 

ജുഡീഷ്യല്‍ ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍, ജിജി ഓലിക്കന്‍, ഒനില്‍ കുറുപ്പ്, ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പരിപാടിയുടെ ഭാഗമായി യു എസിലെ മലയാളി കമ്മ്യൂണിറ്റിയിലെ പ്രധാന വ്യക്തിത്വങ്ങളെ ആദരിച്ചു. ധനിഷ സാമിന് പുറമെ ഭാരവാഹികളായ ലിന്റോ പുന്നേലി, ജോണ്‍ ആന്റണി, കിരണ്‍ ഡേ, മാത്യു എബ്രഹാം, ജിനോ ജോണ്‍സ് പള്ളത്ത്, ജോഷി ചാലിശ്ശേരി, സത്യ സതീഷ്, റെജി അമ്പൂക്കന്‍, ചിന്തു പ്രസാദ്, ജോണ്‍ പോള്‍, അജിത നവീന്‍, ഒലീവിയ വില്ല്യം, ശരത് കൊട്ടാരത്ത്, അതിഥി മേനോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് തൃശൂര്‍ അസോസിയേഷന്റെ സാരഥ്യം വഹിക്കുന്നത്.