തോമസ് തോമസിനെ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌മെമ്പര്‍ ആയി നിയമിച്ചു

തോമസ് തോമസിനെ ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്‌മെമ്പര്‍  ആയി നിയമിച്ചു


ന്യൂ യോര്‍ക്ക് : ഫൊക്കാനയുടെ പ്രധാന  ബോഡിയായ ട്രസ്റ്റീ ബോര്‍ഡില്‍ തോമസ് തോമസിനെ മെമ്പര്‍  ആയി നിയമിച്ചതായി ട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ജോജി തോമാസ് അറിയിച്ചു.  ട്രസ്റ്റീ ബോര്‍ഡ് മീറ്റിങ്ങില്‍ മുന്‍ പ്രസിഡന്റ് കൂടിയായ ജോര്‍ജി വര്‍ഗീസ്  ആണ്  തോമസ് തോമസിന്റെ പേര് നിര്‍ദ്ദേശിച്ചത് . വൈസ് ചെയര്‍ സതീശന്‍ നായര്‍, ട്രസ്റ്റീ സെക്രട്ടറി ബിജു ജോണ്‍ എന്നിവര്‍ പിന്താങ്ങുകയും ചെയ്തു .

ഫൊക്കാനക്കൊപ്പം കഴിഞ്ഞ 39 വര്‍ഷമായി യാത്ര ചെയ്യുന്ന ചുരുക്കം ചില നേതാക്കളില്‍  ഒരാളാണ് തോമസ് തോമസ്.   ആദ്യ ട്രഷറര്‍ എന്ന നിലയില്‍ സ്ഥാപക പിതാക്കന്മാരില്‍ ഒരാള്‍. ഇതുവരെയുള്ള എല്ലാ ഫൊക്കാന  കണ്‍വെന്‍ഷനുകളിലും പങ്കെടുത്ത  അപൂര്‍വ്വം ചില വ്യക്തികളില്‍  ഒരാളാണ്  തോമസ് തോമസ്.  ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ (ഫൊക്കാന ) രജിസ്റ്റര്‍ ചെയ്ത മൂന്നുപേരില്‍ ഒരാള്‍. അങ്ങനെ ഫൊക്കാനയുമായി വളരെ അധികം ബന്ധമുള്ള തോമസ് തോമസിനെ ട്രസ്റ്റീ ബോര്‍ഡ് മെംബെര്‍ ആയി നിയമിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന്  പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു.

ആദ്യ കമ്മിറ്റിയില്‍ ട്രഷറര്‍ സ്ഥാനത്തിരുന്ന തോമസ് തോമസ് പിന്നീട് ഒരു സാധാരണ  അംഗമായി പ്രവര്‍ത്തിച്ചു,ആവശ്യമായ സന്ദര്‍ഭങ്ങളിലൊക്കെ സംഘടനയ്ക്ക കൈത്താങ്ങായി. എന്നും മിതഭാഷിയായ  തോമസ് തോമസ്  ഫൊക്കാന കണ്‍വെന്‍ഷന്‍ വേദിയില്‍ എന്നും സജീവസാന്നിദ്ധ്യമാണ്.ജോര്‍ജി വര്‍ഗീസ് പ്രസിഡന്റ് ആയിരുന്നപ്പോള്‍ വൈസ് പ്രസിഡന്റ് ആയി വീണ്ടും ഫൊക്കാനയുടെ ഭാരവാഹിയായി,പിന്നട് നാഷണല്‍ കോര്‍ഡിനേറ്ററും  ഇപ്പോള്‍ ട്രസ്റ്റീ ബോര്‍ഡ് മെംബെറും ആയി.

1970 കളുടെ ആരംഭത്തില്‍ മലയാളികളുടെ കുടിയേറ്റം അമേരിക്കയില്‍ ശക്തമായി വരുന്ന കാലം . മലയാളികള്‍ എവിടെയെത്തിയാലും സംഘടന  രൂപീകരിക്കുന്നത് പതിവാണല്ലോ. എന്നാല്‍ ഈ സംഘടനകള്‍ക്ക് ഒരുമിച്ച് കാണാനോ, പൊതുവായ വിഷയത്തില്‍ ഒരു സമീപനം കാണാനോ , പൊതുവായ വിഷയത്തില്‍ ഒരുമിച്ച് നില്‍ക്കാനോ വേദിയുണ്ടായിരുന്നില്ല. അങ്ങിനെയാണ് അമേരിക്കയിലെ മലയാളി മലയാളികളുടെ സംഘടനകള്‍ക്ക് ഒരു പൊതു വേദിയുണ്ടാവണമെന്ന ചര്‍ച്ച ഉയര്‍ന്നത്. ഡോ അനിരുദ്ധന്റെ മനസില്‍ ഉരുത്തിരിഞ്ഞ ആശയമാണ് ഫൊക്കാനയെന്ന സംഘടനകളുടെ സംഘടന.അതിന്റെ പിന്നില്‍ തോമസ് തോമസിന്റെ പ്രവര്‍ത്തനവും ഉണ്ടായിരുന്നു.

ഹോട്ടല്‍ മാനേജ് മെന്റില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുള്ള അദ്ദേഹം വന്‍കിട ഹോട്ടലുകളില്‍ ജോലി ചെയ്യുകയും ,  ഹോളണ്ട് ഹോട്ടലിന്റെ  ജനറല്‍ മാനേജര്‍ പദവി വരെ എത്തുകയും ചെയ്ത വ്യക്തി ആണ് . കുറച്ചുകാലം റിയല്‍ എസ്റ്റേറ്റിലും പ്രവര്‍ത്തിച്ചു. ഇടക്ക് ചെമ്മീന്‍ ഇറക്കുമതിയിലേക്കും തിരിഞ്ഞുവെങ്കിലും 2000 ല്‍ ട്രോഫി വേള്‍ഡ് എന്ന സ്ഥാപനം ആരംഭിച്ചതോടെ മറ്റെല്ലാം  ഒഴിവാക്കി ഒറ്റ ബിസിനസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് . ഇന്ന് ഈ രംഗത്തെ അമേരിക്കയിലെ ഏക മലയാളീ സ്ഥാപനമായി ട്രോഫിവേള്‍ഡ് അറിയപ്പെടുന്നു. കൂടാതെ അമേരിക്കയില്‍ സാമുഖ്യ , സാംസ്‌കാരിക, രാഷ്ട്രീയ മേഘലകളില്‍ നിറസാന്നിധ്യവുമാണ് അദ്ദേഹം.

ട്രസ്റ്റീ ബോര്‍ഡ് ചെയര്‍  ജോജി തോമസ് , വൈസ് ചെയര്‍  സതീഷ് നായര്‍ , ട്രസ്റ്റീ സെക്രട്ടറി ബിജു ജോണ്‍, ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ  ജോര്‍ജി വര്‍ഗീസ്  , കല ഷഹി , സണ്ണി മറ്റമന, ലീല മാരേട്ട് ,പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍  തോമസ് തോമസിനെ  അഭിനന്ദിച്ചു സംസാരിച്ചു.