ഡാളസ്: നാലാമത് ട്വന്റി 20 ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ആരംഭിച്ചു. ആദ്യമത്സരം സിറ്റി ഓഫ് ഗാര്‍ലാന്‍ഡ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളി സ്ഥാനാര്‍ഥി ഷിബു സാമുവല്‍ ഉദ്ഘാടനം ചെയ്തു.
പകലും രാത്രിയുമായി നടന്ന മത്സരത്തില്‍ ലയണ്‍സ് ടീം ജേതാക്കളായി. മത്സരത്തില്‍ ഡാളസ് ലയണ്‍സ് ടീം ക്ലബ്ബിന്റെ ക്യാപ്റ്റന്‍ ജോയല്‍ ഗില്‍ഗാല്‍ 8 ബൗണ്ടറികളും 4 സിക്‌സറുകളും ഉള്‍പ്പെടെ 80 റണ്‍സ് അടിച്ചെടുത്തു കൊണ്ട് മാന്‍ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലയണ്‍സ് ടീം നാല് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെടുത്തു. എന്നാല്‍ രണ്ടാമത് ബാറ്റിംഗിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ടീമിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുക്കാനെ സാധിച്ചുള്ളു. നാലാം സീസണില്‍ ജോയല്‍ ഗില്‍ഗാല്‍ നയിക്കുന്ന ഡാളസ് ലയണ്‍സ്, അജു മാത്യു നയിക്കുന്ന ഡാളസ് ബ്ലാസ്റ്റേഴ്‌സ്, മാത്യു (മാറ്റ്) സെബാസ്റ്റ്യന്‍ നയിക്കുന്ന ഡാളസ് വാരിയേഴ്‌സ്, അലന്‍ ജയിംസ് നയിക്കുന്ന ഡാളസ് ചാര്‍ജേഴ്‌സ് എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുകയും രാത്രിയും പകലുമായി നടത്തപ്പെടുന്ന എല്ലാ മത്സരങ്ങളും ഗാര്‍ലാന്‍ഡ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഓട്‌സ് ഡ്രൈവിലുള്ള ക്രിക്കറ്റ് മൈതാനത്തില്‍ വച്ചാണ് നടത്തപ്പെടുന്നത്. ക്രിക്കറ്റ് പ്രേമികള്‍ക്ക് മത്സരങ്ങള്‍ കണ്ട് ആസ്വദിക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ക്രമീകരണങ്ങളും ഇരിപ്പിടങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും ക്രിക്കറ്റ് പ്രേമികളുടെ അഭ്യര്‍ഥന മാനിച്ച് മത്സരങ്ങള്‍ കാണുവാനുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് സിറ്റികളില്‍ വളര്‍ന്നുവരുന്ന ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്തി അവര്‍ക്ക് വേണ്ടുന്ന പരിശീലനം നല്‍കുന്നതിന് ഫ്രണ്ട്‌സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം കാണിക്കുന്ന താല്പര്യങ്ങള്‍ക്ക് ടീമിനെ പ്രത്യേകം അഭിനന്ദിക്കുകയും സിറ്റി ഓഫ് ഗാര്‍ലണ്ടില്‍ ക്രിക്കറ്റ് പ്രചാരത്തിനായി കൂടുതല്‍ മൈതാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രത്യേക കര്‍മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ താന്‍ പരിശ്രമിക്കുമെന്ന് ഉദ്ഘാടനവേളയില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷിബു സാമുവല്‍ അറിയിച്ചു.
മത്സരങ്ങളുടെ മെഗാ സ്‌പോണ്‍സറായി ജസ്റ്റിന്‍ വര്‍ഗീസ് (ജസ്റ്റിന്‍ വര്‍ഗീസ് റീയല്‍റ്റി), മറ്റു സ്‌പോണ്‍സര്‍മാര്‍ ബിജു തോമസ് (എയ്ഞ്ചല്‍വാലി ഹോസ്പിസ്), വിന്‍സെന്റ് ജോണ്‍കുട്ടി (റെഡ് ചില്ലീസ് റസ്റ്റോറന്റ്) എന്നീ ബിസിനസ് സ്ഥാപനങ്ങള്‍ ടൂര്‍ണമെന്റ് വിജയത്തിനുവേണ്ടി കമ്മിറ്റിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.