വാഷിങ്ടണ്‍: ക്ഷീരപഥ ഗാലക്സി വളര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ മറ്റൊരു ഗാലക്സിയെ വിഴുങ്ങിയിരിക്കാമെന്ന സൂചനയുമായി പുതിയ പഠനം. ഗാലക്സിയുടെ മധ്യഭാഗത്തിന് സമീപം കണ്ടെത്തിയ അതിപുരാതനവും ലോഹാംശം വളരെ കുറവുമായ നക്ഷത്രങ്ങളാണ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ നേടുന്നത്.
റോയല്‍ ആസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ജേര്‍ണലായ മണ്‍തിലി നോട്ടീസസ് ഓഫ് ദി റോയല്‍ ആസ്‌ട്രോണോമിക്കല്‍ സൊസൈറ്റിയില്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തല്‍ വിശദീകരിക്കുന്നത്.
പ്രപഞ്ചത്തിന്റെ ആദ്യകാല നക്ഷത്രങ്ങള്‍ പ്രധാനമായും ഹൈഡ്രജനും ഹീലിയവും കൊണ്ടാണ് രൂപപ്പെട്ടത്. പിന്നീട് ഇവയുടെ ഉള്ളില്‍ രൂപപ്പെട്ട ഭാരമേറിയ മൂലകങ്ങള്‍ സ്‌ഫോടനങ്ങളിലൂടെ പുറത്തുവന്ന് പുതിയ നക്ഷത്രങ്ങളുടെ രൂപീകരണത്തിന് വഴിയൊരുക്കി. എന്നാല്‍ വളരെ കുറഞ്ഞ ലോഹാംശമുള്ള നക്ഷത്രങ്ങള്‍ സാധാരണയായി പുരാതന 'ഡ്വാര്‍ഫ് ഗാലക്സി'കളുമായി ബന്ധപ്പെട്ടവയാണെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍.
ഇത്തരം നക്ഷത്രങ്ങള്‍ ക്ഷീരപഥത്തിന്റെ ഗാലക്റ്റിക് ഡിസ്‌കിന് സമീപം കണ്ടെത്തിയതോടെ കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മുടെ ഗാലക്സി മറ്റൊരു ഗാലക്സിയെ ഉള്‍ക്കൊണ്ടിരിക്കാമെന്ന നിഗമനത്തിലാണ് ഗവേഷകര്‍.
കാറ ബാറ്റര്‍സ്‌ബൈ എന്ന ഭൗതികശാസ്ത്രജ്ഞ പറയുന്നതനുസരിച്ച് പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ജ്യോതിശാസ്ത്രജ്ഞര്‍. വളരെ കുറഞ്ഞ ലോഹാംശമുള്ള നക്ഷത്രങ്ങള്‍ പ്രപഞ്ചത്തിന്റെ ആദ്യ തലമുറ നക്ഷത്രങ്ങളെക്കുറിച്ചുള്ള നിര്‍ണായക സൂചനകള്‍ സൂക്ഷിച്ചിരിക്കുന്നവയാണെന്ന് അവര്‍ വ്യക്തമാക്കി.
സാധാരണയായി ഇത്തരം പുരാതന നക്ഷത്രങ്ങളെ ക്ഷീരപഥത്തിന്റെ പുറംഭാഗമായ 'സ്റ്റെല്ലര്‍ ഹാലോ'യില്‍ കണ്ടെത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗാലക്റ്റിക് ഡിസ്‌കിന് സമീപം കണ്ടെത്തിയ 20 നക്ഷത്രങ്ങളാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ഹെര്‍ട്ട്‌ഫോര്‍ഷെയറിലെ ഗവേഷകനായ ഫെഡറിക്കോ സെസ്റ്റിറ്റോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഗായ ടെലിസ്‌കോപ്പില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു പഠനം.
2014 ജൂലൈ മുതല്‍ 2025 ജനുവരി വരെ ഏകദേശം 200 കോടി നക്ഷത്രങ്ങളുടെ ചലനവും രാസഘടനയും ഗായ ടെലിസ്‌കോപ്പ് നിരീക്ഷിച്ചു. പിന്നീട് ഹവായിയിലെ മൗനകെയയിലെ കാനഡ- ഫ്രാന്‍സ്- ഹവായി ടെലിസ്‌കോപ്പിലെ ഹൈ റസല്യൂഷന്‍ സ്‌പെക്ട്രോഗ്രാഫ് ഉപയോഗിച്ച് ഈ നക്ഷത്രങ്ങളെ കൂടുതല്‍ വിശദമായി പഠിച്ചു.
ഗവേഷകരുടെ വിലയിരുത്തലനുസരിച്ച് ഈ 20 നക്ഷത്രങ്ങള്‍ക്കും 1000 കോടി വര്‍ഷത്തിലേറെ പഴക്കമുണ്ട്. നമ്മുടെ സൗരയൂഥത്തില്‍നിന്ന് ഏകദേശം 7,000 പ്രകാശവര്‍ഷം അകലെയായാണ് ഇവ സ്ഥിതിചെയ്യുന്നത്. എല്ലാ നക്ഷത്രങ്ങള്‍ക്കും സമാനമായ രാസഘടനയുള്ളതിനാല്‍ ഒരേ പുരാതന ഡ്വാര്‍ഫ് ഗാലക്സിയില്‍നിന്നാണ് ഇവ ഉദ്ഭവിച്ചതെന്നാണ് നിഗമനം.
നാസയുടെ കണക്കുപ്രകാരം ഏകദേശം ഒരു ലക്ഷം പ്രകാശവര്‍ഷം വ്യാപ്തിയുള്ള ക്ഷീരപഥത്തില്‍ 100 മുതല്‍ 400 ബില്യണ്‍ വരെ നക്ഷത്രങ്ങളുണ്ട്. കഴിഞ്ഞ 1200 കോടി വര്‍ഷത്തിനിടെ ചെറു ഗാലക്സികളുമായി ലയിച്ചാണ് ക്ഷീരപഥം വളര്‍ന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം. എന്നാല്‍ അതിന്റെ യഥാര്‍ഥ പ്രാരംഭ വലിപ്പവും ഭാരവും ഇന്നും ദുരൂഹമായിത്തന്നെ തുടരുകയാണ്.
