ഒട്ടാവ: കാനഡ ഉത്പന്നങ്ങള്‍ക്ക് പുതിയ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്താനുള്ള സമയപരിധി അടുത്തിരിക്കെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും ഫോണില്‍ ചര്‍ച്ച നടത്തി. ഏകദേശം 30 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം പുതിയ താരിഫ് പ്രാബല്യത്തില്‍ വരുന്നത് ഒഴിവാക്കുന്നതിനാണ് ചര്‍ച്ചകള്‍.
ചൊവ്വാഴ്ച നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഇരു നേതാക്കളും ചര്‍ച്ചകളെ കുറിച്ച് സംസാരിച്ചതായി കാര്‍ണിയുടെ വക്താവ് അറിയിച്ചു. എന്നാല്‍ ചര്‍ച്ചയുടെ ഫലത്തെക്കുറിച്ചോ ബുധനാഴ്ചത്തെ സമയപരിധിക്ക് മുമ്പ് വീണ്ടും ഇരുവരും സംസാരിക്കുമോ എന്നതിനെക്കുറിച്ചോ വക്താവ് വിശദീകരിച്ചില്ല. ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്ന സൂചനയാണ് നല്‍കുന്നത്.
രണ്ട് ദിവസത്തിനിടെ ഇരു നേതാക്കളും തമ്മിലുള്ള രണ്ടാമത്തെ ഫോണ്‍ സംഭാഷണമാണിത്. ചര്‍ച്ചകള്‍ കടുത്തതാണെന്നും ഇരു രാജ്യങ്ങളും ഇതുവരെ ധാരണയിലെത്തിയിട്ടില്ലെന്നും ചര്‍ച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റേഡിയോ കാനഡ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കനേഡിയന്‍, യു എസ് ഉദ്യോഗസ്ഥര്‍ പലതവണ കൂടിക്കാഴ്ച നടത്തി വ്യാപാര തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനും ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത താരിഫുകളില്‍ നിന്ന് കനേഡിയന്‍ വ്യവസായങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കാനും ശ്രമിച്ചിരുന്നു.
കാര്‍ണി- ട്രംപ് ചര്‍ച്ചയ്ക്ക് പിന്നാലെ കാനഡ- യു എസ് വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് യു എസ് വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീറുമായും വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലട്ട്നിക്കുമായും വീണ്ടും ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചകളിലെ നിലപാടുകള്‍ തമ്മിലുള്ള അന്തരം പൂര്‍ണമായി പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.
കനേഡിയന്‍ വാഹനങ്ങള്‍ക്ക് യു എസ് ഏര്‍പ്പെടുത്താനിരിക്കുന്ന താരിഫാണ് ചര്‍ച്ചയിലെ പ്രധാന തര്‍ക്കവിഷയങ്ങളിലൊന്ന്. കാനഡ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്ക് നിലവിലുള്ള 25 ശതമാനം താരിഫ് 15 ശതമാനമായി കുറയ്ക്കാമെന്നാണ് യു എസ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, യു എസ് ഘടകങ്ങളുടെ ഉപയോഗം വര്‍ധിപ്പിച്ചാല്‍ യഥാര്‍ഥമായി ഈടാക്കുന്ന താരിഫ് 7.5 ശതമാനം വരെ കുറയ്ക്കാനും സാധിക്കും. എന്നാല്‍ ഈ നിരക്കും കാനഡ പ്രതീക്ഷിക്കുന്നതിലും കൂടുതലാണെന്നാണ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
കനേഡിയന്‍ വാഹന തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന യൂണിഫോര്‍ ദേശീയ പ്രസിഡന്റ് ലാന പേയ്ന്‍ 15 ശതമാനം താരിഫ് നിലവിലെ നിരക്കിനേക്കാള്‍ കുറവാണെങ്കിലും കനേഡിയന്‍ വാഹന വ്യവസായത്തെ ഘടനാപരമായി പിന്നാക്കം നിര്‍ത്തുന്നതായിരിക്കുമെന്ന് പറഞ്ഞു.
കനേഡിയന്‍ ഉത്പന്നങ്ങളുടെ നീണ്ട പട്ടികയ്ക്ക് 50 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. കാനഡ യു എസ് ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി താരിഫുകള്‍ക്കുള്ള പ്രതികാരമെന്ന നിലയിലാണ് നടപടിയെന്നാണ് യു എസ് വാദം. എന്നാല്‍, ട്രംപ് ഭരണകൂടം കാനഡയ്ക്കെതിരെ വ്യാപാരയുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഒട്ടാവ യു എസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയതെന്നതാണ് കാനഡയുടെ നിലപാട്.
കരാര്‍ ഉണ്ടായില്ലെങ്കില്‍ കനേഡിയന്‍ മദ്യനിര്‍മാതാക്കള്‍, ഹോക്കി ഉപകരണ നിര്‍മാതാക്കള്‍, മരം- പേപ്പര്‍ വ്യവസായങ്ങള്‍ തുടങ്ങി നിരവധി മേഖലകള്‍ക്ക് യു എസ് വിപണിയില്‍ ഉയര്‍ന്ന താരിഫ് നേരിടേണ്ടിവരും.
താരിഫുകള്‍ പ്രാബല്യത്തില്‍ വന്നാല്‍ തിരിച്ചടി നല്‍കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കാനഡ പരിഗണിക്കുന്നതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വ്യക്തമാക്കി. കൂടുതല്‍ പ്രതികാര താരിഫുകള്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് പ്രധാനമന്ത്രി കാര്‍ണി പരിഗണിക്കുന്നത്. യു എസ് താരിഫുമായി ബന്ധപ്പെട്ട നിയമപരമായ ഔദ്യോഗിക രേഖകള്‍ ലഭിച്ചശേഷമായിരിക്കും കാനഡ അന്തിമ തീരുമാനം എടുക്കുക.
പുതിയ സെക്ഷന്‍ 338 താരിഫുകള്‍ പിന്‍വലിക്കണമെന്നും സ്റ്റീല്‍, അലുമിനിയം, വാഹനങ്ങള്‍, മരം തുടങ്ങിയ വ്യവസായ ഉത്പന്നങ്ങള്‍ക്ക് നിലവിലുള്ള സെക്ഷന്‍ 232 താരിഫുകള്‍ കുറയ്ക്കണമെന്നും കാനഡ ആവശ്യപ്പെടുന്നു.
അതേസമയം, യു എസ് മദ്യത്തിന് കാനഡയിലെ പ്രവിശ്യാ നിയന്ത്രിത സ്റ്റോറുകളില്‍ വീണ്ടും വില്പന അനുവദിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. യു എസ് വാഹനങ്ങള്‍ക്കെതിരെ കാനഡ ഏര്‍പ്പെടുത്തിയ തിരിച്ചടി താരിഫുകള്‍ നീക്കണമെന്നും കാനഡയിലെ നിയന്ത്രിത ക്ഷീരമേഖലയിലെ ഇറക്കുമതി ക്വാട്ട അനുവദിക്കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നും യു എസ് ആവശ്യപ്പെടുന്നു.
താരിഫ് സംവിധാനം പൂര്‍ണമായും പിന്‍വലിക്കാന്‍ യു എസ് തയ്യാറല്ലെന്ന് യു എസ് വ്യാപാര പ്രതിനിധി ജാമിസണ് ഗ്രീര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, യു എസ് ആവശ്യങ്ങളില്‍ ചിലത് അംഗീകരിച്ചാല്‍ താരിഫ് നിരക്കുകളില്‍ ഇളവ് വരുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
താരിഫ് നിരക്കുകള്‍ സാധ്യമായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൊണ്ടുവരണമെന്നാണ് കാനഡയുടെ ആവശ്യം. എന്നാല്‍ ഗ്രീറും സംഘവും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ തൃപ്തികരമല്ലെന്നാണ് കനേഡിയന്‍ വൃത്തങ്ങള്‍ പറയുന്നത്.
അമേരിക്കയുമായുള്ള വ്യാപാരബന്ധം സാധാരണ നിലയിലാക്കാന്‍ കരാറിലെത്തണമെന്ന സമ്മര്‍ദം കനേഡിയന്‍ ബിസിനസ് മേഖലയില്‍ ശക്തമാണ്. യു എസ് വിപണിയുമായി കനേഡിയന്‍ കമ്പനികള്‍ക്ക് അടുത്ത ബന്ധമുള്ളതിനാല്‍ വ്യാപാരം സാധാരണ നിലയിലാക്കേണ്ടത് അനിവാര്യമാണെന്ന് അലുമിനിയം വ്യവസായ സംഘടനയായ അലൂക്യുബെക്കിന്റെ മേധാവി ഷാര്‍ലറ്റ് ലറാമി പറഞ്ഞു.
കാനഡയും യു എസും കൂടുതല്‍ താരിഫുകള്‍ ഒഴിവാക്കാന്‍ ധാരണയിലെത്തണമെന്ന് യു എസ് ചേംബര്‍ ഓഫ് കൊമേഴ്സും ആവശ്യപ്പെട്ടു. ഉയര്‍ന്ന താരിഫുകള്‍ ഇരു സമ്പദ്വ്യവസ്ഥകള്‍ക്കും തിരിച്ചടിയാകുമെന്നും ഉപഭോക്താക്കളുടെ ചെലവ് വര്‍ധിപ്പിക്കുമെന്നും വിതരണ ശൃംഖലകളെ ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നല്കി.
അതേസമയം, ക്ഷീരമേഖല ഉള്‍പ്പെടെയുള്ള ചില മേഖലകള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കരുതെന്ന് സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. കനേഡിയന്‍ ക്ഷീരമേഖലയിലെ ഇറക്കുമതി ക്വാട്ട നേരിട്ട് റീട്ടെയില്‍ വ്യാപാരികള്‍ക്ക് അനുവദിക്കണമെന്നാണ് യു എസ് ആവശ്യപ്പെടുന്നത്. ഇതിലൂടെ യു എസ് പാലും ചീസും കനേഡിയന്‍ വിപണിയില്‍ കൂടുതല്‍ എളുപ്പത്തില്‍ വില്ക്കാന് കഴിയുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, ക്ഷീരമേഖലയില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കരുതെന്ന് കനേഡിയന്‍ ക്ഷീരകര്‍ഷകരുടെ സംഘടനയായ ഡയറി ഫാര്‍മേഴ്സ് ഓഫ് കാനഡ ആവശ്യപ്പെട്ടു. ഓരോ ഇളവും രാജ്യത്തിന്റെ ഭക്ഷ്യ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുമെന്ന് സംഘടനാ പ്രസിഡന്റ് ഡേവിഡ് വീന്‍സ് പറഞ്ഞു.
അതേസമയം, താരിഫുകള്‍ പ്രാബല്യത്തില്‍ വന്നാലും അത് കാനഡയ്ക്ക് വലിയ ദുരന്തമാകില്ലെന്ന് മുന്‍ ആല്‍ബര്‍ട്ട പ്രീമിയര്‍ ജേസണ്‍ കെന്നി അഭിപ്രായപ്പെട്ടു. ഉയര്‍ന്ന താരിഫിന് വിധേയമാകുന്ന ഉത്പന്നങ്ങള്‍ 2024ലെ കാനഡയുടെ യു എസ് കയറ്റുമതിയുടെ ഏകദേശം അഞ്ച് ശതമാനം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
