ന്യൂയോർക്ക് സിനഗോഗ് ആക്രമണം: പ്രതിക്കെതിരെ ഫെഡറൽ വിദ്വേഷ കുറ്റം

ന്യൂയോർക്ക് സിനഗോഗ് ആക്രമണം: പ്രതിക്കെതിരെ ഫെഡറൽ വിദ്വേഷ കുറ്റം


പ്രാർഥനയ്ക്കിടെ ആക്രമണം; സ്ത്രീക്കും സുരക്ഷാ ജീവനക്കാരനും പരിക്ക് -ലാറി മോണ്ടസിനെതിരെ മൂന്ന് ഫെഡറൽ വകുപ്പുകൾ

ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിലെ സിനഗോഗിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് 46കാരനായ ലാറി മോണ്ടസിനെതിരെ ഫെഡറൽ വിദ്വേഷ കുറ്റം ചുമത്തി. മാൻഹട്ടനിലെ സെൻട്രൽ സിനഗോഗിൽ പ്രാർഥനാ ചടങ്ങിനിടെ നടന്ന സംഭവത്തെ അധികൃതർ 'വിദ്വേഷ പ്രേരിതമായ അക്രമാസക്തമായ ആക്രമണം' എന്നാണ് വിശേഷിപ്പിച്ചത്.

ബ്രോങ്ക്‌സ് സ്വദേശിയായ മോണ്ടസിനെ വെള്ളിയാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ സംസ്ഥാനതലത്തിൽ ക്രിമിനൽ മിസ്ചീഫ്, വിദ്വേഷ കുറ്റം ചുമത്തിയുള്ള ആക്രമണശ്രമം തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്നത്. ഇപ്പോൾ ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് യുഎസ് അറ്റോർണി ഓഫീസ് സമർപ്പിച്ച ഫെഡറൽ പരാതിയിൽ രണ്ട് വിദ്വേഷ കുറ്റങ്ങളും പരിക്കിന് ഇടയാക്കിയ മതസ്വത്തുക്കളുടെ നശീകരണവുമായി ബന്ധപ്പെട്ട ഒരു കുറ്റവും ചുമത്തിയിട്ടുണ്ട്.

പ്രാർഥന നടക്കുന്നതിനിടെ മോണ്ടസ് എഴുന്നേറ്റ് മുന്നിലേക്ക് നടന്നെത്തി 'ക മാ ഒമവെലാ' എന്ന് വിളിച്ചുപറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് രണ്ട് മെഴുകുതിരികളും അവയുടെ സ്റ്റാൻഡുകളും മറിച്ചിട്ടു തകർത്തു. സിനഗോഗിലെ സുരക്ഷാ ജീവനക്കാർ ഇയാളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ 63കാരിയായ ഒരു സ്ത്രീയെ മോണ്ടസ് ആക്രമിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ സ്ത്രീയുടെ ചുണ്ടിന് മുറിവേൽക്കുകയും കൈയിൽ ചതവുണ്ടാകുകയും ചെയ്തു.

തുടർന്ന് സുരക്ഷാ ജീവനക്കാരനെയും ഇയാൾ തലകൊണ്ട് ഇടിച്ചതായും വംശീയ അധിക്ഷേപം നടത്തിയതായും പൊലീസ് ആരോപിക്കുന്നു. അറസ്റ്റിന് പിന്നാലെ മിറാൻഡ മുന്നറിയിപ്പ് നൽകിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ, ചടങ്ങിനിടെ തനിക്ക് അപമാനം നേരിട്ടതായി മോണ്ടസ് പറഞ്ഞതായും സംഭവം 'വംശീയവും മതപരവുമായ' കാരണങ്ങളാൽ ഉണ്ടായതാണെന്ന് സമ്മതിച്ചതായും ഫെഡറൽ പരാതിയിൽ പറയുന്നു.

വിദ്വേഷ ആക്രമണത്തിനെതിരെ കർശന നടപടി

സംഭവത്തിൽ എഫ്ബിഐ ന്യൂയോർക്ക് ഫീൽഡ് ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ ഇൻ ചാർജ് ജെയിംസ് ബാർനക്കി ജൂനിയർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സിനഗോഗിനെയുംം വിശ്വാസികളെയും സുരക്ഷാ ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള അക്രമം ഏറെ ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്വേഷത്തിന്റെയോ പക്ഷപാതത്തിന്റെയോ പേരിലുള്ള അക്രമങ്ങൾക്ക് ന്യൂയോർക്കിൽ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഫെഡറൽ തലത്തിൽ അന്വേഷണം ആരംഭിച്ചതോടെ കേസ് കൂടുതൽ ഗൗരവമുള്ള നിയമനടപടികളിലേക്ക് നീങ്ങുകയാണ്. മതസ്ഥാപനങ്ങളിലെ സുരക്ഷയും വിദ്വേഷ കുറ്റങ്ങൾക്കെതിരായ നടപടികളും വീണ്ടും ചർച്ചയാകുന്നതിനും സംഭവം വഴിയൊരുക്കിയിട്ടുണ്ട്.

നിലവിൽ മോണ്ടസ് 10,000 ഡോളർ ജാമ്യത്തുകയിലാണ് കസ്റ്റഡിയിൽ കഴിയുന്നത്. മാൻഹട്ടൻ ഡിസ്ട്രിക്ട് അറ്റോർണി ഓഫീസ് തയ്യാറാക്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കോടതിയിൽ ഹാജരാക്കിയത്. ഫെഡറൽ പരാതിയിൽ ഇയാളെ എപ്പോൾ മജിസ്‌ട്രേറ്റ് ജഡ്ജിക്ക് മുന്നിൽ ഹാജരാക്കുമെന്നത് ഉടൻ വ്യക്തമായിട്ടില്ല.

സിനഗോഗിലെ പ്രാർഥനാ ചടങ്ങിനിടെ നടന്ന ആക്രമണം ന്യൂയോർക്കിലെ മതവിദ്വേഷ കുറ്റങ്ങളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തിയിരിക്കുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും അധികൃതർ ചൂണ്ടിക്കാട്ടുന്നു.