'എനിക്ക് തിരിച്ചുപോകാനാകില്ല'; മ്യാന്‍മര്‍ അഭയാര്‍ഥികളെ വേട്ടയാടുന്നു മടക്കയാത്രയുടെ ഭയം

'എനിക്ക് തിരിച്ചുപോകാനാകില്ല'; മ്യാന്‍മര്‍ അഭയാര്‍ഥികളെ വേട്ടയാടുന്നു മടക്കയാത്രയുടെ ഭയം


ക്വാലാലംപുര്‍/ ബാങ്കോക്ക്: ഏകദേശം 20 വര്‍ഷം മുമ്പാണ് 54കാരനായ മുഹമ്മദ് സാദിഖ്  പടിഞ്ഞാറന്‍ മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനം വിട്ടത്. പീഡനവും അക്രമവും ഭയന്ന് മലേഷ്യയിലേക്കായിരുന്നു പലായനം. മൂന്ന് വര്‍ഷം മുമ്പ് 39കാരിയായ ലെലെ ഖൈനും സമാനമായൊരു തീരുമാനത്തിലേക്ക് നിര്‍ബന്ധിതയായി. മ്യാന്‍മറിന്റെ തെക്കേയറ്റത്തുള്ള തനിന്താരിയില്‍നിന്ന് എല്ലാം ഉപേക്ഷിച്ച് അഭയാര്‍ഥിയായി തായ്ലന്‍ഡിലെത്തി.

ഇന്ന് ഇരുവരെയും ഒരേ ഭയമാണ് വേട്ടയാടുന്നത്തിരികെ മ്യാന്‍മറിലേക്ക് അയക്കപ്പെടുമോ?

തെക്കുകിഴക്കന്‍ ഏഷ്യയിലെ അഭയാര്‍ഥി നയങ്ങളില്‍ മാറ്റം വരുത്തുന്ന സാഹചര്യത്തില്‍ മലേഷ്യയിലും തായ്ലന്‍ഡിലുമായി കഴിയുന്ന ആയിരക്കണക്കിന് മ്യാന്‍മര്‍ അഭയാര്‍ഥികള്‍ തങ്ങളുടെ സുരക്ഷിത അഭയകേന്ദ്രങ്ങള്‍ തന്നെ ഇല്ലാതാകുമോ എന്ന ആശങ്കയിലാണ്.

2021ലെ സൈനിക അട്ടിമറിക്ക് പിന്നാലെ, അക്രമം അവസാനിപ്പിക്കാന്‍ ആസിയാന്‍ മുന്നോട്ടുവെച്ച അഞ്ച് നിര്‍ദേശങ്ങളില്‍ മ്യാന്‍മര്‍ കാര്യമായ പുരോഗതി കൈവരിക്കാത്തതിനാല്‍ ഉന്നതതല യോഗങ്ങളില്‍നിന്ന് മ്യാന്‍മറിനെ ആസിയാന്‍ മാറ്റിനിര്‍ത്തിയിരുന്നു.

അക്രമം ഉടന്‍ അവസാനിപ്പിക്കുക, എല്ലാ വിഭാഗങ്ങളുമായും അര്‍ഥവത്തായ ചര്‍ച്ച നടത്തുക, ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിക്കുക, മാനുഷിക സഹായം നല്‍കുക, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും പ്രത്യേക പ്രതിനിധിക്ക് ബന്ധപ്പെടാന്‍ അവസരം നല്‍കുക എന്നിവയാണ് ആസിയാന്റെ അഞ്ച് നിര്‍ദേശങ്ങള്‍.

എന്നാല്‍ അഭയാര്‍ഥികളെക്കുറിച്ചുള്ള ജനങ്ങളുടെ വര്‍ധിച്ചുവരുന്ന അതൃപ്തിയും ആഭ്യന്തര രാഷ്ട്രീയ താത്പര്യങ്ങളും മലേഷ്യയും തായ്ലന്‍ഡും നയങ്ങളില്‍ മാറ്റം വരുത്താനുള്ള കാരണങ്ങളിലൊന്നാണെന്ന് നിരീക്ഷകര്‍ പറയുന്നു.

മലേഷ്യ 5,000 പേരെ തിരിച്ചയക്കാന്‍ നീക്കം

മ്യാന്‍മറില്‍നിന്നുള്ള 5,000 അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള പദ്ധതിയാണ് മലേഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തില്‍ 1,476 പേരെ സെപ്റ്റംബര്‍ 29ന് മ്യാന്‍മര്‍ നാവികസേനയുടെ രണ്ട് കപ്പലുകളിലും ഒരു ആശുപത്രിക്കപ്പലിലുമായി തിരിച്ചയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ വംശീയ വിഭാഗം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം മ്യാന്‍മര്‍ നേതാവ് മിന്‍ ഓങ് ഹ്ലയിങ്ങിനെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ക്ഷണിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തിരിച്ചെടുക്കാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നതുമായി ഈ നീക്കം ബന്ധിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

'നമുക്ക് സുഹൃത്തുക്കളാകാനും വ്യാപാരം നടത്താനും കഴിയുമെന്ന് അദ്ദേഹത്തോട് പറയാനാണ് ക്ഷണിച്ചത്. മലേഷ്യയ്ക്ക് മ്യാന്‍മറിനെ അംഗീകരിക്കാം, പക്ഷേ അവര്‍ അഭയാര്‍ഥികളെ തിരിച്ചെടുക്കണം,' അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.

മ്യാന്‍മറുമായി ബന്ധം സാധാരണ നിലയിലാക്കാന്‍ തായ്ലന്‍ഡും

മ്യാന്‍മറുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് തായ്ലന്‍ഡ് നേതൃത്വം നല്‍കുന്നുണ്ട്. ഉഭയകക്ഷി തലത്തിലും ആസിയാന്‍ വഴിയും ഇതിനുള്ള നീക്കങ്ങള്‍ നടക്കുന്നു.

മ്യാന്‍മര്‍ നേതാവ് മിന്‍ ഓങ് ഹ്ലയിങ് ഓഗസ്റ്റ് ആറിന് തായ്ലന്‍ഡ് ഔദ്യോഗികമായി സന്ദര്‍ശിച്ചിരുന്നു.

സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്കുശേഷം, കെങ് ക്രാചന്‍ ദേശീയോദ്യാനത്തിലെ രേഖകളില്ലാത്ത കാരന്‍ സമൂഹത്തില്‍ തായ് അധികൃതര്‍ പരിശോധന നടത്തി. കുട്ടികളും ഗര്‍ഭിണികളും ഉള്‍പ്പെടെ 28 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ 26 പേരെ മ്യാന്‍മറിലേക്ക് നാടുകടത്താനും തീരുമാനിച്ചു.

ആഭ്യന്തര നിയമങ്ങള്‍ ലംഘിക്കുന്ന വിദേശ പൗരന്മാരെ വേഗത്തില്‍ നാടുകടത്താന്‍ അനുമതി നല്‍കുന്ന പുതിയ നിയമവും തായ്ലന്‍ഡ് നടപ്പാക്കിയിട്ടുണ്ട്. ഇത് അഭയാര്‍ഥികളെ നിര്‍ബന്ധിതമായി തിരിച്ചയക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മലേഷ്യയില്‍ 1.93 ലക്ഷം മ്യാന്‍മര്‍ അഭയാര്‍ഥികള്‍

ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയുടെ ഫെബ്രുവരി മാസത്തെ കണക്കുപ്രകാരം മലേഷ്യയില്‍ 1,93,824 മ്യാന്‍മര്‍ അഭയാര്‍ഥികളുണ്ട്. ഇതില്‍ 1,26,144 പേര്‍ റോഹിങ്ക്യരും 15,774 പേര്‍ ചിന്‍ വിഭാഗത്തില്‍പ്പെട്ടവരുമാണ്. മറ്റ് വംശീയ വിഭാഗങ്ങളില്‍പ്പെട്ട 33,002 പേരുമുണ്ട്.

തായ്ലന്‍ഡിലെ അതിര്‍ത്തി മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന ഒന്‍പത് താത്ക്കാലിക അഭയകേന്ദ്രങ്ങളിലായി 90,000ത്തിലധികം മ്യാന്‍മര്‍ അഭയാര്‍ഥികളുണ്ട്. ഇവരില്‍ ഭൂരിഭാഗവും കാരന്‍, കാരെന്നി, ബര്‍മീസ് വിഭാഗങ്ങളില്‍പ്പെട്ടവരാണ്.

മറ്റൊരു പ്രധാന അഭയാര്‍ഥി ആതിഥേയ രാജ്യമായ ഇന്തോനേഷ്യയില്‍ ഏകദേശം 2,800 മ്യാന്‍മര്‍ അഭയാര്‍ഥികളാണുള്ളത്. പരിമിതമായ തൊഴില്‍ അവസരങ്ങളും ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളും കാരണം ഇന്തോനേഷ്യയെ പ്രധാനമായും ഒരു ഇടത്താവളമായാണ് കാണുന്നത്.

മ്യാന്‍മറില്‍നിന്ന് പലായനം ചെയ്തവര്‍ക്ക് സുരക്ഷിതമായി തിരിച്ചുപോകാന്‍ നിലവിലെ സാഹചര്യം അനുയോജ്യമല്ലെന്ന് മനുഷ്യാവകാശ നിരീക്ഷകര്‍ പറയുന്നു.

അതേസമയം, മലേഷ്യയുടെ തിരിച്ചയയ്ക്കല്‍ പദ്ധതി സ്വമേധയാ ഉള്ളതാണെന്നാണ് സര്‍ക്കാരിന്റെ നിലപാട്. വിദേശത്ത് കഴിയുന്ന മ്യാന്‍മര്‍ പൗരന്മാരെ 'സുരക്ഷിതവും മാന്യവുമായ' രീതിയില്‍ തിരിച്ചെടുക്കുമെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.


\'എനിക്ക് തിരിച്ചുപോകാനാകില്ല\'; മ്യാന്‍മര്‍ അഭയാര്‍ഥികളെ വേട്ടയാടുന്നു മടക്കയാത്രയുടെ ഭയം

'യുദ്ധം നടക്കുകയാണ്; സമാധാനമില്ല'

മ്യാന്‍മറില്‍നിന്ന് തായ്ലന്‍ഡിലേക്കും മലേഷ്യയിലേക്കുമുള്ള അഭയാര്‍ഥി പ്രവാഹത്തിന് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. സൈനിക നടപടികള്‍, വംശീയ സംഘര്‍ഷങ്ങള്‍, രാഷ്ട്രീയ അടിച്ചമര്‍ത്തല്‍ എന്നിവയാണ് വിവിധ ഘട്ടങ്ങളിലായി ജനങ്ങളെ പലായനത്തിന് നിര്‍ബന്ധിതരാക്കിയത്.

2023ല്‍ സൈന്യവും വിമതസേനകളും തമ്മിലുള്ള പോരാട്ടത്തെ തുടര്‍ന്നാണ് ലെലെ ഖൈന്‍ തെക്കന്‍ തായ്ലന്‍ഡിലേക്ക് പലായനം ചെയ്തത്. ഒരു വര്‍ഷത്തിലേറെ മുമ്പ് ഭര്‍ത്താവ് തായ്ലന്‍ഡിലെത്തിയിരുന്നു. ആവശ്യമായ പണം സ്വരൂപിച്ചതിനുശേഷമാണ് ഖൈനെയും കൊണ്ടുവന്നത്. പിന്നീട് ഒമ്പതിനും 15നും ഇടയില്‍ പ്രായമുള്ള മൂന്ന് മക്കളെയും സുരക്ഷിതമായി തായ്ലന്‍ഡിലെത്തിക്കാന്‍ ഇരുവരും ശ്രമിച്ചു.

'മ്യാന്‍മറിലെ രാഷ്ട്രീയ പ്രതിസന്ധി കാരണമാണ് ഞങ്ങള്‍ വന്നത്. ആകാശത്തുനിന്ന് ബോംബുകള്‍ വീഴുന്നത് കേള്‍ക്കാമായിരുന്നു. കുടുംബത്തെക്കുറിച്ച് എനിക്ക് വലിയ ആശങ്കയായിരുന്നു,' ഖൈന്‍ പറഞ്ഞു.

ഇപ്പോള്‍ തെക്കന്‍ തായ്ലന്‍ഡിലെ തീരപ്രദേശത്ത് താമസിക്കുന്ന ഖൈന്‍ ഒരു സമുദ്രോത്പന്ന സംസ്‌കരണശാലയില്‍ ജോലി ചെയ്യുന്നു. തായ്ലന്‍ഡ് മ്യാന്‍മര്‍ സര്‍ക്കാരുമായി സഹകരിച്ച് അഭയാര്‍ഥികളെ തിരിച്ചയക്കുമോ എന്നതാണ് അവരുടെ പ്രധാന ഭയം. പ്രത്യേകിച്ച് സൈന്യത്തില്‍ നിര്‍ബന്ധിത സേവനത്തിന് വിധേയനാകേണ്ടിവരുമെന്ന് ഭയക്കുന്ന ഭര്‍ത്താവിന്റെ കാര്യത്തില്‍.

2024ല്‍ 18നും 35നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരും 18നും 27നും ഇടയില്‍ പ്രായമുള്ള സ്ത്രീകളും കുറഞ്ഞത് രണ്ട് വര്‍ഷം സൈനിക സേവനം നിര്‍വഹിക്കണമെന്ന് മ്യാന്‍മര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

'എന്റെ കുടുംബത്തിന് അവിടെ സുരക്ഷിതത്വമില്ല. ഇരുവിഭാഗവും പോരാട്ടം തുടരുകയാണെങ്കില്‍ സമാധാനം ഒരിക്കലും ഉണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല,' ഖൈന്‍ പറഞ്ഞു.

മൂന്ന് മാസം മുമ്പ് വിമത പോരാളികളെ തേടി മ്യാന്‍മര്‍ സൈന്യം തന്റെ ഗ്രാമത്തിലെ എല്ലാ വീടുകളിലും പരിശോധന നടത്തിയെന്നും അവര്‍ പറഞ്ഞു.

'തിരിച്ചുപോയാല്‍ സൈനികനാകേണ്ടിവരും'

തായ്ലന്‍ഡില്‍നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയുള്ള ക്വാലാലംപൂരിലും സമാനമായ ആശങ്കയാണ്.

മലേഷ്യന്‍ തലസ്ഥാനത്ത് കഴിയുന്ന ചിന്‍ അഭയാര്‍ഥി ജെയിംസ് ബാവി താങ് ബിക്കിന് മലേഷ്യയിലെ 5,000 അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള റിപ്പോര്‍ട്ട് വലിയ ഞെട്ടലാണ് സമ്മാനിച്ചത്.

'ഒരു ദിവസം കാര്യങ്ങള്‍ മാറുമെന്നും മ്യാന്‍മറിലേക്ക് മടങ്ങാന്‍ കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പക്ഷേ ചിന്‍ സംസ്ഥാനവും മ്യാന്‍മറും മുഴുവന്‍ യുദ്ധമേഖലയാണ്. രാജ്യത്ത് സമാധാനമില്ല,' ഏകദേശം 15 വര്‍ഷമായി മലേഷ്യയില്‍ കഴിയുന്ന ബാവി പറഞ്ഞു.

സൈനിക സേവനത്തിന് നിര്‍ബന്ധിതനാകുമെന്ന ഭയത്തിലാണ് താന്‍ മ്യാന്‍മര്‍ വിട്ടതെന്നും ഇന്നും അവിടെയുള്ള യുവാക്കള്‍ സമാനമായ അപകടം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മോണ്‍ സംസ്ഥാനത്തുനിന്നുള്ള 29കാരനായ യെ ഹ്‌തെറ്റും നാല് വര്‍ഷം മുമ്പ് ഇതേ കാരണത്താലാണ് രാജ്യം വിട്ടത്.

'നിര്‍ബന്ധിച്ച് സൈനികരാക്കിയ ആളുകളെ എനിക്കറിയാം. ഞാന്‍ അവിടെ തുടര്‍ന്നാല്‍ വൈകാതെ അവര്‍ എന്നെയും തേടിയെത്തുമെന്ന് അറിയാമായിരുന്നു,' തെക്കന്‍ തായ്ലന്‍ഡിലെ റബര്‍ തോട്ടത്തില്‍ ജോലി ചെയ്യുന്ന യെ ഹ്‌തെറ്റ് പറഞ്ഞു.

കാടുകളിലൂടെയും മലനിരകളിലൂടെയും മൂന്ന് ദിവസം നീണ്ട കഠിനമായ യാത്രയ്‌ക്കൊടുവിലാണ് അദ്ദേഹം തായ് അതിര്‍ത്തിയിലെത്തിയത്. തായ്ലന്‍ഡില്‍ പ്രവേശിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി സുരക്ഷിതനാണെന്ന് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധത്തിന്റെ നിഴലില്‍നിന്ന് രക്ഷപ്പെട്ടുവെന്ന് കരുതിയെങ്കിലും ബാങ്കോക്ക് മ്യാന്‍മറുമായി ബന്ധം ശക്തിപ്പെടുത്തുന്ന സാഹചര്യത്തില്‍ പഴയ ഭയം തിരിച്ചെത്തിയിരിക്കുകയാണ്.

'എനിക്ക് എന്റെ വീടിനെ മിസ് ചെയ്യുന്നു. കുടുംബത്തെ മിസ് ചെയ്യുന്നു. എന്തായാലും തായ്ലന്‍ഡ് എന്റെ രാജ്യമല്ല. പക്ഷേ സമീപഭാവിയില്‍ എനിക്ക് തിരിച്ചുപോകാനാകില്ല,'- യെ ഹ്‌തെറ്റ് പറഞ്ഞു.

'എന്റെ പ്രായത്തിലുള്ള ഒരാള്‍ മ്യാന്‍മറിലേക്ക് തിരിച്ചുപോയാല്‍ തീര്‍ച്ചയായും സൈനികനാകും. എനിക്ക് ആരുമായും യുദ്ധം ചെയ്യാന്‍ താത്പര്യമില്ല. ആരെയും കൊല്ലാനും ആഗ്രഹമില്ല. പക്ഷേ അവര്‍ എന്നെ സൈനികനാക്കിയാല്‍ എനിക്ക് മറ്റ് വഴിയുണ്ടാകില്ല. ഞാന്‍ മരിക്കുമെന്നാണ് കരുതുന്നത്,'- അദ്ദേഹം പറഞ്ഞു.

'മ്യാന്‍മര്‍ എന്റെ രാജ്യമാണ്; പക്ഷേ ഞങ്ങള്‍ക്ക് സുരക്ഷിതമല്ല'

റോഹിങ്ക്യര്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. മലേഷ്യയില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥിയായ മുഹമ്മദ് സാദിഖ് തങ്ങള്‍ക്ക് അഭയം നല്‍കിയതിന് നന്ദി പ്രകടിപ്പിക്കുമ്പോഴും തിരിച്ചയക്കപ്പെടുന്നതിനെക്കുറിച്ചുള്ള ആശങ്ക മറച്ചുവെക്കുന്നില്ല.

'മ്യാന്‍മര്‍ എന്റെ രാജ്യമാണ്. പക്ഷേ ഞങ്ങള്‍ക്ക് അവിടെ സുരക്ഷിതത്വമില്ല. എന്നെന്നേക്കുമായി ഇവിടെ കഴിയാനല്ല ഞങ്ങള്‍ വന്നത്. ഒരു ദിവസം മടങ്ങിപ്പോകാനുള്ള സാഹചര്യമൊരുക്കാനാണ് വന്നത്. നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അതിന് കഴിയുന്നില്ല,'- സാദിഖ് പറഞ്ഞു.

'അവര്‍ എന്ത് കരാറാണ് ഉണ്ടാക്കിയതെന്ന് എനിക്ക് ഉറപ്പില്ല. പക്ഷേ തിരിച്ചുപോയാല്‍ ജീവന് അപകടമുണ്ടാകുന്ന ഒരാളെയും മലേഷ്യ മ്യാന്‍മറിലേക്ക് തിരിച്ചയക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല,'- അദ്ദേഹം പറഞ്ഞു.

റോഹിങ്ക്യരെ മൂന്നാം രാജ്യങ്ങളിലേക്ക് പുനരധിവസിപ്പിക്കണമെന്നാണ് സാദിഖിന്റെ ആവശ്യം. സ്ഥിരമായൊരു വീടിനായി കാത്തിരിക്കുന്ന പലരും 1980കള്‍ മുതല്‍ മലേഷ്യയില്‍ കഴിയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2017ല്‍ മ്യാന്‍മര്‍ സൈന്യം നടത്തിയ നടപടികളെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിങ്ക്യരാണ് രാജ്യം വിട്ടത്. ഭൂരിഭാഗവും അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലെത്തി.

ബംഗ്ലാദേശിലെ കോക്സ് ബസാറിലെ അഭയാര്‍ഥി ക്യാംപുകളില്‍ ചിലര്‍ ഒമ്പത് വര്‍ഷമായി കഴിയുകയാണ്. റഖൈന്‍ സംസ്ഥാനത്തേക്ക് സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് റോഹിങ്ക്യര്‍ അടുത്തിടെ അവിടെ പ്രതിഷേധിച്ചിരുന്നു. ക്യാംപുകളിലെ ദുരിതപൂര്‍ണമായ ജീവിത സാഹചര്യങ്ങള്‍ക്കെതിരെയും അവര്‍ രംഗത്തെത്തി.

റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ മടക്കയാത്രയ്ക്ക് ബംഗ്ലാദേശ് സര്‍ക്കാര്‍ മുമ്പ് കുറഞ്ഞത് രണ്ട് തവണ ശ്രമം നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മ്യാന്‍മറിലെ സുരക്ഷാ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആരും മടങ്ങാന്‍ തയ്യാറായില്ല. ആരെയും നിര്‍ബന്ധിച്ച് തിരിച്ചയക്കില്ലെന്ന് ധാക്ക വ്യക്തമാക്കുകയും ചെയ്തു.

ഓഗസ്റ്റില്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ പറഞ്ഞത്, ബംഗ്ലാദേശിലെ ക്യാംപുകളില്‍ കഴിയുന്ന മൂന്ന് ലക്ഷത്തിലധികം പേര്‍ റഖൈന്‍ സംസ്ഥാനത്തെ മുന്‍ താമസക്കാരാണെന്നും സുരക്ഷാ സാഹചര്യം മെച്ചപ്പെട്ടാല്‍ ഇവരെ തിരിച്ചെടുക്കുമെന്നുമാണ്.

എന്നാല്‍ മ്യാന്‍മറില്‍നിന്ന് പലായനം ചെയ്തവരെ സംബന്ധിച്ചിടത്തോളം ചോദ്യം ഇപ്പോഴും അതേപടി തുടരുന്നു: തിരിച്ചുപോകാന്‍ കഴിയുന്ന സുരക്ഷിതമായൊരു മ്യാന്‍മര്‍ എന്ന യാഥാര്‍ഥ്യം എപ്പോഴാണ് ഉണ്ടാകുക?