യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോർക്കിൽ ബോംബ് ഭീതി; ഉപേക്ഷിച്ച സ്യൂട്ട്‌കേസ് കണ്ടെത്തി

യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോർക്കിൽ ബോംബ് ഭീതി; ഉപേക്ഷിച്ച സ്യൂട്ട്‌കേസ് കണ്ടെത്തി


ന്യൂയോർക്ക്:  ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനം നടക്കുന്നതിനിടെ ന്യൂയോർക്കിൽ ഉപേക്ഷിച്ച നിലയിൽ സംശയാസ്പദമായ സ്യൂട്ട്‌കേസ് കണ്ടെത്തിയത് സുരക്ഷാഭീതി സൃഷ്ടിച്ചു. മാൻഹട്ടനിലെ യുഎൻ ആസ്ഥാനത്തിന് സമീപം ഈസ്റ്റ് 43ാം സ്ട്രീറ്റിലും തേഡ് അവന്യൂവിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് സംഭവം. 
വിവരമറിഞ്ഞ് പൊലീസ് ബോംബ് സ്‌ക്വാഡിനെ വിന്യസിക്കുകയും പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. മുൻകരുതലിന്റെ ഭാഗമായി സമീപത്തെ ഒരു കെട്ടിടം ഒഴിപ്പിച്ചു. പൊലീസ് നായ നടത്തിയ പരിശോധനയിൽ കറുത്ത സ്യൂട്ട്‌കേസിനുള്ളിൽ എന്തോ വസ്തുവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ നടപടികൾ ശക്തമാക്കിയത്. പിന്നീട് നടത്തിയ പരിശോധനയിൽ സ്യൂട്ട്‌കേസ് ഭീഷണിയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ മുൻകരുതൽ നടപടികളുടെ ഭാഗമായി 43ാം സ്ട്രീറ്റിൽ തേഡ് അവന്യൂവിനും ലെക്‌സിങ്ടൺ അവന്യൂവിനുമിടയിലെ ഗതാഗത നിയന്ത്രണം തുടർന്നു. 

യുഎൻ പൊതുസഭയുടെ 81ാം സമ്മേളനത്തിന്റെ ഭാഗമായി സെപ്തംബർ 22 മുതൽ 26 വരെയും 28നും നടക്കുന്ന ഉന്നതതല പൊതുചർച്ചയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇറാൻ പ്രസിഡന്റ് പെസെഷ്‌കിയാൻ ഉൾപ്പെടെയുള്ള ലോകനേതാക്കൾ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് സംഭവം.