ഐ സി സിയില്‍ നിന്ന് പിന്മാറണം; യു എന്നിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

ഐ സി സിയില്‍ നിന്ന് പിന്മാറണം; യു എന്നിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്


ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ സി സി)ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിയന്ത്രണംവിട്ടതും നിയമവിരുദ്ധമായും പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നാണ് ഐ സി സിയെ ട്രംപ് വിശേഷിപ്പിച്ചത്. യു എന്നില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപിന്റെ വിമര്‍ശനം.

അമേരിക്കന്‍ സൈനികരെയോ മറ്റ് യു എസ് പൗരന്മാരെയോ ഐ സി സിയുടെ അന്വേഷണത്തിനോ വിചാരണയ്‌ക്കോ വിട്ടുകൊടുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ മേല്‍ അധികാരമില്ലാത്ത അമേരിക്കവിരുദ്ധ ട്രൈബ്യൂണലാണ് ഐ സി സിയെന്നും അദ്ദേഹം ആരോപിച്ചു.

ഐ സി സി അംഗരാജ്യങ്ങള്‍ സംഘടനയില്‍നിന്ന് ഔദ്യോഗികമായി പിന്മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഐ സി സിക്കെതിരെ ഉപരോധ നടപടികള്‍ക്ക് തന്റെ ഭരണകൂടം തയ്യാറെടുക്കുന്നതിനിടെയാണ് ട്രംപിന്റെ പ്രസ്താവന. ഇസ്രയേല്‍ നേതാക്കള്‍ക്കെതിരായ അറസ്റ്റു വാറന്റുകള്‍ പിന്‍വലിക്കണമെന്നും അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മുന്‍ അന്വേഷണത്തില്‍നിന്ന് കോടതി പിന്മാറണമെന്നും യു എസ് ഭരണകൂടം ആവശ്യപ്പെട്ടുവരികയാണ്.

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു; ഇറാനെതിരെ വിമര്‍ശനം

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചതായും മേഖലയില്‍ സ്ഥിതിഗതികള്‍ സ്ഥിരപ്പെടുത്താന്‍ സഹായിച്ച രാജ്യങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ട്രംപ് പറഞ്ഞു.

ഒരു വര്‍ഷം മുന്‍പ് യു എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോള്‍ ഗാസയിലെ യുദ്ധം രൂക്ഷമായി തുടരുകയായിരുന്നുവെന്നും ഹമാസിന്റെ തുരങ്കങ്ങളില്‍ ബന്ദികള്‍ കഴിയുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു. പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ നിന്നാണ് സ്ഥിതിഗതികള്‍ മാറിത്തുടങ്ങിയതെന്നും ഏതാനും ആഴ്ചകള്‍ക്കുശേഷം ഗാസയിലെ യുദ്ധം അവസാനിപ്പിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടത്.

യുദ്ധം അവസാനിപ്പിച്ചതിലൂടെ ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും ശേഷിച്ചിരുന്ന എല്ലാ ബന്ദികളെയുംജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തിരികെ കൊണ്ടുവന്നെന്നും ട്രംപ് പറഞ്ഞു.

2023 ഒക്ടോബര്‍ 7ന് ഇസ്രയേലിനെതിരായ ആക്രമണം നടത്തിയ ഹമാസിന് ഇറാന്‍ പിന്തുണ നല്‍കുന്നതായും ട്രംപ് ആരോപിച്ചു. ഇറാന്‍ പിന്തുണയ്ക്കുന്ന തീവ്രവാദികളാണ് ഹമാസ് അംഗങ്ങളെന്നും ആക്രമണത്തില്‍ 1,200 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്നും അതില്‍ നിരവധി അമേരിക്കക്കാരും ഉള്‍പ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സൂപ്പര്‍ ഇന്റലിജന്‍സ് എന്ന പേര്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ ഐ) ഇനി 'സൂപ്പര്‍ ഇന്റലിജന്‍സ്' എന്ന് വിശേഷിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. 'ആര്‍ട്ടിഫിഷ്യല്‍' എന്ന വാക്ക് സാങ്കേതികവിദ്യയെ വ്യാജമെന്ന പ്രതീതി നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ സര്‍ക്കാര്‍ രേഖകളില്‍ 'ആര്‍ട്ടിഫിഷ്യല്‍' എന്നതിന് പകരം 'സൂപ്പര്‍' എന്ന പദം ഉപയോഗിക്കുമെന്നും ട്രംപ് വ്യക്തമാക്കി. എ ഐ സാങ്കേതികവിദ്യയുടെ വളര്‍ച്ച തടയില്ലെന്നും മറിച്ച് പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എ ഐ രംഗത്ത് അമേരിക്ക ചൈനയേക്കാള്‍ ഏറെ മുന്നിലാണെന്നും വ്യാവസായിക വിപ്ലവത്തേക്കാള്‍ വലിയ മാറ്റത്തിന് വഴിയൊരുക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുടെ വളര്‍ച്ച തടയില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം, നീതിന്യായ വകുപ്പിന്റെ നേതൃത്വത്തില്‍ സാങ്കേതികവിദ്യയെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എ ഐയില്‍, അഥവാ സൂപ്പര്‍ ഇന്റലിജന്‍സില്‍ ആധിപത്യം നേടുന്നവരാണ് വിജയിക്കുക എന്നും ട്രംപ് പറഞ്ഞു.

വെനസ്വേല; മഡുറോയെ അറസ്റ്റ് ചെയ്ത നടപടി ചൂണ്ടിക്കാട്ടി 

വെനസ്വേലയില്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്യുന്നതിന് ജനുവരിയില്‍ നടത്തിയ യു എസ് സൈനിക നടപടിയും ട്രംപ് പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

അതിനുശേഷം നൂറുകണക്കിന് വെനസ്വേലന്‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിച്ചെന്നും വെനസ്വേലന്‍ നേതാക്കളുമായി ചേര്‍ന്ന് രാജ്യത്തിന് മികച്ച ഭാവി ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് തുല്യതയില്ലാത്ത സൈനിക ശക്തി ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പടിഞ്ഞാറന്‍ അര്‍ധഗോളത്തില്‍ അമേരിക്കയ്ക്ക് ഭീഷണിയാകുന്ന ശക്തികള്‍ക്ക് ഇടം നല്‍കില്ലെന്നും ആവശ്യമായാല്‍ സൈനിക ശക്തി ഉപയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.

വെനസ്വേലയുമായി കഴിഞ്ഞ മാസം ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറില്‍ ഒപ്പുവച്ചതായും ട്രംപ് അവകാശപ്പെട്ടു. 65 ബില്യണ്‍ ബാരല്‍ എണ്ണ ഉള്‍പ്പെടുന്ന കരാര്‍ ഇരുരാജ്യങ്ങള്‍ക്കും വലിയ നേട്ടമാകുമെന്നും ആഗോളതലത്തില്‍ ഊര്‍ജവില കുറയ്ക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കയുടെയും വെനസ്വേലയുടെയും എണ്ണശേഖരം കൂട്ടിച്ചേര്‍ത്താല്‍ ലോകത്തിലെ മൊത്തം എണ്ണയുടെ 60 ശതമാനത്തിലധികം വരുമെന്നും അതിനാല്‍ ഇത് ഏറ്റവും വലിയ കരാറുകളിലൊന്നായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഗ്രീന്‍ലാന്‍ഡില്‍ രണ്ട് സൈനിക താവളങ്ങള്‍ സ്ഥാപിക്കും

ആര്‍ട്ടിക്, വടക്കന്‍ അറ്റ്‌ലാന്റിക് മേഖലകളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ഡെന്‍മാര്‍ക്കുമായും ഗ്രീന്‍ലാന്‍ഡുമായും കരാറില്‍ ഒപ്പുവച്ചതായി ട്രംപ് പറഞ്ഞു.

അമേരിക്കയുടെ അനുമതിയില്ലാതെ ഗ്രീന്‍ലാന്‍ഡില്‍ എതിരാളി രാജ്യങ്ങള്‍ക്ക് സൈനിക സാന്നിധ്യം സ്ഥാപിക്കാനോ തന്ത്രപ്രധാനമായ നിക്ഷേപങ്ങള്‍ നടത്താനോ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഗ്രീന്‍ലാന്‍ഡിലെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്കയുടെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. രണ്ട് വലിയ സൈനിക താവളങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വടക്കേ അമേരിക്കയുടെയും അറ്റ്‌ലാന്റിക് മേഖലയുടെയും സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് പ്രധാനമാണെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്- ഫ്രെഡറിക് നീല്‍സണ്‍ പറഞ്ഞു. ഉത്തരവാദിത്വം മനസ്സിലാക്കി അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ പ്രതിഫലനമാണ് കരാറെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുപക്ഷ അജണ്ട അടിച്ചേല്‍പ്പിക്കുന്നത് യു എന്‍ അവസാനിപ്പിക്കണം

പ്രസംഗത്തിന്റെ അവസാനഘട്ടത്തില്‍ യു എന്നിനെതിരെയും ട്രംപ് വിമര്‍ശനം ഉന്നയിച്ചു. ആഗോളവത്ക്കരണത്തെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥരുടെ 'ഇടതുപക്ഷ അജണ്ട' യു എന്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്താനുള്ള അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ നീക്കവും ട്രംപ് ചൂണ്ടിക്കാട്ടി. തന്റെ ഭരണകൂടം ആ ശ്രമം തടഞ്ഞതായും അദ്ദേഹം പറഞ്ഞു.

അഭയാര്‍ഥി- കുടിയേറ്റ നയങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട യു എസ് നയങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ യു എന്‍ മനുഷ്യാവകാശ കൗണ്‍സിലിനെയും ട്രംപ് വിമര്‍ശിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോള്‍ അമേരിക്കയുടെ ആഭ്യന്തര നയങ്ങളെ വിമര്‍ശിക്കുന്നതിനാണ് യു എന്‍ സമയം ചെലവഴിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് മനുഷ്യാവകാശ കൗണ്‍സില്‍ വേണ്ടത്ര പ്രതികരിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു.

യുക്രെയ്ന്‍ യുദ്ധം പ്രതീക്ഷിച്ചതിലും വേഗം അവസാനിച്ചേക്കും

റഷ്യയുടെയും യുക്രെയ്ന്റെയും നേതാക്കളുമായി അടുത്ത് ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും യുദ്ധം അവസാനിപ്പിക്കുന്ന കരാറിലെത്താന്‍ കഴിയുമെന്നും ട്രംപ് പറഞ്ഞു.

യുദ്ധം പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്നും ഇരു രാജ്യങ്ങളുടെയും നേതാക്കളുമായി അടുത്ത സഹകരണമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പ്രശംസയും പരാമര്‍ശിച്ച് ട്രംപ്

തന്റെ ഇടപെടലിലൂടെ 30 ദശലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനായെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി പറഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. ഇതിലും കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിച്ചതിന് തനിക്ക് പങ്കുണ്ടെന്നായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നും ട്രംപ് പറഞ്ഞു.

അസര്‍ബൈജാന്‍, അര്‍മേനിയ പ്രസിഡന്റുമാരുടെ പരാമര്‍ശങ്ങളും ട്രംപ് ഉദ്ധരിച്ചു. സമാധാന ശ്രമങ്ങളില്‍ താന്‍ വഹിച്ച പങ്കിനെ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ പ്രശംസിച്ചതായും അദ്ദേഹം പറഞ്ഞു.