കെബെക്കിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആമസോണ്‍; 4500 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു

കെബെക്കിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആമസോണ്‍; 4500 പേര്‍ക്ക് ജോലി നഷ്ടപ്പെട്ടു


മോണ്‍ട്രിയല്‍ : കാനഡയിലെ കെബെക്കിലൂള്ള ആമസോണ്‍ യൂണിറ്റ് അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായി 4500 ഓളം പേര്‍ കൂടി തൊഴില്‍ രഹിതരാകുമെന്ന് റിപ്പോര്‍ട്ട്.

കമ്പനി നേരിട്ട് തൊഴില്‍ നല്‍കിയിരുന്ന 2000 പേര്‍ക്കുപുറമെ ആമസോണുമായി സബ് കോണ്‍ട്രാക്റ്റുള്ള ഇതര ജോലികളിലെ 2,500 പേര്‍ക്ക് കൂടി ജോലി നഷ്ടമായതായി കെബെക്ക് തൊഴില്‍ മന്ത്രാലയം വെളിപ്പെടുത്തി. ഇതോടെ ആകെ പിരിച്ചുവിടലുകളുടെ എണ്ണം 4,500 ആയി.

ഡെലിവറി സേവന പങ്കാളികളായി പ്രവര്‍ത്തിക്കുന്ന ആമസോണുമായി ബന്ധിപ്പിച്ചിട്ടുള്ള 23 ലോജിസ്റ്റിക്‌സ്, ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളില്‍ നിന്ന് കൂട്ട പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പ്രവിശ്യാ സര്‍ക്കാര്‍ വെളിപ്പെടുത്തി. 2020-ന് മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായി, പ്രാദേശിക ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കുന്ന ഡെലിവറി മോഡലിലേക്ക് മാറാന്‍ ആമസോണ്‍ ലക്ഷ്യമിടുന്നതായി കമ്പനി വക്താവ് ബാര്‍ബറ അഗ്രൈറ്റ് വ്യക്തമാക്കിയിരുന്നു. പിരിച്ചു വിടുന്ന ജീവനക്കാര്‍ക്ക് കമ്പനി പൂട്ടുന്നതോടെ 14 ആഴ്ച വരെയുള്ള ശമ്പളം അടങ്ങുന്ന പാക്കേജും മറ്റ് ജോലി അവസരങ്ങളും ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.

അടച്ചുപൂട്ടലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ആമസോണുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഫെഡറല്‍ വ്യവസായ മന്ത്രി ഫ്രാന്‍സ്വാ-ഫിലിപ്പ് ഷാംപെയ്ന്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഈ വിഷയത്തില്‍ കൂടിക്കാഴ്ചകളൊന്നും നടന്നിട്ടില്ല. മന്ത്രിയുമായും കെബെക്കിലെയും കാനഡയിലെയും മറ്റ് ഉദ്യോഗസ്ഥരുമായും ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കമ്പനി തയ്യാറാണെന്ന് ആമസോണ്‍ വക്താവ് സ്റ്റീവ് കെല്ലി പറഞ്ഞു.