കൊച്ചി: തന്ത്രപരമായ നിക്ഷേപങ്ങള്‍, സുസ്ഥിര വികസനം, അഭിവൃദ്ധി പ്രാപിച്ച വ്യവസായിക ആവാസവ്യവസ്ഥ എന്നിവയിലൂടെ 2047ഓടെ കേരളം 88 ലക്ഷം കോടിയുടെ (ഒരു ട്രില്യണ്‍ ഡോളര്‍) സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് വിദഗ്ധര്‍. കൊച്ചിയില്‍ നടക്കുന്ന ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ 'കേരളം ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്ക്' വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായമുയര്‍ന്നത്. ഇന്ത്യയിലെ ആദ്യ സുസ്ഥിര ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ കേരളത്തിന് കഴിയുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
2000 മുതല്‍ കേരളത്തിന്റെ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനം (ജി.എസ്.ഡി.പി) ഓരോ 6-7 വര്‍ഷത്തിലും ഇരട്ടിയായെന്ന് മുഖ്യപ്രഭാഷണത്തില്‍ കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ സി. ബാലഗോപാല്‍ പറഞ്ഞു. മാലിന്യ സംസ്‌കരണം, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റലൈസേഷന്‍ എന്നിവയിലൂന്നിയ കേരളമാണ് സംരംഭകത്വത്തിന് ആവശ്യമെന്നും ഇതിനായി സര്‍ക്കാര്‍ മികച്ച നിയമങ്ങളും ചട്ടങ്ങളും സൃഷ്ടിക്കണമെന്നും ഐ.ബി.എസ് സ്ഥാപകനും എക്‌സിക്യൂട്ടിവ് ചെയര്‍മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.
ഒ.ഇ.എന്‍ ഇന്ത്യ ലിമിറ്റഡ് എം.ഡി പമേല അന്ന മാത്യു, ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് എം.ഡി അദീബ് അഹമ്മദ്, ഗ്രൂപ് മീരാന്‍ ചെയര്‍മാന്‍ നവാസ് മീരാന്‍ എന്നിവരും സംസാരിച്ചു.
കേരളം 2047 ഓടെ 88 ലക്ഷം കോടിയുടെ വളര്‍ച്ചയിലെത്തും-വിദഗ്ധര്‍
