1.43 കോടി രൂപ നികുതി കുടിശിക; ഹൈദരബാദിലെ താജ് ഹോട്ടല്‍ നഗരസഭ അധികൃതര്‍ പൂട്ടി

1.43 കോടി രൂപ നികുതി കുടിശിക; ഹൈദരബാദിലെ താജ് ഹോട്ടല്‍ നഗരസഭ അധികൃതര്‍ പൂട്ടി


ഹൈദരാബാദിലെ പഞ്ച നക്ഷത്ര ഹോട്ടലായ താജിന് പൂട്ടിട്ട് നഗരസഭാ അധികൃതര്‍. നഗരത്തിലെ പ്രീമിയം ആഡംബര ഹോട്ടലായ താജ് ബഞ്ചാരയാണ് ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (GHMC) സീല്‍ ചെയ്തത്. കെട്ടിട നികുതിയായ 1.43 കോടി രൂപ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് നിയമപരമായി നടപടിയെടുത്തത്. ഇതിന് ശേഷം ഹോട്ടല്‍ അധികൃതര്‍ ഭാഗികമായി പേയ്‌മെന്റ് നടത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു.

ഹൈദരാബാദിലെ അത്യാഡംബരം നിറഞ്ഞു നില്‍ക്കുന്ന, താജ് ഗ്രൂപ്പിന്റെ ഭാഗമായ ഈ ഹോട്ടല്‍, ബന്‍ജാറ ഹില്‍സിലാണ് സ്ഥിതി ചെയ്യുന്നത്. 2025 ഫെബ്രുവരി 20ാം തിയ്യതി വ്യാഴാഴ്ച്ചയാണ് നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ സീല്‍ ചെയ്യുന്നത്. താജ് ബഞ്ചാര ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന് നല്‍കാനുള്ള പ്രോപര്‍ട്ടി ടാക്‌സ് രണ്ട് വര്‍ഷമായി മുടങ്ങിയിരിക്കുകയാണെന്നും, ഇത്രയും കാലത്തെ ആകെ ടാക്‌സായ 1.43 കോടി രൂപയാണ് അടയ്ക്കാനുള്ളതെന്നും അധികൃതര്‍ പറയുന്നു.

ജൂബിലി ഹില്‍സ് സര്‍ക്കിളിലെ ഉദ്യോഗസ്ഥര്‍ ഈ ആഡംബര ഹോട്ടലിലേക്കുള്ള മൂന്ന് പ്രവേശന കവാടങ്ങളും അടച്ചു പൂട്ടുകയാണ് ചെയ്തത്. ഇത് കൂടാതെ നികുതിയായി അടയ്ക്കാത്ത 1.43 കോടി രൂപ സംബന്ധിച്ച് ഡോറുകളില്‍ നോട്ടീസുകളും പതിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി നഗരസഭ നികുതിയുമായി ബന്ധപ്പെട്ട് നല്‍കിയ നോട്ടീസുകള്‍ തുടര്‍ച്ചയായി താജ് ഗ്രൂപ്പ് ഹോട്ടല്‍ അവഗണിച്ചതാണ് കര്‍ശനമായ നടപടി സ്വീകരിക്കാന്‍ നഗരസഭയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേ സമയം, തൊട്ടടുത്ത ദിവസം, 2025 ഫെബ്രുവരി 21ാം തിയ്യതി ഹോട്ടല്‍ മാനേജ്‌മെന്റ് ഭാഗികമായി നികുതി തിരിച്ചടച്ചിട്ടുണ്ട്. ഇത്തരത്തില്‍ 55 ലക്ഷം രൂപയാണ് പേയ്‌മെന്റ് നടത്തിയത്. ഇതേത്തുടര്‍ന്ന് ഗേറ്റുകളിലെ ലോക്കുകള്‍ ഒഴിവാക്കുകയും, ഹോട്ടല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. ബാക്കി നല്‍കാനുള്ള നികുതി മാര്‍ച്ച് 10ാം തിയ്യതിക്ക് മുമ്പ് അടയ്ക്കണമെന്നാണ് ഏഒങഇ ഹോട്ടല്‍ അധികൃതരെ അറിയിച്ചിട്ടുള്ളത്.

ഹോട്ടല്‍ മാനേജ്‌മെന്റ് ഭാഗികമായി തുക തിരിച്ചടയ്ക്കാന്‍ തയ്യാറായതിനാല്‍, സമയപരിധിക്കുള്ളില്‍ മുഴുവന്‍ തുക തിരിച്ചടച്ചില്ലെങ്കില്‍ മാത്രമേ ഇനി നടപടിയെടുക്കൂ എന്ന് നഗരസഭയുടെ റവന്യൂ വിഭാഗം അധികൃതര്‍ അറിയിച്ചു. തിരിച്ചടവ് മുടങ്ങിയ വസ്തു നികുതി തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി ഏഒങഇ നിലവില്‍ നടത്തുന്ന ഡ്രൈവിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഹൈ പ്രൊഫൈല്‍ കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റുകളുടെ അടക്കം ടാക്‌സ് ഇത്തരത്തില്‍ ഈടാക്കുന്നുണ്ട്.