കോംഗോ: ആഭ്യന്തര യുദ്ധം രൂക്ഷമായ കോംഗോയില്‍ 70 ക്രിസ്ത്യാനികളെ തലയറുത്തുകൊലപ്പെടുത്തി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരരാണ് പൈശാചികമായ കൊലപാതകങ്ങള്‍ക്കുപിന്നിലെന്ന് ഭീകരവാദവും പീഡനവും നിരീക്ഷിക്കുന്ന സംഘടനയായ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 13 ന് ആയിരുന്നു സംഭവം.
ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്‌ഐഎസ്) അനുബന്ധ സംഘടനയായ അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് (എഡിഎഫ്) അംഗങ്ങളായ അക്രമികള്‍ ലുബെറോ ജില്ലയില്‍ നിന്നുള്ള ഇരകളെ പിടികൂടി കസങ്കയിലെ ഒരു പ്രൊട്ടസ്റ്റന്റ് പള്ളിക്കുള്ളില്‍ വെച്ചാണ് വാളുകളുപയോഗിച്ച് കൊലപാതകങ്ങള്‍ നടത്തിയത്.
വിമതര്‍ 'പുറത്തിറങ്ങൂ, പുറത്തുപോകൂ' എന്ന് ആക്രോശിച്ചുകൊണ്ട് ക്രിസ്ത്യാനികളെ വീടുകളില്‍ നിന്ന് പുറത്താക്കിയയാണ് കൂട്ടക്കശാപ്പിനു കൊണ്ടുപോയതെന്ന് സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ഭയവും അരാജകത്വവും
ആക്രമണത്തെത്തുടര്‍ന്ന്, സുരക്ഷ തേടി നിരവധി ക്രിസ്ത്യാനികള്‍ പ്രദേശം വിട്ടുപോയി. സുരക്ഷാ സാഹചര്യം വഷളായതിനാല്‍ പള്ളികളും സ്‌കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും ഇതിനകം അടച്ചിട്ടിരിക്കുകയാണെന്ന് കോംഗോ പ്രൈമറി സ്‌കൂള്‍ ഡയറക്ടര്‍ മുഹിന്ദോ മുസുന്‍സി പറഞ്ഞു.
എല്ലാ പ്രവര്‍ത്തനങ്ങളും വുന്‍യിംഗിലേക്ക് മാറ്റേണ്ടിവന്നുവെന്ന് മുസുന്‍സി പറഞ്ഞു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പള്ളിക്കുള്ളില്‍ തന്നെ അനാഥമായി കിടക്കുകയായിരുന്നു. തുടര്‍ച്ചയായ അരക്ഷിതാവസ്ഥ കാരണം കുടുംബങ്ങള്‍ക്ക് ദിവസങ്ങളോളം മൃതദേഹങ്ങള്‍ വീണ്ടെടുക്കാനോ അടക്കം ചെയ്യാനോ കഴിഞ്ഞിരുന്നില്ല.
സംഭവത്തില്‍ സി ഇ സി എ 20 സഭയിലെ ഒരു സഭാ മേധാവി സമൂഹത്തിന്റെ നിരാശ പ്രകടിപ്പിച്ചു- ''എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നോ ഞങ്ങള്‍ക്ക് അറിയില്ല; കൂട്ടക്കൊലകള്‍ ഞങ്ങള്‍ക്ക് മടുത്തു. ദൈവഹിതം മാത്രം നടക്കട്ടെ.''
നടപടിയെടുക്കാനുള്ള ആഹ്വാനം
ഇത്രയും വലിയ ക്രൂരത നടന്നിട്ടും, കൂട്ടക്കൊലയ്ക്ക് അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ ലഭിച്ചിട്ടില്ല. ആക്രമണത്തെ അപലപിച്ച് രംഗത്തുവന്ന 'ഓപ്പണ്‍ ഡോര്‍സ് ' കശാപ്പുകാരായ ഭീകരര്‍ക്കെതിരെ ആഗോള നടപടി യെടുക്കണമെന്ന് ആവശ്യപ്പെട്ടു.
''സിവിലിയന്മാര്‍ക്കെതിരായ ഈ ഹീനമായ അക്രമത്തെ ഓപ്പണ്‍ ഡോര്‍സ് ശക്തമായി അപലപിക്കുകയും കിഴക്കന്‍ ഡിആര്‍സിയില്‍ സിവിലിയന്‍ സംരക്ഷണത്തിന് മുന്‍ഗണന നല്‍കണമെന്ന് സിവില്‍ സമൂഹങ്ങളോടും സര്‍ക്കാരുകളോടും അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെടുകയും ചെയ്യുന്നു,'' സബ്-സഹാറന്‍ ആഫ്രിക്കയിലെ ഓപ്പണ്‍ ഡോര്‍സിന്റെ നിയമ വിദഗ്ദ്ധനായ ജോണ്‍ സാമുവല്‍ പറഞ്ഞു.
ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്തമില്ലായ്മയോടെയാണ് അധികാരികള്‍ കാണുന്നതെന്ന് അദ്ദേഹം എടുത്തുകാണിച്ചു: ''ശിക്ഷാരഹിതമായ ഒരു പശ്ചാത്തലത്തിലാണ് അക്രമം നടക്കുന്നത്, ആരും ഉത്തരവാദികളല്ല. (ഇസ്ലാമിക് സ്റ്റേറ്റ്) അഫിലിയേറ്റായ എഡിഎഫ് പലപ്പോഴും ക്രിസ്ത്യാനികളെ ലക്ഷ്യം വച്ച് സിവിലിയന്മാര്‍ക്കും ദുര്‍ബല സമൂഹങ്ങള്‍ക്കുമെതിരായ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതിന്റെ വ്യക്തമായ സൂചകമാണ് ഈ കൂട്ടക്കൊല.''യെന്നും ജോണ്‍ സാമുവല്‍
പറഞ്ഞു.
സംഭവത്തില്‍ നടുക്കവും ഭയവും സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തി, പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ സഹായത്തിനായുള്ള ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്‌ബെജ് രംഗത്തുവന്നു.
''ഒരു പള്ളിയില്‍ തീവ്രവാദികള്‍ തലയറുത്ത 70 ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഭയം തോന്നി... പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളോട് ഹംഗറി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു... ലോകം ക്രിസ്ത്യന്‍ പീഡനത്തെ അംഗീകരിക്കുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും വേണം.'' അദ്ദേഹം കുറിച്ചു.
മാധ്യമങ്ങള്‍ ഈ ക്രൂരകൃത്യത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിനെ വിമര്‍ശിച്ച് അമേരിക്കന്‍ രാഷ്ട്രീയ നിരൂപക ലിസ് വീലറും രംഗത്തുവന്നു. '70 ക്രിസ്ത്യന്‍ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ശിരഛേദം ചെയ്തു... കാരണം അവര്‍ ക്രിസ്ത്യാനികളാണ്. അവരുടെ ശിരഛേദം ചെയ്യപ്പെട്ട മൃതദേഹങ്ങള്‍ ഒരു പള്ളിയില്‍ ഉപേക്ഷിച്ചു... കാരണം അവര്‍ ക്രിസ്ത്യാനികളാണ്. അവരെ കൊലപ്പെടുത്തിയ തീവ്രവാദികള്‍ക്ക് ഐസിസുമായി ബന്ധമുണ്ട്. എംഎസ്എം, നിങ്ങളുടെ രോഷം എവിടെയാണ്? അവര്‍ ക്രിസ്ത്യാനികളായതിനാല്‍ നിങ്ങള്‍ നിശബ്ദരാണോ?'-എന്ന് അദ്ദേഹം ചോദിച്ചു.
കോംഗോയില്‍ 70 ക്രിസ്ത്യാനികളെ ഐസിസ് ബന്ധമുള്ള തീവ്രവാദികള്‍ തലയറുത്തു കൊന്നു; നടപടി ആവശ്യപ്പെട്ട് ആഗോള നേതാക്കള്‍
