ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി സമാപിച്ചു; ഒന്നര ലക്ഷത്തിലധികം കോടിയുടെ നിക്ഷേപ വാഗ്ദാനം

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി സമാപിച്ചു; ഒന്നര ലക്ഷത്തിലധികം കോടിയുടെ നിക്ഷേപ വാഗ്ദാനം


കൊച്ചി: കേരളത്തിലേക്ക് കോടികളുടെ വന്‍കിട നിക്ഷേപം ഉറപ്പാക്കി രണ്ടുദിവസങ്ങളിലായി കൊച്ചിയില്‍ നടന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് സമാപനം. ഒന്നര ലക്ഷത്തിലധികം കോടിയുടെ (1,52,905.67 കോടി) നിക്ഷേപ വാഗ്ദാനം സംസ്ഥാനത്തിന് ലഭിച്ചതായി വ്യവസായമന്ത്രി പി. രാജീവ് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്നവ അടക്കം 374 കമ്പനികള്‍ നിക്ഷേപത്തിന് താല്‍പര്യം അറിയിച്ച് ധാരണാപത്രം ഒപ്പിട്ടു. ഈ കമ്പനികളില്‍ 66 എണ്ണം 500 കോടി രൂപക്കുമുകളില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തും.

കരണ്‍ അദാനി 30,000 കോടി, ഹൈലൈറ്റ് ഗ്രൂപ്പ് 10,000 കോടി, ലുലു ഗ്രൂപ് 5000 കോടി, മൂന്ന് പദ്ധതികളിലായി മലബാര്‍ ഗ്രൂപ് 3000 കോടി, ദുബൈ ആസ്ഥാനമായ ഷറഫ് ഗ്രൂപ് 5000 കോടി, ടോഫ്ല്‍ പത്തനംതിട്ട ഇന്‍ഫ്ര ലിമിറ്റഡ് 5000 കോടി, മൊണാര്‍ക് സര്‍വയേഴ്‌സ് ആന്‍ഡ് എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ്‌സ് ലിമിറ്റഡ് 5000 കോടി, ആസ്റ്റര്‍ 850 കോടി എന്നിങ്ങനെ നീളുന്നതാണ് പദ്ധതികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട നിക്ഷേപങ്ങള്‍. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ സംരംഭങ്ങള്‍ വികസിപ്പിക്കാന്‍ 24 ഐ.ടി കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

ഇതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപംകൂടി സംസ്ഥാനത്തിന് ലഭിക്കും. 60,000 തൊഴിലവസരവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സമാപന സമ്മേളനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനംചെയ്തു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, മുന്‍ വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും സംസാരിച്ചു.

സമാപന ദിവസം വിവിധ വിഷയങ്ങളില്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ചകള്‍ നടന്നു. ഐ.ടി മേഖലയിലെ സാധ്യതകള്‍ സംബന്ധിച്ച് പ്രമുഖ കമ്പനികളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി റൗണ്ട് ടേബിള്‍ മീറ്റും നടത്തി. ആറ് രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ഉച്ചകോടിയില്‍ മൂവായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്തു.