ഡോങ്കി റൂട്ടിലൂടെ 2010ല്‍ യുഎസിലേക്ക് കടന്ന 102 പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് റിപ്പോര്‍ട്ട്

ഡോങ്കി റൂട്ടിലൂടെ 2010ല്‍ യുഎസിലേക്ക് കടന്ന 102 പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി : യുഎസിലേക്ക് നിയമവിരുദ്ധമായി ഏറ്റവും അധികം കുടിയേറ്റം നടക്കുന്ന 'ഡോങ്കി റൂട്ട് 'എന്ന ദുര്‍ഘട പാത തിരഞ്ഞെടുത്ത ഇന്ത്യക്കാരില്‍ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസിലെ അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയുള്‍പ്പെടെ പുറത്താക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കാണാതായവരുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. 2010ല്‍ മാത്രം 102 പേരെ ഇത്തരത്തില്‍ കാണാതായിട്ടുണ്ടെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 40 പേര്‍ പഞ്ചാബില്‍ നിന്നുള്ളരാണ്.

ഡോങ്കി റൂട്ടിലൂടെ യുഎസ് ലക്ഷ്യമാക്കി പുറപ്പെട്ട് കാണാതായ വ്യക്തികളെ കുറിച്ച് 15 വര്‍ഷമായി ഒരു വിവരവും ബന്ധുക്കള്‍ക്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് സ്വദേശിയായ രവീന്ദര്‍ സിങ്ങിന്റെ മകന്‍ ദില്‍ജിത്ത് സിങ് പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പുര്‍ത്തിയാക്കി ഡ്രൈവറായിരിക്കെയാണ് യുഎസിലേക്ക് യാത്ര തിരിച്ചത്. 2010 സെപ്തംബര്‍ 15 ന് നാട്ടില്‍ നിന്ന് പോയ മകനെ കുറിച്ച് പിന്നീട് ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പഞ്ച്ഗുള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ഏജന്റ് മുഖേന 20 ലക്ഷം ചെലവിട്ടാണ് മകനെ കുടംബം യുഎസിലേക്ക് അയച്ചത്.

നേരിട്ട് മെക്സികോ, പിന്നീട് യുഎസിലേക്ക് എന്നതായിരുന്നു ഏജന്റ് നല്‍കിയ വാഗ്ദാനം. അഞ്ച് ലക്ഷം അഡ്വാന്‍സ് ആയി നല്‍കി. എന്നാല്‍ ഡല്‍ഹിയില്‍ നിന്നും നിക്വരാഗ്വയുടെ തലസ്ഥാനമായ മനാഗ്വയിലേക്കായിരുന്നു എത്തിച്ചത്. പിന്നാലെ ഏജന്റ് അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പത്ത് ദിവസത്തിന് ശേഷം മകന്‍ ഗ്വാട്ടിമാലയില്‍ എത്തിയതായി വിവരം ലഭിച്ചു. ഇതിന് പിന്നാലെ ഏജന്റ് ആവശ്യപ്പെട്ട പ്രകാരം വീണ്ടും ഏഴ് ലക്ഷം രൂപ നല്‍കി. മകന്‍ യുഎസിലെത്തിയാല്‍ വിവരം അറിയിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു എങ്കിലും പിന്നീട് ഒരു വിവരവും ഉണ്ടായില്ലെന്നും കുടുംബം പറയുന്നു.

മകനെ കാണാനില്ലെന്ന പരാതിയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തങ്ങളുടെ രക്തസാംപിളുകള്‍ ഉള്‍പ്പെടെ ശേഖരിച്ചിരുന്നു. ഇഡി അന്വേഷണവും നടക്കുന്നുണ്ട്. മകനെ കുറിച്ചുള്ള എന്തെങ്കിലും വിവരം കണ്ടെത്താന്‍ സിബിഐക്ക് കഴിയുമെന്ന് ഇപ്പോഴും നേരിയ പ്രതീക്ഷയുണ്ട്. വിഷയത്തില്‍ ഏജന്റിനെതിരെ നടപടി എടുക്കാന്‍ പൊലീസ് മുതിര്‍ന്നിട്ടില്ലെന്നും കുടംബം പറയുന്നു.

യുവാക്കളെ കാണാതായ സംഭവത്തില്‍ നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് കുടുംബത്തിന്റെ അഭിഭാഷക സുഖ്പ്രീത് ഗ്രെവാള്‍ പറയുന്നത്. 42 പേരാണ് ഈ പട്ടികയില്‍ പഞ്ചാബില്‍ നിന്ന് മാത്രം ഉള്‍പ്പെടുന്നത്. കാണാതായ യുവാക്കള്‍ക്ക് എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് കുടുംബങ്ങള്‍ക്ക് ഒരു ധാരണയുമില്ല. ദില്‍ജിത്ത് സിങ്ങിന്റെ കുടുംബം സമര്‍പ്പിച്ച പരാതിയില്‍ ഏജന്റുമാരുടെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. എന്നാല്‍ പൊലീസ് പിന്നീട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പിന്‍വലിച്ചു. പിന്നീട് 2013 ല്‍ നല്‍കിയ പരാതിയില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി നടത്തിയ ഇടപെടലാണ് സിബിഐ അന്വേഷണത്തിന് വഴി തുറന്നത്. ഇതിനിടെ മറ്റ് ചില കുടുംബങ്ങളും സമാന പരാതിയുമായി എത്തിയെന്നും അഭിഭാഷക പറയുന്നു.

2012 ല്‍ 102 പാസ്പോര്‍ട്ടുകളുമായി ഡല്‍ഹി വിമാനത്താവളത്തില്‍ ഒരാള്‍ പിടിയിലായിരുന്നു. ഇതില്‍ കാണാതായ യുവാക്കളുടെ പാസ്പോര്‍ട്ടും ഉണ്ടായിരുന്നതായാണ് കരുതുന്നത്. ഡല്‍ഹിയിലെ സംഭവവുമായി ചേര്‍ത്തുവായിച്ചാല്‍ യുവാക്കളെ ദോഹയില്‍ എത്തിച്ചിരിക്കാം എന്ന് വിലയിരുത്താം. എന്നാല്‍ ഇത് സംബന്ധിച്ച ഇമിഗ്രേഷന്‍ രേഖകള്‍ ലഭ്യമല്ലെന്നും സുഖ്പ്രീത് ഗ്രെവാള്‍ പറയുന്നു.