യു എസ്- ഇന്ത്യ വ്യാപാര കരാറുകളില്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് പിയൂഷ് ഗോയല്‍

യു എസ്- ഇന്ത്യ വ്യാപാര കരാറുകളില്‍ ഉടന്‍ ഒപ്പുവെക്കുമെന്ന് പിയൂഷ് ഗോയല്‍


ന്യൂഡല്‍ഹി: ട്രംപ് ഭരണകൂടവുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യക്കാര്‍ക്കും അമേരിക്കക്കാര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനും പരസ്പരം ശക്തികളെ പൂരകമാക്കാനും വലിയ അവസരങ്ങള്‍ നല്‍കുന്ന എല്ലാ കരാറുകളുടെയും മാതാവായ ശക്തമായ ഒരു സാമ്പത്തിക ഇടപെടലും ഉഭയകക്ഷി വ്യാപാര കരാറും ഉടന്‍ തന്നെ യു എസ് ട്രംപ് ഭരണകൂടവുമായി ചര്‍ച്ച ചെയ്യുമെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു. നിക്ഷേപ കേരള ആഗോള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പീയുഷ് ഗോയല്‍. 

2030 ആകുമ്പോഴേക്കും യു എസും ഇന്ത്യയും തങ്ങളുടെ ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കാനും ഈ വര്‍ഷം പരസ്പരം പ്രയോജനകരമായ ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടം ചര്‍ച്ച ചെയ്യാനും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോഡി ഈ മാസം ആദ്യം പറഞ്ഞിരുന്നു. 2021-24 കാലയളവില്‍ അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്നു.

ഇന്ത്യയുടെ കയറ്റുമതിയില്‍ വര്‍ധനവ് രേഖപ്പെടുത്തി  2023-24ല്‍ 778.21 ബില്യണ്‍ ഡോളറിലെത്തി. 2013-14 ലെ 466 ബില്യണ്‍ ഡോളറില്‍ നിന്ന് 67 ശതമാനം വര്‍ധനവാണിത്. 

2023-24ല്‍ ചരക്ക് കയറ്റുമതി 437 ബില്യണ്‍ ഡോളറായിരുന്നു. അതേസമയം സേവന കയറ്റുമതി 341 ബില്യണ്‍ ഡോളറിന്റേതാണ്. ഇലക്ട്രോണിക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, എഞ്ചിനീയറിംഗ് ഉത്പന്നങ്ങള്‍, ഇരുമ്പയിര്, തുണിത്തരങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകള്‍ ഈ കുതിപ്പില്‍ വലിയ പങ്കുവഹിച്ചു. ഇന്ത്യയുമായി വ്യാപാര മിച്ചമുള്ള ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് യു എസ്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്വതന്ത്ര വ്യാപാര കരാറായി ഗോയല്‍ വിശേഷിപ്പിച്ചതില്‍ ഇന്ത്യ ഇതിനകം ഒപ്പുവച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍, യു കെ, ഒമാന്‍ എന്നിവരുമായി സംഭാഷണ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈനുമായി സി ഇ പി എയ്ക്കുള്ള പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ബഹ്റൈനിലെയും യു എ ഇയിലെയും മന്ത്രിമാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വാര്‍ഷിക കയറ്റുമതി 800 ബില്യണ്‍ ഡോളറിലെത്തിയതായി കേന്ദ്രമന്ത്രി പറഞ്ഞു, വളര്‍ച്ച തടസ്സമില്ലാതെ തുടരുമെന്നും കുതിച്ചുയരുന്ന നിരവധി മേഖലകളുടെ പിന്‍ബലത്തില്‍ അടുത്ത 5- 6 വര്‍ഷത്തിനുള്ളില്‍ ഈ കണക്ക് 2 ട്രില്യണ്‍ ഡോളറിലെത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

ടൂറിസം, ഉത്പാദനം, ലോജിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും കേരളം അതുല്യമായ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം വിശദമാക്കി.