പെന്റഗണെ ഞെട്ടിച്ച് വന്‍ അഴിച്ചുപണി; ഉന്നത ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി

പെന്റഗണെ ഞെട്ടിച്ച് വന്‍ അഴിച്ചുപണി; ഉന്നത ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി


വാഷിംഗ്ടണ്‍ : യുഎസ് സായുധ സേനയിലെ ഉന്നത റാങ്കുകളില്‍ വന്‍ അഴിച്ചുപണി. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥനെയും നാവികസേനയെ നയിക്കുന്ന അഡ്മിറലിനെയും മറ്റ് നിരവധി മുതിര്‍ന്ന പെന്റഗണ്‍ നേതാക്കളെയും ട്രംപ് ഭരണകൂടം പുറത്താക്കി.

ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ എയര്‍ഫോഴ്‌സ് ജനറല്‍ സിക്യു ബ്രൗണ്‍ ജൂനിയറിനെ പുറത്താക്കിയതായും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിരമിച്ച ത്രീ-സ്റ്റാര്‍ ജനറലിനെ നാമനിര്‍ദ്ദേശം ചെയ്യുന്നതായും പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു കൊണ്ടാണ് പിരിച്ചുവിടല്‍ നടപടി ആരംഭിച്ചത്.

 തൊട്ടുപിന്നാലെ, നാവികസേനയുടെ മേധാവിയും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫില്‍ ഉള്‍പ്പെട്ട ആദ്യ വനിതയുമായ അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനയുടെ വൈസ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ജെയിംസ് സ്ലൈഫിനെയും പുറത്താക്കുന്നതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു.

കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ ചില ഉന്നത ഉദ്യോഗസ്ഥരെ മാറ്റാന്‍ പദ്ധതിയിടുന്നതായും ഹെഗ്‌സെത്ത് പറഞ്ഞു.

പെന്റഗണ്‍ അതിന്റെ പ്രധാന യുദ്ധ ദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് ആരോപിച്ച ഒരു ഭരണകൂടം, സായുധ സേനയുടെ നിരവധി ശാഖകളിലെ ഉന്നത ചുമതലകളുടെ ഉദ്യോഗസ്ഥരെ മാറ്റി പുതിയവരെ നിയമിക്കാനുള്ള അഭൂതപൂര്‍വമായ നീക്കത്തിന്റെ ഭാഗമാണ് പിരിച്ചുവിടലുകള്‍.

പ്രതിരോധ വകുപ്പിലെ ചില പുറത്താക്കലുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, ഈ നീക്കങ്ങള്‍ പെന്റഗണെ ഞെട്ടിച്ചിരിക്കുകയാണ്. കൂടാതെ കമാന്‍ഡര്‍ ഇന്‍ ചീഫായ പ്രസിഡന്റിന് സൈന്യത്തിനുമേലുള്ള പിടി മുറുകിയതിനുപുറമെ ഭരണകൂടത്തെ വിമര്‍ശിച്ച മറ്റ് ജനറല്‍മാരുടെയും അഡ്മിറല്‍മാരുടെയും കരിയറിന് ഇനി എന്താണ് സംഭവിക്കുക എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്‍ത്തുന്നു.

''ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ നിലവിലെ ചെയര്‍മാന്‍ പദവി വഹിച്ചത് ഉള്‍പ്പെടെ നമ്മുടെ രാജ്യത്തിന് 40 വര്‍ഷത്തിലേറെ നല്‍കിയ സേവനത്തിന് ജനറല്‍ ചാള്‍സ് 'സിക്യു' ബ്രൗണിനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്ന് പ്രസിഡന്റ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ എഴുതി.  ബ്രൗണ്‍  ഒരു മികച്ച മാന്യനും മികച്ച നേതാവുമാണ്, അദ്ദേഹത്തിനും കുടുംബത്തിനും ഒരു മികച്ച ഭാവി ആശംസിക്കുന്നുവെന്നും പിരിച്ചുവിടല്‍ പ്രഖ്യാപനക്കുറിപ്പില്‍ ട്രംപ് പറഞ്ഞു.

''ഉയര്‍ന്ന പദവികള്‍ വഹിക്കുന്ന സൈനിക നേതാക്കളെ അവരുടെ യോഗ്യത കണക്കിലെടുക്കാതെ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പുറത്താക്കുന്നത് നമ്മുടെ സായുധ സേനയുടെയും ദേശീയ പ്രതിരോധത്തിന്റെയും സന്നദ്ധതയ്ക്ക് ഉടനടി വലിയതും നിലനില്‍ക്കുന്നതുമായ നാശനഷ്ടം വരുത്തുമെന്ന് ആംഡ് സര്‍വീസസ് കമ്മിറ്റി അംഗമായ ഡെമോക്രാറ്റ് സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്റല്‍ (കണക്റ്റിക്കട്ട്) എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

''എല്ലാ പ്രസിഡന്റുമാരെയും പോലെ, പ്രസിഡന്റ് ട്രംപും തനിക്ക് അറിയാവുന്ന, വിശ്വസിക്കുന്ന, ബന്ധമുള്ള സൈനിക ഉപദേഷ്ടാക്കളെ തിരഞ്ഞെടുക്കാന്‍ അര്‍ഹനാണെന്ന് അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം പറഞ്ഞു.

സൈന്യത്തിന്റെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ഉദ്യോഗസ്ഥനും പ്രസിഡന്റിന്റെ മുതിര്‍ന്ന സൈനിക ഉപദേഷ്ടാവുമായി സേവനമനുഷ്ഠിക്കുന്ന രണ്ടാമത്തെ കറുത്തവര്‍ഗക്കാരനായ ബ്രൗണിനെ മാറ്റിസ്ഥാപിക്കുന്നതിന് ട്രംപ് കാരണമൊന്നും പറഞ്ഞിട്ടില്ല. മറ്റ് ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലിനെക്കുറിച്ച് ഹെഗ്സെത്തും വിശദീകരിച്ചില്ല.

ഡിസംബര്‍ മധ്യത്തില്‍ കോണ്‍ഗ്രസിലെ പ്രധാന അംഗങ്ങളുടെ പിന്തുണയും ട്രംപുമായുള്ള ഒരു അനുകൂല കൂടിക്കാഴ്ചയും ഉണ്ടായിരുന്നിട്ടും ബ്രൗണ്‍ പുറത്താക്കപ്പെട്ടു. ആര്‍മി-നേവി ഫുട്‌ബോള്‍ മത്സരത്തില്‍ ഇരുവരും കുറച്ചുനേരം അടുത്തിരിക്കാനുള്ള അവസരവും ഉണ്ടായി. പെന്റഗണില്‍ ഹെഗ്സെത്തിനെ ബ്രൗണും തമ്മില്‍ പതിവായി കണ്ടുമുട്ടുകയും ചെയ്തിരുന്നു.

അനധികൃത കുടിയേറ്റം തടയാന്‍ യുഎസ് സൈനികരെ സജ്ജമാക്കാന്‍ ട്രംപ് ഉത്തരവിട്ടിരുന്ന യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലായിരുന്നു വെള്ളിയാഴ്ച, ബ്രൗണ്‍. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തന്നെ പുറത്താക്കുന്ന തീരുമാനം അദ്ദേഹം അറിഞ്ഞതായി ഒരു പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വെള്ളിയാഴ്ച പെന്റഗണില്‍ മീറ്റിംഗുകളില്‍ മുഴുകിയിരുന്ന തന്നെ പുറത്താക്കിയ വാര്‍ത്തയറിഞ്ഞ് അത്ഭുതപ്പെട്ടതായി ഫ്രാഞ്ചെറ്റി സോഷ്യല്‍ മീഡിയയില്‍ എഴുതി.

ഫ്രാഞ്ചെറ്റി, സ്ലൈഫ്, ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയുടെ ജഡ്ജി അഡ്വക്കേറ്റ്‌സ് ജനറല്‍ സ്ഥാനത്തേക്ക് ഹെഗ്സെത്ത് നോമിനികളെ പ്രഖ്യാപിച്ചില്ല, അവരുടെ പകരക്കാര്‍ക്കായി ശുപാര്‍ശകള്‍ തേടുമെന്ന് പറഞ്ഞ ഹെഗ്‌സത്ത് ആരില്‍ നിന്ന് നോമിനികളെ തേടുമെന്ന് വ്യക്തമാക്കിയില്ല.

വിരമിച്ച വ്യോമസേന ലെഫ്റ്റനന്റ് ജനറല്‍ ഡാന്‍ കെയ്നെ അടുത്ത ചെയര്‍മാനായി നാമനിര്‍ദ്ദേശം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു. കെയ്നെ സെനറ്റ് സ്ഥിരീകരിക്കണം.

'ജനറല്‍ കെയ്ന്‍ ഒരു സമര്‍ത്ഥനായ പൈലറ്റ്, ദേശീയ സുരക്ഷാ വിദഗ്ദ്ധന്‍, വിജയകരമായ സംരംഭകന്‍, കാര്യമായ ഇന്ററാജന്‍സി, സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് പരിചയമുള്ള ഒരു 'യുദ്ധവീരന്‍' എന്നീ നിലകളില്‍ പ്രഗത്ഭനാണെന്ന് ട്രംപ് പറഞ്ഞു.

ട്രംപിന്റെ ആദ്യ ഭരണകാലത്ത്  'ഐസിസ് കാലിഫേറ്റിനെ നശിപ്പിക്കാനുള്ള ശ്രമത്തിന് ജനറല്‍ കെയ്ന്‍ നേതൃത്വം നല്‍കിയിരുന്നു. ഇരുവരും ആദ്യ ടേമിലേക്ക് സമാനമായി വളരെ പിന്നോട്ട് പോവുകയാണെന്ന്  ഗ്രഹാം പറഞ്ഞു. 'അവര്‍ക്ക് ദീര്‍ഘകാല ബന്ധമുണ്ട്. ജോയിന്റ് ചീഫ്സിന്റെ ചെയര്‍മാനായി ചുമതലയേല്‍ക്കാന്‍ ശരിയായ സമയത്ത് ജനറല്‍ കെയ്ന്‍ ശരിയായ വ്യക്തിയാണെന്ന് തനിക്ക് ഉറപ്പുണ്ട് എന്നും ഗ്രഹാം പറഞ്ഞു.

2023 അവസാനം മുതല്‍ ഈ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബ്രൗണിനെ നാലുവര്‍ഷ കാലാവധി തീരുംമുമ്പാണ് മാറ്റിയത്.

നവംബറില്‍ ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ചെയര്‍മാനെന്ന നിലയില്‍ ബ്രൗണിന്റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. അദ്ദേഹത്തെ മാറ്റിസ്ഥാപിക്കാനുള്ള നീക്കം, കാലാവധി അവസാനിച്ചതിനുശേഷം മാത്രം ചെയര്‍മാനെ മാറ്റിസ്ഥാപിച്ച മിക്ക പ്രസിഡന്റുമാരുടെയും മുന്‍കാല രീതികളില്‍ നിന്നുള്ള കാഠിന്യമേറിയ ഒരു മാറ്റമാണ്.

തന്റെ ആദ്യ കാലയളവില്‍, വ്യോമസേനയെ നയിക്കാന്‍ ട്രംപ് ആണ് ബ്രൗണിനെ നാമനിര്‍ദ്ദേശം ചെയ്തത്. പ്രസിഡന്റ് ജോ ബൈഡനാണ് അദ്ദേഹത്തെ ചെയര്‍മാനായി സ്ഥാനക്കയറ്റം നല്‍കാനുള്ള തീരുമാനം എടുത്തത്.