പ്രശസ്ത ചെണ്ട കലാകാരന്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു

പ്രശസ്ത ചെണ്ട കലാകാരന്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു


പാലക്കാട്: പ്രശസ്ത ചെണ്ട കലാകാരനും കലാമണ്ഡലം ചെണ്ടവിഭാഗം മുന്‍ മേധാവിയുമായ വെള്ളിനേഴി തിരുവാഴിയാട് തേനേഴിത്തൊടി വീട്ടില്‍ കലാമണ്ഡലം ബാലസുന്ദരന്‍ (57) അന്തരിച്ചു. മൃതദേഹം ഇന്നു രാവിലെ 10.30 വരെ തിരുവാഴിയോട് തേനേഴിത്തൊടി വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

സംസ്‌കാരം 11നു പാമ്പാടി ഐവര്‍മഠത്തില്‍ നടക്കും. 1983ല്‍ കേരള കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട വിദ്യാര്‍ഥിയായി ചേര്‍ന്ന ബാലസുന്ദരന്‍ കലാനിലയം കുഞ്ചുണ്ണി, കലാമണ്ഡലം അച്ചുണ്ണി പൊതുവാള്‍, കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍, കലാമണ്ഡലം ബലരാമന്‍ എന്നിവരുടെ കീഴില്‍ ചെണ്ട പഠിച്ച് നാലു വര്‍ഷത്തെ ഡിപ്ലോമയും ഒരു വര്‍ഷത്തെ പോസ്റ്റ് ഡിപ്ലോമയും നേടി.

കേന്ദ്ര സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ സ്‌കോളര്‍ഷിപ്പും ലഭിച്ചു. 2004ല്‍ കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട അധ്യാപകനായി. 2023 മാര്‍ച്ചിലാണു വിരമിച്ചത്. തേനേഴിത്തൊടി അപ്പുക്കുട്ടതരകന്റെയും ശാന്തകുമാരിയുടെയും മകനാണ്.