ആപ്പിള്‍ സേവനങ്ങളില്‍ വ്യാപക തടസ്സം; ഐക്ലൗഡിലും ആപ്പിള്‍ പേയിലും ഉള്‍പ്പെടെ തകരാര്‍

ആപ്പിള്‍ സേവനങ്ങളില്‍ വ്യാപക തടസ്സം; ഐക്ലൗഡിലും ആപ്പിള്‍ പേയിലും ഉള്‍പ്പെടെ തകരാര്‍


ന്യൂയോര്‍ക്ക്:  അമേരിക്കയിലും വിവിധ രാജ്യങ്ങളിലും ആപ്പിളിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ വ്യാപക തടസ്സം നേരിട്ടതായി ആയിരക്കണക്കിന് ഉപയോക്താക്കള്‍. ചൊവ്വാഴ്ചയാണ് ഐക്ലൗഡ്, ആപ്പിള്‍ പേ, ആപ്പ് സ്‌റ്റോര്‍, ആപ്പിള്‍ സപ്പോര്‍ട്ട് തുടങ്ങിയ സേവനങ്ങളില്‍ തടസ്സം റിപ്പോര്‍ട്ട് ചെയ്തത്. ആപ്പിള്‍ സേവനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന ഡൗണ്‍ഡിറ്റക്ടറില്‍ ലഭിച്ച പരാതികളില്‍ പെട്ടെന്നുള്ള വര്‍ധനയുണ്ടായി.

ആദ്യം ആപ്പിള്‍ പേയുടെ പ്രവര്‍ത്തനത്തിലെ തകരാറുകളാണ് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നാലെ ഐക്ലൗഡിലും പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതായി ഉപയോക്താക്കള്‍ അറിയിച്ചു. ആപ്പിള്‍ അക്കൗണ്ടില്‍ പ്രവേശിക്കാനും ഐക്ലൗഡ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉപയോഗിക്കാനും കഴിയാത്ത അവസ്ഥയുണ്ടായി. പുതിയ ഐഫോണുകള്‍ സജീവമാക്കുന്നതിലും ചിലര്‍ക്ക് തടസ്സം നേരിട്ടു. അക്കൗണ്ടുകളില്‍നിന്ന് സ്വമേധയാ പുറത്താകുകയും വീണ്ടും പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ പരാജയപ്പെടുകയും ചെയ്തതായി പരാതികളുണ്ട്.

ആപ്പിള്‍ സപ്പോര്‍ട്ട്, ഐക്ലൗഡ്, ആപ്പിള്‍ പേ, ആപ്പ് സ്‌റ്റോര്‍ എന്നിവയ്ക്കു പുറമെ ആപ്പിള്‍ ബിസിനസ് മാനേജര്‍, ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ സ്‌റ്റോര്‍, സൈന്‍ ഇന്‍ വിത്ത് ആപ്പിള്‍, ആപ്പിള്‍ കാര്‍ഡ് തുടങ്ങിയ സേവനങ്ങളിലും തടസ്സം റിപ്പോര്‍ട്ട് ചെയ്തതായി ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കി. ആപ്പിളിന്റെ ഔദ്യോഗിക സിസ്റ്റം സ്റ്റാറ്റസ് പേജിലും ഐക്ലൗഡ് അക്കൗണ്ടുകള്‍, സൈന്‍ ഇന്‍ സംവിധാനം, ആപ്പ് സ്‌റ്റോര്‍, ആപ്പിള്‍ മ്യൂസിക് എന്നിവയുടെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുള്ളതായി രേഖപ്പെടുത്തിയിരുന്നു.

സമൂഹമാധ്യമമായ എക്‌സിലും നിരവധി ഉപയോക്താക്കള്‍ പരാതികളുമായി രംഗത്തെത്തി. ആപ്പിള്‍ പേ പ്രവര്‍ത്തിക്കുന്നില്ലെന്നും ഐക്ലൗഡില്‍ പ്രവേശിക്കുമ്പോള്‍ വീണ്ടും വീണ്ടും പാസ്‌വേഡ് നല്‍കേണ്ടിവരുന്നുവെന്നും ചിലര്‍ കുറിച്ചു. അക്കൗണ്ട് സ്ഥിരീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ 'വെരിഫിക്കേഷന്‍ പരാജയപ്പെട്ടു, അജ്ഞാത പിശക് സംഭവിച്ചു' എന്ന സന്ദേശം ലഭിക്കുന്നതായും ഉപയോക്താക്കള്‍ അറിയിച്ചു. പ്രശ്‌നം പരിഹരിക്കാനാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചിലര്‍ പ്രതികരിച്ചു.

അമേരിക്കയ്ക്കു പുറത്തും തടസ്സം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍, ഗ്രീസ്, ലാത്വിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഉപയോക്താക്കള്‍ പരാതികള്‍ ഉന്നയിച്ചു. ലാത്വിയയില്‍ ആപ്പിള്‍ പേ പ്രവര്‍ത്തിക്കാത്തതിനൊപ്പം അക്കൗണ്ടില്‍ പ്രവേശിക്കാനും കഴിയുന്നില്ലെന്ന് ഒരു ഉപയോക്താവ് എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രമുഖ ഓണ്‍ലൈന്‍ സേവനങ്ങളിലും ആശയവിനിമയ സംവിധാനങ്ങളിലും തുടര്‍ച്ചയായി തടസ്സങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ സേവനങ്ങളിലെ തകരാര്‍. നവംബര്‍ 12ന് മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിന്റെയും ടീമ്‌സിന്റെയും പ്രവര്‍ത്തനം 30 മണിക്കൂറിലേറെ തടസ്സപ്പെട്ടിരുന്നു. സാങ്കേതിക തകരാറാണ് കാരണമെന്ന് പിന്നീട് മൈക്രോസോഫ്റ്റ് വിശദീകരിച്ചു. നവംബര്‍ 13ന് സാങ്കേതിക പ്രശ്‌നത്തെത്തുടര്‍ന്ന് അമേരിക്കയിലെ വ്യോമഗതാഗതം പൂര്‍ണമായി നിര്‍ത്തിവയ്‌ക്കേണ്ടിവരികയും ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നു.

തിങ്കളാഴ്ച ജെ.പി. മോര്‍ഗന്‍ ചേസിന്റെ സംവിധാനങ്ങളിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് അമേരിക്കയിലെ പ്രമുഖ ബാങ്കുകളുടെ ഓണ്‍ലൈന്‍ സേവനങ്ങളും മണിക്കൂറുകളോളം തടസ്സപ്പെട്ടു. ചൊവ്വാഴ്ച തന്നെ ദേശീയ സുരക്ഷാ ഏജന്‍സിയായ എന്‍.എസ്.എ ഉപയോഗിക്കുന്ന അതീവ രഹസ്യ ആശയവിനിമയ ശൃംഖലയും പ്രവര്‍ത്തനരഹിതമായതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ച്ചയായ ഇത്തരം തകരാറുകള്‍ ഡിജിറ്റല്‍ സേവനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.