വിമാനയാത്രാ പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ വിമാനത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ പോയി; യാത്രയെ ന്യായീകരിച്ച് ഹോംലാന്‍ഡ് സുരക്ഷാ സെക്രട്ടറി

വിമാനയാത്രാ പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ വിമാനത്തില്‍ ഫുട്‌ബോള്‍ മത്സരം കാണാന്‍ പോയി; യാത്രയെ ന്യായീകരിച്ച് ഹോംലാന്‍ഡ് സുരക്ഷാ സെക്രട്ടറി


വാഷിംഗ്ടണ്‍: അമേരിക്കയില്‍ രാജ്യവ്യാപകമായി വിമാനങ്ങള്‍ നിലത്തിറക്കിയതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാര്‍ പ്രതിസന്ധിയിലായിരിക്കെ സര്‍ക്കാര്‍ വിമാനം ഉപയോഗിച്ച് ഫുട്‌ബോള്‍ മത്സരം കാണാന്‍ പോയതിനെ ന്യായീകരിച്ച് ഹോംലാന്‍ഡ് സുരക്ഷാ സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന്‍. ലൂസിയാന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയും (എല്‍.എസ്.യു) ടെക്‌സസും തമ്മിലുള്ള കോളജ് ഫുട്‌ബോള്‍ മത്സരം കാണാനാണ് ശനിയാഴ്ച അദ്ദേഹം ലൂസിയാനയിലെ ബാറ്റണ്‍ റൂജിലേക്ക് സര്‍ക്കാര്‍ വിമാനത്തില്‍ യാത്ര ചെയ്തത്.

യാത്രയെക്കുറിച്ച് ചൊവ്വാഴ്ച സി.എന്‍.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ക്കൊപ്പം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാനും കഴിയണമെന്ന് മുള്ളിന്‍ പറഞ്ഞു. വിമാനക്കമ്പനികളുടെയും വ്യോമപാതകളുടെയും പ്രവര്‍ത്തനം പൂര്‍ണമായി പുനഃസ്ഥാപിച്ച ശേഷമാണ് യാത്ര നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിമാനഗതാഗതം തടസ്സമില്ലാതെ 21 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് താന്‍ യാത്ര ചെയ്തതെന്നും മുള്ളിന്‍ വിശദീകരിച്ചു.

വെള്ളിയാഴ്ചയാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നാലുമണിക്കൂറിലേറെ നീണ്ടുനിന്ന അപൂര്‍വമായ രാജ്യവ്യാപക ഗ്രൗണ്ട് സ്‌റ്റോപ്പ് പ്രഖ്യാപിച്ചത്. ടെലികമ്യൂണിക്കേഷന്‍ സംവിധാനത്തിലെ തകരാറാണ് നടപടിക്ക് കാരണമെന്ന് ഗതാഗത സെക്രട്ടറി സീന്‍ ഡഫിയും മുള്ളിനും പറഞ്ഞിരുന്നു. വിമാനങ്ങള്‍ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ ശനിയാഴ്ചയും ആയിരക്കണക്കിന് യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി.

സുരക്ഷിത ആശയവിനിമയ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുന്നതിനും ദേശീയ അടിയന്തര സാഹചര്യമുണ്ടായാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിനും നിയമപ്രകാരം മുള്ളിന്‍ സര്‍ക്കാര്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതുണ്ടെന്ന് ഹോംലാന്‍ഡ് സുരക്ഷാ വകുപ്പിന്റെ വക്താവ് അറിയിച്ചു. ഔദ്യോഗിക ചുമതലയുമായി ബന്ധമില്ലാത്ത യാത്രകള്‍ക്കുള്ള ചെലവ് അദ്ദേഹം വ്യക്തിപരമായി വഹിക്കുമെന്നും വക്താവ് വ്യക്തമാക്കി. എല്ലാ ധാര്‍മിക ചട്ടങ്ങളും മുള്ളിന്‍ പാലിക്കുന്നുണ്ടെന്നും വകുപ്പ് വിശദീകരിച്ചു.

ലൂസിയാനയില്‍ നിന്നുള്ള ജനപ്രതിനിധിസഭാ ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്‌കാലിസില്‍നിന്നാണ് മത്സരത്തിനുള്ള ടിക്കറ്റുകള്‍ ലഭിച്ചതെന്ന് മുള്ളിന്‍ പറഞ്ഞു. ടിക്കറ്റുകള്‍ക്ക് വിപണിയിലെ പൂര്‍ണവില അദ്ദേഹം നല്‍കിയതായും വിഷയവുമായി അടുത്ത ബന്ധമുള്ള ഒരു വൃത്തം അറിയിച്ചു. പതിറ്റാണ്ടുകളായി ഹോംലാന്‍ഡ് സുരക്ഷാ വകുപ്പുമായി കരാറുകളുള്ള ബോളിഞ്ചര്‍ ഷിപ്പിങ് കമ്പനിയുടെ സി.ഇ.ഒ ബെന്‍ ബോര്‍ഡലോണിന്റെ സ്വകാര്യ ബോക്‌സിലിരുന്നാണ് മുള്ളിന്‍ മത്സരം കണ്ടതെന്നാണ് റിപ്പോര്‍ട്ട്. മത്സരത്തിനെത്തുന്നതിനു മുമ്പ് ബോര്‍ഡലോണിനെ മുള്ളിന്‍ പരിചയപ്പെട്ടിരുന്നില്ലെന്നും ബന്ധപ്പെട്ട വൃത്തം പറഞ്ഞു.

തന്റെ 12 വയസ്സുള്ള ബന്ധുവായ പെണ്‍കുട്ടിയുടെ ആഗ്രഹം നിറവേറ്റാനാണ് മത്സരം കാണാന്‍ പോയതെന്നും മുള്ളിന്‍ അഭിമുഖത്തില്‍ വിശദീകരിച്ചു. പെണ്‍കുട്ടി എല്‍.എസ്.യുവിന്റെ കടുത്ത ആരാധികയാണെന്നും ടീമിലെ കളിക്കാരെയും പരിശീലകരെയും കുറിച്ച് വ്യക്തമായ അറിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെന്റക്കി ടീമിന്റെ മത്സരം വീട്ടിലിരുന്ന് കാണുന്നതിനിടെ പെണ്‍കുട്ടിയുടെ താല്‍പര്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഒരിക്കല്‍ എല്‍.എസ്.യു മത്സരം നേരിട്ടു കാണാന്‍ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തതെന്നും മുള്ളിന്‍ വ്യക്തമാക്കി.