ബോയിംഗ് ഇന്ത്യയിലെ 180 ജീവനക്കാരെ പിരിച്ചുവിട്ടു

ബോയിംഗ് ഇന്ത്യയിലെ 180 ജീവനക്കാരെ പിരിച്ചുവിട്ടു


ന്യൂഡല്‍ഹി: ആഗോളതലത്തില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിംഗ് ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് ടെക്‌നോളജി സെന്ററിലെ 180 ജീവനക്കാരെ വരെ പിരിച്ചുവിട്ടതായി കമ്പനിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ആഗോളതലത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്ന ബോയിംഗിന് അവരുടെ പ്രധാന ആഗോള വിപണികൂടിയായ ഇന്ത്യയില്‍ ഏകദേശം 7,000 ജീവനക്കാരാണുള്ളത്. ബോയിംഗ് ആഗോളതലത്തില്‍ ഏകദേശം 10 ശതമാനം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

ആഗോളതലത്തില്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി, 2024 ഡിസംബര്‍ പാദത്തില്‍ ബെംഗളൂരുവിലെ ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ടെക്‌നോളജി സെന്ററിലെ 180 ജീവനക്കാരെ വരെ പിരിച്ചുവിട്ടതായി നടപടിയെക്കുറിച്ച് അറിയാവുന്നവര്‍ പറഞ്ഞു.

ബോയിംഗില്‍ നിന്ന് ഇതെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനയൊന്നും ഉണ്ടായിട്ടില്ല.

പരിമിതമായ തസ്തികകളെ ബാധിക്കുന്ന തന്ത്രപരമായ ക്രമീകരണങ്ങള്‍ വരുത്തിയതായും അതേസമയം ഉപഭോക്താക്കളെയോ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെയോ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കിയതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ചില തസ്തികകള്‍ നീക്കം ചെയ്തിട്ടുണ്ടെങ്കിലും പകരം പുതിയ തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും, ഇന്ത്യയിലെ ഒഴിവുകള്‍ കൂടുതല്‍ കണക്കാക്കിയിട്ടുണ്ടെന്നും ഉപഭോക്തൃ സേവനം, സുരക്ഷ, ഗുണനിലവാര മാനദണ്ഡങ്ങള്‍ എന്നിവ നിലനിര്‍ത്തുന്നതില്‍ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സങ്കീര്‍ണ്ണമായ നൂതന എയ്‌റോസ്‌പേസ് ജോലികളാണ് ബെംഗളൂരുവിലെയും ചെന്നൈയിലെയും ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് & ടെക്‌നോളജി സെന്റര്‍ (BIETC)  ഏറ്റെടുക്കുന്നത്.

യുഎസിന് പുറത്തുള്ള ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ് ബെംഗളൂരുവിലെ കമ്പനിയുടെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ്, ടെക്‌നോളജി കാമ്പസ്. കൂടാതെ, 300ലധികം വിതരണക്കാരുടെ ശൃംഖലയില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള ബോയിംഗിന്റെ സോഴ്‌സിംഗ് പ്രതിവര്‍ഷം ഏകദേശം 1.25 ബില്യണ്‍ യുഎസ് ഡോളറാണെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു.