ഒട്ടാവ: കാനഡയിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃതിരഞ്ഞെടുപ്പില്‍ ഇന്ത്യ ഇടപെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി നേതാവ് പിയറി പൊയ്‌ലിവ്രെ. 'ന്യായമായും സത്യസന്ധമായും' ആണ് തെരഞ്ഞെടുപ്പ് നടന്നതെന്നും അങ്ങനെയാണ് താന്‍ വിജയിച്ചതെന്നും പിയറി പൊയ്‌ലിവ്രെ പറഞ്ഞു.
2022 ലെ നേതൃത്വ മത്സരത്തില്‍ പൊയ്‌ലിവ്രെയ്ക്ക് വേണ്ടി ധനസമാഹരണത്തിലും കാനഡയിലെ ദക്ഷിണേഷ്യന്‍ സമൂഹത്തിനുള്ളില്‍ പിന്തുണ സംഘടിപ്പിക്കുന്നതിലും ഇന്ത്യന്‍ ഏജന്റുമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉയര്‍ന്ന സുരക്ഷാ അനുമതിയുള്ള ഒരു ഉറവിടത്തെ ഉദ്ധരിച്ച് ഗ്ലോബ് ആന്‍ഡ് മെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആരോപിക്കപ്പെട്ട ഇന്ത്യന്‍ ഇടപെടലിനെക്കുറിച്ച് പൊയ്‌ലിവ്രെയോ അദ്ദേഹത്തിന്റെ സംഘമോ അറിഞ്ഞിരുന്നതായി തെളിവുകളൊന്നുമില്ല.
കാനഡയില്‍ ഏപ്രില്‍ 28 ന് പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്. തെരഞ്ഞെടുപ്പിന്റെ രണ്ടാംദിന പ്രചാരണത്തിലും ഈ ആരോപണം ആധിപത്യം പുലര്‍ത്തി.
കാനഡയിലെ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യ ഇടപെട്ടതായി മുമ്പ് ആരോപിക്കപ്പെട്ടിരുന്നു. ഇന്ത്യാഗവണ്‍മെന്റ് ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
ആവശ്യമായ സുരക്ഷാ അനുമതി ആവശ്യപ്പെടാത്തതിനാല്‍, പൊയ്‌ലിവ്രെയ്ക്കുവേണ്ടി ഇന്ത്യ ഇടപെട്ടതായി ആരോപിക്കപ്പെടുന്ന വിഷയം ഉന്നയിക്കാന്‍ കനേഡിയന്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് കഴിഞ്ഞില്ലെന്ന് ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
എല്ലാ പാര്‍ട്ടികളിലെയും കനേഡിയന്‍ രാഷ്ട്രീയക്കാരെ സ്വാധീനിക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യയുടെ ഇടപെടല്‍ ശ്രമങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു.
സുരക്ഷാ അനുമതി തേടാത്ത, പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന, ഒരേയൊരു കനേഡിയന്‍ ഫെഡറല്‍ പാര്‍ട്ടി നേതാവാണ് പൊയ്‌ലിവ്രെ.
ഇന്ത്യയുമായി ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങള്‍ നിഷേധിച്ച പൊയ്‌ലിവ്രെ എതിരാളികള്‍ പ്രശ്‌നം രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്ന് ആരോപിച്ചു. സുരക്ഷാ അനുമതി തേടാത്തത് ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് പരസ്യമായി സംസാരിക്കാന്‍ തനിക്ക് കഴിയില്ലാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
2022 ലെ നേതൃത്വ മത്സരത്തില്‍ പൊയ്‌ലിവ്രെ 68% വോട്ടോടെ വിജയിച്ചു. ആരോപിക്കപ്പെടുന്ന ഇടപെടല്‍ ശ്രമം ഫലത്തെ സ്വാധീനിച്ചതായി സൂചനയില്ലെന്ന് കനേഡിയന്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ പറഞ്ഞതായി ഗ്ലോബ് ആന്‍ഡ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗ്ലോബിന്റെ റിപ്പോര്‍ട്ട് റേഡിയോകാനഡ പ്രക്ഷേപകരും സ്ഥിരീകരിച്ചു.
പൊയ്‌ലിവ്രെ സുരക്ഷ ക്ലിയറന്‍സ് തേടാത്തതിനെ വിമര്‍ശിച്ച ലിബറല്‍ നേതാവ് മാര്‍ക്ക് കാര്‍ണിയും ഈ ആരോപണങ്ങള്‍ രാഷ്ട്രീയ ആയുധമായിക്കി. 'അമ്പരപ്പിക്കുന്നതിലുമപ്പുറമാണ്' ഇതെന്ന് കാര്‍ണി ചൊവ്വാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'പ്രതിപക്ഷ നേതാവ് ദിവസം തോറും, മാസം തോറും, വര്‍ഷം തോറും സുരക്ഷാ ക്ലിയറന്‍സ് നേടാന്‍ വിസമ്മതിക്കുന്നത് തികച്ചും നിരുത്തരവാദപരമാണെന്ന് ഞാന്‍ കരുതുന്നു- കാര്‍ണി പറഞ്ഞു.
കാനഡയിലെ തിരഞ്ഞെടുപ്പുകളില്‍ വിദേശ ഇടപെടല്‍ സമീപ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ആശങ്കയാണ്. ഈ വിഷയം പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒരു പൊതു അന്വേഷണം ആരംഭിച്ചു.
കാനഡയിലെ മുന്‍ രണ്ട് തിരഞ്ഞെടുപ്പുകളില്‍ ചൈനയും ഇന്ത്യയും ഇടപെടാന്‍ ശ്രമിച്ചതായാണ് വിദേശ ഇടപെടല്‍ സംബന്ധിച്ച അന്വേഷണത്തില്‍ അനുമാനിക്കപ്പെട്ടത്.
ഈ ശ്രമങ്ങള്‍ 'ശല്യപ്പെടുത്തുന്ന'താണെങ്കിലും അവയ്ക്ക് 'കുറഞ്ഞ സ്വാധീനം' മാത്രമേ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ തെറ്റായ വിവരങ്ങള്‍ രാജ്യത്തിന്റെ ജനാധിപത്യത്തിന് 'അസ്തിത്വ ഭീഷണി' ഉയര്‍ത്തുന്നുവെന്ന് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് പറഞ്ഞു.
ചൈന, റഷ്യ, ഇന്ത്യ എന്നിവയുമായി ബന്ധമുള്ള ഏജന്റുമാര്‍ നിലവിലുള്ള പ്രചാരണത്തെയും സ്വാധീനിക്കാന്‍ ശ്രമിക്കുമെന്ന് കനേഡിയന്‍ തിരഞ്ഞെടുപ്പ് സമഗ്രത ടാസ്‌ക് ഫോഴ്‌സ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കി.
കാനഡയിലെ പ്രവാസി സമൂഹങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് വിദേശ ഏജന്റുമാര്‍ക്ക് കൃത്രിമ ബുദ്ധി, പ്രോക്‌സികള്‍, തെറ്റായ ഓണ്‍ലൈന്‍ വിവരങ്ങള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് വോട്ട് ചെയ്യുന്ന രീതിയെ സ്വാധീനിക്കാന്‍ ശ്രമിക്കാമെന്ന് സെക്യൂരിറ്റി ആന്‍ഡ് ഇന്റലിജന്‍സ് ത്രെറ്റ്‌സ് ടു ഇലക്ഷന്‍സ് (SITE) ടാസ്‌ക് ഫോഴ്‌സ് പറഞ്ഞു.
ഇതിന്റെ ഫലമായി തെറ്റായ വിവരങ്ങള്‍ നല്‍കുന്ന വിഷയങ്ങളില്‍ 'കൂടുതല്‍ സജീവമായ' ഫെഡറല്‍ ഗവണ്‍മെന്റിന്റെ പ്രതികരണം കനേഡിയന്‍ ജനതയ്ക്ക് കാണാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
