മര്‍മാന്‍സ്‌ക് (റഷ്യ): ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ താല്‍പ്പര്യം തള്ളിക്കളയുന്നത് 'വലിയ തെറ്റ് ' ആയിരിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്‍. എന്നാല്‍ റഷ്യയെ സംബന്ധിച്ച് അത് ഒരുതരത്തിലും ആശങ്കയുണ്ടാക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക് സര്‍ക്കിളിന് വടക്കുള്ള ലോകത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ റഷ്യന്‍ തുറമുഖ നഗരമായ മര്‍മാന്‍സ്‌കില്‍ പ്രസംഗിക്കുന്നതിനിടെയാണ് പുട്ടിന്‍ ഈ പരാമര്‍ശം നടത്തിയത്.
'ചുരുക്കത്തില്‍, ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട അമേരിക്കയുടെ പദ്ധതികള്‍ ഗൗരവമുള്ളതാണ്. ഈ പദ്ധതികള്‍ക്ക് ആഴത്തിലുള്ള ചരിത്രപരമായ വേരുകളുണ്ട്. ആര്‍ട്ടിക് മേഖലയിലെ തങ്ങളുടെ പ്രദേശികവും, സൈനികരാഷ്ട്രീയപരവും, സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ യുഎസ് വ്യവസ്ഥാപിതമായി പിന്തുടരുന്നത് തുടരുമെന്ന് വ്യക്തമാണെന്ന് ആര്‍ട്ടിക് മേഖലയിലേക്കുള്ള റഷ്യന്‍ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഫോറത്തില്‍ പുട്ടിന്‍ പറഞ്ഞു.
സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശം അമേരിക്ക പിടിച്ചെടുക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സും രണ്ടാം വനിത ഉഷ വാന്‍സും ഉള്‍പ്പെടെയുള്ള അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ഗ്രീന്‍ലാന്‍ഡില്‍ സന്ദര്‍ശനത്തിന് എത്തുന്നതിനിടെയാണ് പുടിന്റെ പരാമര്‍ശം. അവര്‍ ഒരു യുഎസ് ബഹിരാകാശ സേനാ താവളം സന്ദര്‍ശിക്കും.
'ഗ്രീന്‍ലാന്‍ഡിനെ സംബന്ധിച്ചിടത്തോളം രണ്ട് പ്രത്യേക രാജ്യങ്ങളുടെ കാര്യമാണെന്നും റഷ്യയുമായി അതിന് ഒരു ബന്ധവുമില്ല,' എന്നും പുട്ടിന്‍ മര്‍മന്‍സ്‌ക് പ്രസംഗത്തിനിടെ പറഞ്ഞു.
യുക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഐക്യരാഷ്ട്രസഭ ഒരു താല്‍ക്കാലിക സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന പുടിന്റെ നിര്‍ദ്ദേശം വ്യാഴാഴ്ച അമേരിക്ക നിരസിച്ചതിനു പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റിന്റെ പ്രസംഗം.
'യുക്രെയ്‌നില്‍ താല്‍ക്കാലിക ഭരണം ഏര്‍പ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് നമുക്ക് ചര്‍ച്ച ചെയ്യാമെന്ന് പുട്ടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുന്‍ കാലങ്ങളിലും ഐക്യരാഷ്ട്രസഭ അങ്ങനെ ചെയ്യാറുണ്ടെന്ന് പുട്ടിന്‍ കൂട്ടിച്ചേര്‍ത്തു.
ഈ നിര്‍ദ്ദേശമാണ് വൈറ്റ് ഹൗസ് പിന്നീട് തള്ളിക്കളഞ്ഞത്.
ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതിലുള്ള അമേരിക്കയുടെ താല്‍പ്പര്യം തള്ളിക്കളയുന്നത് 'വലിയ തെറ്റ് ' ആയിരിക്കുമെന്ന് പുട്ടിന്‍
