ചണ്ഡീഗഡ്: ഹരിയാനവി ഗായകന്‍ മസൂം ശര്‍മയുടെ സംഗീത പരിപാടിക്കിടെ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. മണിമാജ്ര സ്വദേശികളായ ലാവിഷ്, ഉദേയ്, സാഹില്‍, രാഘവ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പഞ്ചാബ് സര്‍വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി കമ്പ്യൂട്ടര്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആദിത്യ താക്കൂര്‍ ആണ് വെള്ളിയാഴ്ച രാത്രി പരിപാടിക്കിടെ കൊല്ലപ്പെട്ടത്. പരിക്കേറ്റ ആദിത്യയെ ഉടന്‍ തന്നെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (പിജിഐഎംഇആര്‍) എത്തിച്ചെങ്കിലും മരിച്ചു.
സംഗീത പരിപാടിക്കിടെ ആദിത്യക്ക് കുത്തേല്‍ക്കുകയായിരുന്നു. സംഗീത പരിപാടിക്കിടയില്‍ വച്ച് ആദിത്യയുമായി തര്‍ക്കമുണ്ടായിരുന്നതായി ചോദ്യം ചെയ്യലില്‍ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. തര്‍ക്കം വഷളായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് മൈതാനത്ത് ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടെ പ്രതികള്‍ ആദിത്യയെ കുത്തുകയും പിന്നീട് ഓടി രക്ഷപ്പെടുകയുമായിരുന്നു.
മൊഹാലി ലാന്‍ഡ്രാനിലുള്ള സ്വകാര്യ കോളജിലെ വിദ്യാര്‍ഥിയാണ് പിടിയിലായ ലാവിഷ്. അതേസമയം ഉദേയും രാഘവും ചണ്ഡീഗഡിലെ സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളാണ്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകം സംബന്ധിച്ച് പഞ്ചാബ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പൊലീസിനും സര്‍വകലാശാല അധികാരികള്‍ക്കുമെതിരെ പ്രതിഷേധം നടത്തിയിരുന്നു.
സംഗീത പരിപാടിക്കിടെ വിദ്യാര്‍ഥിയെ കുത്തിക്കൊന്ന സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍
