ബുര്‍ഖ സിറ്റിയുടെ പകര്‍പ്പോ ലാപതാ ലേഡീസെന്ന ചര്‍ച്ചയുമായി നെറ്റിസണ്‍സ്

ബുര്‍ഖ സിറ്റിയുടെ പകര്‍പ്പോ ലാപതാ ലേഡീസെന്ന ചര്‍ച്ചയുമായി നെറ്റിസണ്‍സ്


മുംബൈ: കിരണ്‍ റാവുവിന്റെ ലാപത ലേഡീസ് എന്ന ചിത്രം അറബി ചിത്രമായ ബുര്‍ഖ സിറ്റിയുടെ പകര്‍പ്പാണെന്ന് നെറ്റിസണ്‍സ്. 

2023ലാണ് ലാപത ലേഡീസ് പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രശംസ നേടിയ സിനിമ 2025ലെ ഓസ്‌കാര്‍ നോമിനേഷന് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. ഇതിനു പിന്നാലെയാണ് ആമിര്‍ഖാന്‍ നിര്‍മിച്ച ലാപത ലേഡീസിനെ കുറിച്ച് അറബി സിനിമയുടെ പകര്‍പ്പാണെന്ന ആരോപണം ഉയര്‍ന്നത്.

ലാപത ലേഡീസും അറബി സിനിമ ബുര്‍ഖ സിറ്റിയും തമ്മിലുള്ള ശ്രദ്ധേയമായ സാമ്യങ്ങള്‍ നെറ്റിസണ്‍സ് ശ്രദ്ധിച്ചതിനെ തുടര്‍ന്നാണ് റാവുവിന്റെ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചയുണ്ടായത്. 

ഫാബ്രിസ് ബ്രാക്ക് സംവിധാനം ചെയ്ത 2019ലെ ഹ്രസ്വചിത്രമായ ബുര്‍ഖ സിറ്റിയിലെ ഒരു ക്ലിപ്പ് വൈറലായതിനു പിന്നാലെയായിരുന്നു പുതിയ ചര്‍ച്ച ഉയര്‍ന്നത്. 

മിഡില്‍ ഈസ്റ്റില്‍ ഒരുക്കിയ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ബുര്‍ഖ സിറ്റി അടുത്തിടെ വിവാഹിതനായ യുവാവിന് ഭാര്യയെ മാറുന്ന കഥയാണ് പറയുന്നത്. ഇരുവരും കറുത്ത ബുര്‍ഖയാണ് ധരിച്ചിരുന്നത്.  

അതുപോലെ, ലാപതാ ലേഡീസില്‍ തന്റെ ഭാര്യയെ പോലെ മുഖം മറച്ച മറ്റൊരു സ്ത്രീയെ തെറ്റായി വീട്ടിലേക്ക് കൊണ്ടുവന്നതിനെത്തുടര്‍ന്ന് ഭാര്യയെ കാണാതാവുന്ന ഒരു യുവാവിനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വധുക്കളെ പരസ്പരം കൈമാറുന്ന ഈ ആശയം ഓണ്‍ലൈനില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.

ബുര്‍ഖ സിറ്റിയും ലാപതാ ലേഡീസും തമ്മിലുള്ള കഥയിലെ ശ്രദ്ധേയമായ സമാനത കോപ്പിയടിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. മറ്റൊരു ചിത്രം പകര്‍ത്തിയതായി ആരോപിച്ച് എക്‌സ് ഉപയോക്താക്കള്‍ റാവുവിനെ വിമര്‍ശിക്കുന്നു.

ഇരുസിനിമകളേയും താരതമ്യം ചെയ്തുകൊണ്ട്, നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രണ്ട് സിനിമകളില്‍ നിന്നുമുള്ള വീഡിയോകള്‍ പങ്കിട്ടു. കോപ്പിയടി ആരോപണങ്ങളോട് നിര്‍മ്മാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.