ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ നാവികസേന വന്‍ ലഹരിവേട്ട നടത്തി. 2500 കിലോ വരുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. 2386 കിലോ ഹാഷിഷും 121 കിലോ ഹെറോയിനുമാണു പിടിയിലായത്.
മാര്‍ച്ച് 31ന് ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ നീരീക്ഷണപ്പറക്കല്‍ നടത്തുകയായിരുന്ന പി8ഐ വിമാനമാണു സംശയസ്പദമായ സാഹചര്യത്തില്‍ ചില ബോട്ടുകള്‍ കണ്ടത്. തുടര്‍ന്ന് ഈ വിവരം സുരക്ഷ ആവശ്യത്തിനായി നാവികസേന ഇവിടെ നിയോഗിച്ചിരിക്കുന്ന ഐഎന്‍എസ് തര്‍ക്കാഷ് യുദ്ധക്കപ്പലിനു കൈമാറുകയായിരുന്നു.
വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയിലേക്ക് എത്തിയ യുദ്ധക്കപ്പല്‍ ബോട്ടുകളെ വളയുകയും നാവികസേനയുടെ ഹെലികോപ്റ്ററിന്റെ സഹായത്തോടെ നാവിക കമാന്‍ഡോ സംഘമായ മാര്‍ക്കോസിനെ ബോട്ടുകളിലേക്ക് എത്തിക്കുകയും ചെയ്തു. പിന്നീട് നടന്ന പരിശോധനയിലാണു ബോട്ടിലെ വിവിധ അറകളില്‍ സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിലുള്ള ലഹരിവസ്തുക്കള്‍ പിടികൂടിയത്. ബോട്ടില്‍ നിന്നു കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്യലിനായി മുംബൈയിലേക്ക് എത്തിച്ചു.
ഇവരെ സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നാവികസേന പുറത്തുവിട്ടില്ല. അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയുടെ ഭാഗമായവരെയാണു പിടികൂടിയതെന്നാണ് ഉന്നത നാവികസേനാ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.