യുഎസിലുള്ള എച്ച് 1 ബി വിസക്കാര്‍ രാജ്യം വിടുംമുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന് ടെക് കമ്പനികള്‍

യുഎസിലുള്ള എച്ച് 1 ബി വിസക്കാര്‍ രാജ്യം വിടുംമുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്ന് ടെക് കമ്പനികള്‍


വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് കുടിയേറ്റ ടെക്കികള്‍ അമേരിക്കയില്‍ തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നേരിടുന്നതിനിടയില്‍ ഗൂഗിളും ആമസോണും ഉള്‍പ്പെടെയുള്ള പ്രമുഖ ടെക് കമ്പനികള്‍ തങ്ങളുടെ എച്ച്1ബി വിസ ഉടമകളായ ജീവനക്കാരോട് അമേരിക്കന്‍ മണ്ണ് വിട്ടുപോകരുതെന്ന് ആവശ്യപ്പെടുന്നതായി റിപ്പോര്‍ട്ട്. ഒരിക്കല്‍ രാജ്യം വിട്ടാല്‍ പിന്നെ അവരെ തിരികെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ല എന്നാണ് ഇതിനുകാരണമായി ടെക് കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രസിഡന്റ് ട്രംപിന്റെ ആദ്യ വൈറ്റ് ഹൗസ് ഭരണകാലത്ത് സംഭവിച്ചതുപോലെ, ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിസകള്‍ക്കുള്ള നിരസിക്കല്‍ നിരക്കുകള്‍ ഉയരുമെന്ന് ആശങ്കയുണ്ടെന്ന് ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.എസിലെ ജന്‍മാവകാശ പൗരത്വം റദ്ദാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതോടെയാണ് എച്ച് വണ്‍ ബി വിസയുള്ളവരുടെ ആശങ്കകള്‍ വര്‍ധിപ്പിച്ചത്. തന്‍മൂലം ഭാവിയില്‍ തങ്ങള്‍ക്ക് യു.എസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് നാടുപോലും ഇല്ലാതായിപ്പോകുമോ എന്ന ഭീതിയിലാണ് ഇന്ത്യന്‍ ടെക് ദമ്പതികള്‍. അതിനിടെയാണ് യു.എസ് വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് രണ്ടുവട്ടം ആലോചിക്കണമെന്നാണ് ആമസോണും ഗൂഗഌം എച്ച് വണ്‍ ബി വിസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. കാരണം ഒരിക്കല്‍ വിട്ടുപോയാല്‍ പിന്നീടൊരു മടക്കം ഒരിക്കലും സാധ്യമാവാതെ വരാം. ഇത് കണക്കിലെടുത്ത് യു.എസില്‍ തന്നെ തുടരാനും തീരുമാനിച്ചവരുണ്ട്.

ഈ ഭീതിയില്‍ പ്രസവം നേരത്തേയാക്കാന്‍ തീരുമാനിച്ച നിരവധി ദമ്പതികളുണ്ടായിരുന്നു. എച്ച് വണ്‍ ബി വിസ വഴിയാണ് ഉന്നത വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും ആവശ്യമുള്ള സ്‌പെഷ്യലൈസ്ഡ് മേഖലകളില്‍ വിദേശത്തുനിന്നുള്ള പ്രഫഷനലുകളെ കമ്പനികള്‍ നിയമിക്കുന്നത്. ഈ വിസ വഴി 65,000 പേര്‍ക്ക് നിയമനം ലഭിക്കും. തൊഴിലുടമയാണ് ഈ വിസ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാനാകില്ല. യു.എസിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് ബിരുദാനന്തര ബിരുദമോ അതിനു മുകളിലുള്ള യോഗ്യതയോ നേടിയ വിദേശ ജോലിക്കാര്‍ക്ക് 20,000 അധിക വിസകളും ഉണ്ട്. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കാണ് എച്ച് വണ്‍ ബി വിസ നല്‍കുക. പരമാവധി ആറുവര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാനും സാധിക്കും. യു.എസില്‍ സ്ഥിര താമസത്തിന് ഒരുങ്ങുന്നവര്‍ക്കാണ് ഇത് മുതല്‍ക്കൂട്ടാവുക.

എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് ഗ്രീന്‍ കാര്‍ഡിന് അപേക്ഷിക്കാം. എച്ച് വണ്‍ ബി വിസ ഉള്ളവര്‍ക്ക് എച്ച്4 വിസ പ്രകാരം ഭാര്യ/ ഭര്‍ത്താവിനെയും കുട്ടികളെയും കൊണ്ടുവരാം. എച്ച് വണ്‍ ബി വിസ കിട്ടുന്നവരില്‍ ഏതാണ്ട് ഭൂരിഭാഗവും ഇന്ത്യന്‍ വംശജരാണ്. ചൈനക്കാരും കാനഡക്കാരുമാണ് തൊട്ടുപിന്നിലുള്ളത്.

ഗൂഗ്ള്‍, മെറ്റ, മൈക്രോസോഫ്റ്റ്, ആപ്പ്ള്‍ കമ്പനികളാണ് ഏറ്റവും കൂടുതല്‍ എച്ച് വണ്‍ ബി വിസ നല്‍കുന്നത്.