താരിഫ് യുദ്ധം തിരിച്ചടിക്കുന്നോ? യു.എസ് ഓഹരി വിപണിയിൽ കനത്ത ഇടിവ്

താരിഫ് യുദ്ധം തിരിച്ചടിക്കുന്നോ? യു.എസ് ഓഹരി വിപണിയിൽ കനത്ത ഇടിവ്


വാഷിംഗ്ടൺ: ലോകത്തെ വിവിധ രാജ്യങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടിക്ക് പിന്നാലെ യു.എസ് ഓഹരി വിപണിയിൽ കനത്ത ഇടിവ്. കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് യു.എസ് വിപണിയിൽ ഇത്രയും വലിയ തിരിച്ചടിയുണ്ടാവുന്നത്. 2020ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് യു.എസ് ഓഹരി വിപണി അഭിമുഖീകരിക്കുന്നത്. ട്രംപിന്റെ തീരുവ വ്യാപാര യുദ്ധത്തിലേക്കും ആഗോളസാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയാണ് വിപണികളെ ഉലച്ചത്.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവേറജിൽ 1,679.39 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്. 3.98 ശതമാനം നഷ്ടമാണ് ഡൗ ജോൺസിൽ ഉണ്ടായത്. എസ്&പി 500 274 പോയിന്റ് ഇടിഞ്ഞു. 4.84 ശതമാനം നഷ്ടമാണ് ഉണ്ടായത്. നാസ്ഡാകിൽ 1050.44 പോയിന്റ് നഷ്ടമാണ് ഉണ്ടായത്. 5.97 ശതമാനമാണ് നാസ്ഡാക്കിലെ നഷ്ടം. 16,550.61ലാണ് നാസ്ഡാക്കിലെ വ്യാപാരം.

ഓഹരികളിൽ ആപ്പിളിനാണ് കനത്ത നഷ്ടമുണ്ടായത്. 9.2 ശതമാനം ഇടിവാണ് ആപ്പിളിനുണ്ടായത്. അഞ്ച് വർഷത്തിനിടെ ആപ്പിളിനുണ്ടാവുന്ന ഏറ്റവും വലിയ പ്രതിദിന നഷ്ടമാണിത്. മറ്റൊരു ഐ.ടി ഭീമനായ നിവിദിയക്ക് 7.8 ശതമാനം നഷ്ടമുണ്ടായി. ആമസോൺ ഓഹരിക്ക് ഒമ്പത് ശതമാനം നഷ്ടമുണ്ടായി. 2.4 ശതമാനമാണ് ആമസോണിന്റെ നഷ്ടം.

പുതു വ്യാപാരയുദ്ധത്തിന് തുടക്കമിട്ട് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് പകരം തീരുവ പ്രഖ്യാപിച്ചിരുന്നു. വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം വാർത്താസമ്മേളത്തിന് എത്തിയത്. 10 ശതമാനം അടിസ്ഥാന തീരുവയാണ് ഉൽപന്നങ്ങൾക്കുമേൽ യു.എസ് ചുമത്തുന്നത്. 49 ശതമാനമാണ് യു.എസ് മറ്റ് രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന പരമാവധി തീരുവ. ചൈനക്കുമേൽ 34 ശതമാനവും യുറോപ്യൻ യൂണിയന് 20 ശതമാനവും ജപ്പാന് 24 ശതമാനവും ദക്ഷിണകൊറിയക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിട്ടുണ്ട്.