വാഷിംഗ്ടൺ: ചൈനീസ് പൗരന്മാരുമായുള്ള പ്രണയ, ലൈംഗിക ബന്ധങ്ങളിൽ ജീവനക്കാർക്ക് വിലക്കേർപ്പെടുത്തി യു.എസ്. ചൈനയിൽ പ്രവർത്തിക്കുന്ന യു.എസ് സർക്കാർ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ദൗത്യമുള്ള കോൺട്രാക്ടർമാർക്കുമാണ് യു.എസ് നിരോധനം ഏർപ്പെടുത്തിയത്.
വിഷയത്തിൽ നേരിട്ട് ബന്ധമുള്ള നാല് ഉദ്യോഗസ്ഥരാണ് ഇതുസംബന്ധിച്ച് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസിക്ക് വിവരം നൽകിയത്. സേവനം അവസാനിപ്പിച്ച് തിരിച്ചുപോകുന്ന ചൈനയിലെ യു.എസ് അംബാസഡർ നിക്കോളാസ് ബേൺസാണ് ജനുവരിയിൽ നിയന്ത്രണം കൊണ്ടുവന്നത്.
ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റ് ആയി ചുമതലയേൽക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണിത്. ചൈനീസ് പൗരന്മാരുമായി ദീർഘകാല ബന്ധമുള്ള ഉദ്യോഗസ്ഥർക്ക് ഇളവുകൾക്ക് അപേക്ഷിക്കാം. പക്ഷേ, ഇളവ് നിഷേധിക്കപ്പെട്ടാൽ ബന്ധം അവസാനിപ്പിക്കുകയോ ജോലി ഉപേക്ഷിക്കുകയോ ചെയ്യേണ്ടിവരും. നിലവിൽ മറ്റു രാജ്യങ്ങളിലെ ഉദ്യോഗസ്ഥർക്ക് യു.എസ് വിലക്കുകളൊന്നും ഏർപ്പെടുത്തിയിട്ടില്ല.
ചൈനക്കാരുമായി പ്രണയ -ലൈംഗിക ബന്ധം വേണ്ട; ജീവനക്കാരെ വിലക്കി യുഎസ്
