ന്യൂഡല്‍ഹി: 13 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു സോഷ്യല്‍ മീഡിയ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു. അത്തരം കാര്യങ്ങള്‍ സര്‍ക്കാരാണു തീരുമാനിക്കേണ്ടതെന്നു കോടതി പ്രസ്താവിച്ചു.
സെപ് ഫൗണ്ടേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്റര്‍നെറ്റ് ഉപയോഗവും കുട്ടികളുടെ സുരക്ഷയും സംബന്ധിച്ച നയപരമായ തീരുമാനങ്ങളെടുക്കേണ്ടത് സര്‍ക്കാരാണ്. അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കോടതിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നു ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, എ ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
ഇതു സംബന്ധിച്ച ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
അനിയന്ത്രിതമായ തോതിലുള്ള സോഷ്യല്‍ മീഡിയയുടെ ഉപയോഗം കൊച്ചുകുട്ടികളില്‍ ഉണ്ടാക്കുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ച് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അമിതമായി സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നതും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുമായുള്ള ഇടപെടലും ഉത്കണ്ഠ, വിഷാദം, ആസക്തി നിറഞ്ഞ പെരുമാറ്റം എന്നിവയുള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തുന്നതിനപ്പുറം കൗമാരക്കാരായ ഉപയോക്താക്കള്‍ക്കായി കൂടുതല്‍ ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.