കനേഡിയന്‍ തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമായി ബെലന്റ് മാത്യു

കനേഡിയന്‍ തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമായി ബെലന്റ് മാത്യു


ടൊറന്റോ:  മലയാളികള്‍ കനേഡിയന്‍ രാഷ്ട്രീയത്തില്‍ ഏറെ സജീവമായ കാലഘട്ടത്തില്‍ ഫെഡറല്‍ തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന് കുറിവീണ ഏക മലയാളിയാണ് ബെലന്റ് മാത്യു. സ്‌കാര്‍ബ്രോ സെന്റര്‍ഡോണ്‍വാലി ഈസ്റ്റ് റൈഡിങ്ങിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥിയാണ് ബെലന്റ്. മൂന്നു തവണയായി ലിബറല്‍ സ്ഥാനാര്‍ഥി ജയിച്ചുവരുന്ന റൈഡിങ് തിരിച്ചുപിടിക്കാനുള്ള ദൗത്യമാണ് ബെലന്റിനെ പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. ഏപ്രില്‍ 28ന് നടക്കാനിരിക്കുന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ അംഗീകൃത കക്ഷികളുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി രംഗത്തുള്ള ഏക മലയാളിയാണ്. കേരളത്തില്‍നിന്നു കുടിയേറിയവരില്‍നിന്ന് ഇതുവരെ ആരും പാര്‍ലമെന്റിലേക്ക് എത്തിയിട്ടില്ലാത്തതിനാല്‍ ബെലന്റിനിത് വിജയത്തിലേക്കു മാത്രമല്ല, ചരിത്രത്തിലേക്കുള്ള പോരാട്ടംകൂടിയാണ്.

പത്തു വര്‍ഷം കുവൈത്തില്‍ ജോലി ചെയ്തശേഷം പതിനേഴ്  വര്‍ഷം മുന്‍പാണ് കാനഡയിലേക്ക് കുടിയേറിയത്. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് വിദ്യാര്‍ഥിയായിരിക്കെ കലാലയ രാഷ്ട്രീയത്തിലുണ്ടായിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാകുന്നത് ഇവിടെവന്നശേഷമാണ്.  സ്റ്റീഫന്‍ ഹാര്‍പറിന്റെ പിന്‍ഗാമിയായി ആന്‍ഡ്രൂ ഷീര്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലെത്തിയതുമുതലാണ് ബെലന്റ് പാര്‍ട്ടിയില്‍ സജീവമായത്. എറിന്‍ ഒ ടൂള്‍ നേതാവായപ്പോള്‍ പ്രചാരണരംഗത്തുള്ളപ്പെടെ സജീവമായിരുന്ന ബെലന്റ് സ്ഥാനാര്‍ഥിയായി രംഗത്തെത്തുന്നത് ഇപ്പോഴത്തെ നേതാവ് പിയേര്‍ പൊളിയേവിന്റെ ടീമിലെ പ്രമുഖ മലയാളികളിലൊരാളായാണ്.

ക്രിക്കറ്റ് കളിക്കാരന്‍കൂടിയായ ബെലന്റ് ദുര്‍ഹം മലയാളി അസോസിയേഷന്റെ (ഡുമാസ്) പ്രസിഡന്റായിരുന്നു. ടൊറന്റോ മലയാളി സമാജം (ടി. എം. എസ്.) ജോയിന്റ്  എന്റര്‍ടെയ്ന്‍മെന്റ് കണ്‍വീനറും കനേഡിയന്‍ കൊച്ചിന്‍ കഌബ് അഡ്വൈസറി ബോര്‍ഡ് അംഗവുമായിരുന്നു. ഡുമാസ് പ്രസിഡന്റായിരിക്കെ സാല്‍വേഷന്‍ ആര്‍മി ഫുഡ് കലക്ഷന്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്നു.

ജസ്റ്റിന്‍ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിയാണ് ഏറെക്കാലമായി അധികാരത്തിലെന്നതിനാല്‍ ഭരണവിരുദ്ധവികാരം അലയടിക്കുമെന്ന കണക്കുകൂട്ടലിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.  ഇതിനിടെ ട്രൂഡോയെ മാറ്റി മാര്‍ക് കാര്‍ണിയെ നേതൃത്വത്തിലെത്തിച്ചതോടെ പോരാട്ടം കടുക്കുമെന്ന പ്രതീക്ഷയാണ് മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. എന്നാല്‍, കാര്‍ബണ്‍ നികുതിമൂലമുള്ള വിലക്കയറ്റവും കുറ്റകൃത്യങ്ങളുടെ വര്‍ധനയും തൊഴില്‍ഭവനമേഖലകളിലെ പ്രതിസന്ധിക്കള്‍ക്കുമൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന വെല്ലുവിളികളും തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയങ്ങളാണെന്നിരിക്കെ,  കനേഡിയന്‍ ജനത പെട്ടെന്ന് മനസ് മാറ്റില്ലെന്ന പ്രതീക്ഷയിലാണ് കണ്‍സര്‍വേറ്റീവ് പക്ഷക്കാര്‍.

കനേഡിയന്‍ തിരഞ്ഞെടുപ്പിലെ മലയാളി സാന്നിധ്യമായി ബെലന്റ് മാത്യു