താരിഫ് യുദ്ധത്തിൽ യു എസിന് ചൈനയുടെ 34 ശതമാനം അധിക നികുതി

താരിഫ് യുദ്ധത്തിൽ യു എസിന് ചൈനയുടെ 34 ശതമാനം അധിക നികുതി


ബീജിംഗ്: യു എസ് ഉത്പന്നങ്ങൾക്ക് 34 ശതമാനം അധിക നികുതി ഏർപ്പെടുത്താൻ ചൈന. അമേരിക്ക ചൈനീസ് ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതികൾ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. ഏപ്രിൽ 10 മുതൽ യു എസിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും 34 ശതമാനം അധിക നികുതി ഏർപ്പെടുത്തുമെന്നാണ് ചൈനയുടെ ധനമന്ത്രാലയം പ്രഖ്യാപിച്ചത്.


ചൈനീസ് വാണിജ്യമന്ത്രാലയം ഗാഡൊലിനിയം, ഇറ്റ്ട്രിയം ഉൾപ്പെടെ ഏഴ് അപൂർവ ധാതുക്കളുടെ കയറ്റുമതിയ്‌ക്ക് നിയന്ത്രണങ്ങളും ഏർപ്പെടുത്തി.


തങ്ങളുടെ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ "പ്രതികാരനടപടികൾ" സ്വീകരിക്കുമെന്ന് ചൈന പ്രഖ്യാപിച്ചു. കൂടാതെ, ഈ നികുതികൾക്കെതിരെ ലോക വ്യാപാര സംഘടനയിൽ കേസ് നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി.


യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആഴ്ച ലോകത്താകമാനമുള്ള ഇറക്കുമതികൾക്ക് 10 ശതമാനം നികുതി ഏർപ്പെടുത്തുകയും പ്രധാന വ്യാപാര പങ്കാളികൾക്ക് അതിലധികം കനത്ത നികുതികൾ ബാധകമാക്കുകയും ചെയ്തു.


ചൈന അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളിലൊന്നായതിനാൽ, ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം അധിക നികുതി പ്രഖ്യാപിച്ചത് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.