രണ്ടു കോടിയുടെ ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍

രണ്ടു കോടിയുടെ ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍


ചണ്ഡീഗഡ്: ബത്തിന്‍ഡയില്‍ 17.7 ഗ്രാം ഹെറോയിനുമായി പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. പൊലീസ് കോണ്‍സ്റ്റബിള്‍ അമന്‍ദീപ് കൗറാണ് പിടിയിലായത്. പിടിച്ചെടുത്ത ഹെറോയ്‌ന് രണ്ടു കോടി രൂപയുടെ മൂല്യമുണ്ടാകുമെന്നും ഇവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതായും പഞ്ചാബ് പൊലീസ് അറിയിച്ചു.

പഞ്ചാബ് സര്‍ക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ ദൗത്യമായ 'യുദ്ധ് നശേയന്‍ വിരുദ്'ന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന. ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധന നടത്തിയതില്‍ പെട്ടിയില്‍ ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ കണ്ടെത്തിയെന്നും ഉടനെ ഇവരെയും വാഹനവും കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും ഡി എസ് പി ഹര്‍ബന്‍സ് സിംഗ് പറഞ്ഞു. തുടര്‍ന്ന് സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ 'പൊലീസ് കൗര്‍ദീപ്' എന്ന പേരില്‍ അക്കൗണ്ടുള്ള അമന്‍ദീപ് കൗറിന്  ഇന്‍സ്റ്റഗ്രാമില്‍ 37,000 ത്തിലേറെ ഫോളോവേഴ്സുണ്ട്. ഇവരുടെ റീലുകള്‍ പലതും വൈറലാണ്. 27കാരിയായ അമന്‍ദീപ് യൂണിഫോം ധരിച്ച് ചെയ്ത പല വിഡിയോകളും പഞ്ചാബ് പൊലീസിന്റെ സ്റ്റിക്കര്‍ പതിച്ച എസ് യു വി ഥാര്‍ വാഹനവും നിരന്തരം വിവാദത്തിനിടയാക്കിയിരുന്നു.

1 ഓഡി, 2 ഇന്നോവ കാറുകള്‍, 1 ബുള്ളറ്റ്, 2 കോടി രൂപ വിലമതിക്കുന്ന ഒരു വീട്, 1 ലക്ഷം വിലവരുന്ന ഒരു വാച്ച് എന്നിവയുള്‍പ്പെടെ നിരവധി ആഡംബര വസ്തുക്കള്‍ കൗറിന്റെ ഉടമസ്ഥതയിലുണ്ടെന്നാണ് വിവരം. കൗറിന് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും ഇവരുടെ സ്വത്തു വിവരങ്ങളും മറ്റ് ഇടപാടുകളെക്കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.