വഖഫ് ഭേദഗതി നിയമം പാസായ സന്തോഷത്തില്‍ സുരേഷ് ഗോപി കൊരട്ടി പള്ളിയില്‍ പൂവന്‍കുല സമര്‍പ്പിച്ചു

വഖഫ് ഭേദഗതി നിയമം പാസായ സന്തോഷത്തില്‍ സുരേഷ് ഗോപി കൊരട്ടി പള്ളിയില്‍ പൂവന്‍കുല സമര്‍പ്പിച്ചു


തൃശ്ശൂര്‍: വഖഫ് ഭേദഗതി നിയമം പാസായതോടെ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേര്‍ച്ച സമര്‍പ്പിച്ചു. പൂവന്‍കുലയും പട്ടും മധുരപലഹാരങ്ങളും സുരേഷ് ഗോപി കൊരട്ടി മുത്തിക്കു മുന്നില്‍ സമര്‍പ്പിച്ചു. ഒക്ടോബറില്‍ കൊരട്ടി പള്ളി സന്ദര്‍ശിച്ചപ്പോള്‍ മുനമ്പത്തെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കുമെന്നും മുനമ്പം സന്ദര്‍ശിക്കുകയും സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വഖഫ് നിയമം വെള്ളിയാഴ്ച രാജ്യസഭയിലും പാസായതോടെ രാവിലെ ഡല്‍ഹിയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തി വെള്ളിയാഴ്ച രാവിലെ 9 മണിയോടെ നേരിട്ട് കൊരട്ടി പള്ളിയിലേക്ക് എത്തുകയായിരുന്നു.

പള്ളിയിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വികാരി ഫാദര്‍ ജോണ്‍സണ്‍ കക്കാട്ട്, സഹവികാരിമാരായ ഫാ. അമല്‍ ഓടനാട്ട്, ഫാദര്‍ ജിന്‍സ് ഞാണയിലും കൈകാരന്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. വൈദികന്‍ ശിരസില്‍ കൈ തൊട്ട് പ്രാര്‍ഥിച്ചതിന് ശേഷമാണ് സുരേഷ് ഗോപി പള്ളിയില്‍ നിന്നും മടങ്ങിയത്. സുരേഷ് ഗോപിക്ക് മാതാവിന്റെ ചെറിയൊരു രൂപവും വൈദികന്‍ സമ്മാനിച്ചു.

താന്‍ ഇനിയും കൊരട്ടിയില്‍ വരുമെന്നും മുനമ്പത്തെ സമരപങ്കാളികള്‍ക്ക് കൊരട്ടി മുത്തിയുടെ നടയില്‍ ഒരു നേരത്തെ ഭക്ഷണം കൊടുക്കണമെന്ന ആഗ്രഹമുണ്ടെന്നും അദ്ദേഹം അറിയിച്ചു. അതിന് വികാരി അദ്ദേഹത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു.