ബ്രസൽസ്: യുക്രെയ്ൻ വെടിനിർത്തൽ ചർച്ച റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ നീട്ടിക്കൊണ്ടുപോവുകയാണെന്ന് കുറ്റപ്പെടുത്തി ബ്രിട്ടനും ഫ്രാൻസും. വെടിനിർത്തൽ സംബന്ധിച്ച് യു.എസിന് മറുപടി നൽകാൻ റഷ്യ ബാധ്യസ്ഥരാണെന്നും ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റും പറഞ്ഞു.
യുദ്ധം 30 ദിവസത്തേക്ക് ഉടൻ പൂർണമായും നിർത്തിവെക്കണമെന്ന യു.എസ് നിർദേശം റഷ്യ തള്ളിയതിന് പിന്നാലെയാണ് ഇരുവരും നേറ്റോ ആസ്ഥാനത്ത് മാധ്യമങ്ങളോട് പ്രതികരിച്ചത്.
ആശയക്കുഴപ്പമുണ്ടാക്കി വെടിനിർത്തൽ ചർച്ച പുട്ടിൻ നീട്ടിക്കൊണ്ടുപോവുകയാണെന്ന് ലാമി പറഞ്ഞു. വെടിനിർത്തൽ ഉടമ്പടി അംഗീകരിക്കുമ്പോഴും യുക്രെയ്ൻ ജനതയുടെയും വൈദ്യുതി വിതരണ മേഖലയുടെയും മേൽ ബോംബിടുന്നത് റഷ്യ തുടരുകയാണെന്നും ലാമി വ്യക്തമാക്കി.
അതേസമയം, വെടിനിർത്തൽ വിഷയത്തിൽ ഉരുണ്ടുകളിക്കുന്ന പുട്ടിൻ യുദ്ധക്കുറ്റങ്ങൾ തുടരുകയാണെന്ന് ബാരറ്റ് കുറ്റപ്പെടുത്തി. 'അതേ അല്ലെങ്കിൽ ഇല്ല, റഷ്യ പെട്ടെന്ന് മറുപടി പറയണം' ബാരറ്റ് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ പുടിന് ഒരു ഉദ്ദേശവുമില്ലെന്നുപറഞ്ഞ ബാരറ്റ്, ഒരു വർഷത്തെ നിർബന്ധിത സൈനിക സേവനത്തിനായി 1.60 ലക്ഷം പേർക്ക് തിങ്കളാഴ്ച പുട്ടിൻ ഉത്തരവ് നൽകിയതായും ചൂണ്ടിക്കാട്ടി. ആയുധ, ഇന്റലിജൻസ് സേവനങ്ങൾ യു.എസ് അവസാനിപ്പിച്ചതിനെ തുടർന്ന് യുക്രെയ്‌ന്റെ സായുധ സേനയെ ശക്തിപ്പെടുത്താനുള്ള പദ്ധതിയിലാണ് ബ്രിട്ടനും ഫ്രാൻസും.
യുക്രെയ്ൻ വെടിനിർത്തൽ ചർച്ച പുട്ടിൻ നീട്ടിക്കൊണ്ടുപോകുന്നുവെന്ന് ബ്രിട്ടനും ഫ്രാൻസും
