ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിനെ കള്ളപ്പണാരോപണത്തിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിനെ  കള്ളപ്പണാരോപണത്തിൽ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


തനിക്കെതിരെ നടക്കുന്നത് നഗ്നമായ രാഷ്ട്രീയ വേട്ടയാടലെന്ന് ജഡ്ജ് ജോർജ്


ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജിനെതിരെ രണ്ട് കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച  അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.  എന്നാൽ,തനിക്കെതിരെ നടക്കുന്നത് നഗ്നമായ 'രാഷ്ട്രീയ വേട്ടയാടൽ" ആണെന്ന് ജഡ്ജ് ജോർജ് പ്രതികരിച്ചു.

കൗണ്ടിയിലെ ഉന്നത സ്ഥാനത്തിരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥനായ ജോർജിനെതിരെ "ക്രിമിനൽ പ്രവർത്തനം, അതായത് വയർ ഫ്രോഡ്", ഒരു തെരഞ്ഞെടുപ്പ് ഫണ്ടിംഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട്  "സർക്കാർ രേഖകളിൽ കൃത്രിമം കാട്ടി" എന്നീ രണ്ട് കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളതെന്ന് കുറ്റപത്രത്തിലെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുള്ള ഹ്യൂസ്റ്റൺ ക്രോണിക്കിൾ റിപ്പോർട്ട് പറഞ്ഞു.

കുറ്റാരോപണ പ്രകാരം, 2019 ജനുവരി 12 മുതൽ 2019 ഏപ്രിൽ 22 വരെ 30,000 മുതൽ 1,50,000 ഡോളർ വരെയുള്ള തുകയുടെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപിക്കുന്നു. 2019 ജനുവരി 1-നാണ് ജോർജ് കൗണ്ടി ജഡ്ജിയായി അധികാരമേറ്റത്.

എന്നാൽ, താൻ "തന്റെ സ്വകാര്യ പണം തെരഞ്ഞെടുപ്പ് ക്യാമ്പെയിന് വായ്പയായി നൽകുകയും അത് തിരികെ വാങ്ങുകയും മാത്രമാണ് ചെയ്തതെന്നും ഇത് നിയമാനുസൃതമായ പതിവുള്ള ഒരു നടപടിയാണെന്നും" വെള്ളിയാഴ്ച്ച പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ജോർജ് പറഞ്ഞു.

"ആധികാരികമായ വിവരങ്ങൾ വെളിപ്പെടുത്താതെയും സംഭവങ്ങളുടെ യഥാർത്ഥ പശ്ചാത്തലം മറച്ചുവച്ചുമാണ് തനിക്കെതിരെ ആരോപണങ്ങളുന്നയിച്ചിരിക്കുന്നതെന്നും ഇത് വ്യക്തമായും തന്റെ സൽപ്പേര് നശിപ്പിക്കാനും വ്യക്തിഹത്യ നടത്താനും ഉദ്ദേശിച്ചാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം, ഒരു റിപ്പബ്ലിക്കൻ എതിരാളിയുടെ പ്രതിച്ഛായ തകർക്കാൻ മുൻ ചീഫ് ഓഫ് സ്റ്റാഫ് തരൽ പട്ടേലിനൊപ്പം ചേർന്ന് വ്യാജ സോഷ്യൽ മീഡിയ പോസ്റ്റുകൾ സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ജോർജിനെതിരെ ആരോപണമുണ്ടായിരുന്നു. ജോർജിന്റെ അഭിഭാഷകൻ ചാഡ് ഡിക്ക് വെള്ളിയാഴ്ച ഈ വിഷയത്തിൽ പ്രതികരിക്കാനൊരുങ്ങിയില്ല.

ടെക്സാസ് നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുകയാണെങ്കിൽ ജോർജിന്  തിരഞ്ഞെടുക്കപ്പെട്ട പദവിയിൽ നിന്ന് പുറത്തുപോകേണ്ടി വരും.